അഹങ്കാരം, വാര്‍ദ്ധക്യം എന്നിവയൊക്കെ സിനിമയില്‍ അലങ്കാരമാക്കി ലോകമെമ്പാടുമുള്ള സിനിമാപ്രേമികളില്‍ ഒരുപോലെ ആവേശമുണര്‍ത്തിയ നടനാണ് ക്ലിന്റ് ഈസ്റ്റ് വുഡ്. ആറര പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍ണമായും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.
ക്യാമറയ്ക്കു മുന്‍പിലും പിന്നിലും ഒരുപോലെ വെടിപൊട്ടിച്ച ക്ലിന്റ് ഈസ്റ്റ് വുഡ് തന്റെ 93-ാം വയസ്സിലും ജൂറര്‍ നമ്പര്‍ 2 എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. ജോര്‍ജിയയിലെ സവന്നയില്‍ ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ നില്ക്കുന്ന ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം പ്രായത്തിനു കുറയ്ക്കാനാകുന്നില്ല.
25-ാം വയസ്സില്‍ അദ്ദേഹം നടനായി തുടങ്ങി, 41-ാം വയസ്സില്‍ സംവിധായകന്റെ ടൈറ്റിലിലേക്കു മാറി. തുടക്കം കൗബോയ് സിനിമകളില്‍ ആയിരുന്നെങ്കിലും അവയില്‍ മാത്രമായി ചുരുങ്ങുകയായിരുന്നില്ല അദ്ദേഹം. ക്രൈം, ആക്ഷന്‍, വാര്, ബയോഗ്രഫി, ഡ്രാമ, റൊമാന്‍സ്, സ്പോര്‍ട്സ്, കോമഡി തുടങ്ങി എല്ലാവിധ കണ്ടന്റുകളും സിനിമയില്‍ പരീക്ഷിച്ചു. സംവിധാനത്തിലും വ്യത്യസ്തനായിരുന്നു ഈസ്റ്റ് വുഡ്. ചിത്രീകരണം തുടങ്ങും മുന്‍പ് ആക്ഷന്‍ പറയുന്നതിനു പകരം ‘വെന്‍എവര്‍ യു ആര് റെഡി’ എന്നും കട്ട് എന്നതിനു പകരം ‘ഇനഫ് ഓഫ് ദാറ്റ് ഷിറ്റ്’ എന്നുമാണ് ഈസ്റ്റ് വുഡ് പറഞ്ഞിരുന്നതെന്നു കഥകള്‍.കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വാര്‍ണര്‍ ബ്രദേഴ്സാണ് ക്ലിന്റ് ഈസ്റ്റ് വുഡ് സിനിമകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഇന്‍വിക്റ്റസ്, അമേരിക്കന്‍ സ്നൈപ്പര്‍, സള്ളി, റിച്ചാര്‍ഡ് ജുവല്‍ തുടങ്ങിയ സിനിമകള്‍ ഓസ്കാര്‍ നാമനിര്‍ദേശം നേടുകയും ചെയ്തു.
നാല്പതോളം സിനിമകളിലെ നായക കഥാപാത്രം, 38 സിനിമകളുടെ സംവിധായകന്, കൂടാതെ ഒരുപിടി സിനിമകളുടെ നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവൃത്തിച്ചിട്ടുണ്ട്. നാല് ഓസ്കാറും നാല് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും മൂന്ന് സീസര്‍ അവാര്‍ഡുകളും എഎഫ്ഐ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡും ഈസ്റ്റ് വുഡിന്റെ അംഗീകാരങ്ങളില്‍ ഉള്‍പ്പെടുന്നു.
ഈസ്റ്റ് വുഡിന് കേരളത്തിലും ധാരാളം ആരാധകരുണ്ട്. മലയാള സിനിമയില്‍ ധാരാളം റെഫറന്‍സുകള്‍ ഈസ്റ്റ് വുഡിനെ കുറിച്ച് വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് രഞ്ജിത്തിന്റെ ബ്ലാക്കില്‍ മമ്മൂട്ടി ഞാനൊരു ക്ലിന്റ് ഈസ്റ്റ് വുഡ് ആരാധകനാണെന്ന് പറഞ്ഞ് ഗുഡ് ബാഡ് ആന്റ് അഗ്ലിയിലെ ബിജിഎമ്മിട്ട് നടന്ന് പോകുന്നതാണ്. രഞ്ജിത്തിന്റെ തന്നെ പ്രജാപതിയിലും മമ്മൂട്ടി ഈസ്റ്റ് വുഡിന്റെ ഡയലോഗ് ഉദ്ധരിക്കുന്നുണ്ട്. അതുപോലെ തന്നെ സാക്ഷാല്‍ എംടി – ഭരതന് ടീമിന്റെ ചിത്രമായ താഴ്വാരത്തിന്റെ ആഖ്യാനരീതിയും ദൃശ്യങ്ങളും ക്ലിന്റ് ഈസ്റ്റ് വുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്.
90 പിന്നിട്ടിട്ടും സിനിമയില്‍നിന്ന് ഈസ്റ്റ് വുഡിന് വിശ്രമമില്ല. 40 വയസ്സ് കഴിഞ്ഞാല്‍ വാര്‍ദ്ധക്യ പെന്ഷന് അപേക്ഷിക്കുന്ന മലയാള സിനിമ നടന്മാരുടെയും സംവിധായകരുടെയും മുന്നില്‍ ഒരു അത്ഭുതമാണ് ക്ലിന്റ് ഈസ്റ്റ് വുഡ്. ലോകം മുഴുവനുള്ള സിനിമാപ്രേമികള്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ കാഞ്ചിമുനയില് ഇപ്പോഴും കണ്ണുകൂര്‍പ്പിച്ചിരിക്കുന്നു.
Recent Comments