‘ഇരുപത് വര്‍ഷത്തെ എന്റെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്. എണ്ണമറ്റ പരസ്യചിത്രങ്ങളുടെ ക്യാമറാമാനായി തുടരുമ്പോഴും ആ ലക്ഷ്യത്തിന് പിറകെയായിരുന്നു ഞാന്‍. ഇത്തവണയാണ് എനിക്കതിന് സാധിച്ചത്. ലോകപ്രശസ്തമായ സ്ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ഒരു ചലച്ചിത്രമയക്കാന് കഴിഞ്ഞു. എന്നുമാത്രമല്ല, മികച്ച 25 ചിത്രങ്ങളിലൊന്നായി അത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനേക്കാളും സന്തോഷകരമായ നിമിഷം എന്റെ ജീവിതത്തില്‍ ഉണ്ടാകാനിടയില്ല.’ C/o 56APO എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ അനൂപ് ഉമ്മന്‍ കാന്‍ ചാനലിനോട് പറഞ്ഞു.
‘ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ് ലണ്ടനില്‍ നടക്കുന്ന സ്ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവല്‍. ഒരു റോള്‍ 8MM ഫിലിമില്‍ വേണം ചിത്രം ഷൂട്ട് ചെയ്യാന്‍. ആകെ മൂന്ന് മിനിറ്റ് 20 സെക്കന്റാണ് ദൈര്‍ഘ്യം. ഈ സമയത്തിലൊതുങ്ങുന്ന ഏത് വിഷയവും നമുക്ക് അവതരിപ്പിക്കാം. എഡിറ്റിംഗോ റീടേക്കുകളോ പാടില്ല. ലീനിയര്‍ രീതിയില്‍വേണം ചിത്രീകരിക്കാന്‍. ലീനിയര്‍ എന്നാല്‍ സീന്‍ ഓര്‍ഡറില്‍ ഷൂട്ട് ചെയ്യുക എന്നതാണ്. എന്നിട്ട് ആ ഫിലിംറോള്‍ മാത്രം അവര്‍ക്ക് അയച്ചുകൊടുക്കണം. പ്രോസസ്സിംഗ് ഒക്കെ ചെയ്യുന്നത് ഫെസ്റ്റിവല്‍ കമ്മിറ്റിയാണ്. നമ്മള് അയച്ചുകൊടുക്കുന്ന സൗണ്ട് ട്രാക്കും അവര്‍തന്നെ മിക്സ് ചെയ്യും. എന്നിട് ജൂറി ആ സിനിമ കാണും. പ്രശസ്ത ഫിലിം മേക്കര്‍ ആസിഫ് കപാഡിയയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്മാന്. ഏഴ് രാജ്യങ്ങളില്‍നിന്ന് 150 എന്‍ട്രികളാണ് ലഭിച്ചത്. അതില്‍നിന്നാണ് എന്റെ ചിത്രം C/o 56APO മികച്ച 25 ചിത്രങ്ങളില്‍ ഒന്നായത്.’ അനൂപ് ഉമ്മന്‍ തുടര്‍ന്നു.
’56APO എന്നാല്‍ പട്ടാളക്കാരുടെ പോസ്റ്റ് ഓഫീസ് നമ്പറാണ്. അവിടെനിന്ന് ഒരു പട്ടാളക്കാരന്റെ കത്ത് പ്രതീക്ഷിച്ചിരിക്കുന്ന നവവധുവിന്റെ കഥയാണ് C/o 56APO. പട്ടാളക്കാരനായി സംവിധായകന് ആഷിക്ക് അബുവും അദ്ദേഹത്തിന്റെ ഭാര്യയായി മൈഥിലിയും അഭിനയിക്കുന്നു. സജ്ജാദ് ബ്രൈറ്റ്, എലിയാസ് കത്തവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം 2022 ഒക്ടോബര്‍ 22 ന് ലണ്ടനിലെ സൗത്ത് ബാങ്കിലുള്ള BFINFT1 തീയേറ്ററില്‍ നടക്കും. അന്ന് മാത്രമാണ് ഞാനുള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ക്ക് ആ ചിത്രം കാണാന്‍ കഴിയുന്നത്. ബോധി സൈലന്റ് സ്കേപ്പ് അനൂപ് കളക്ഷന്‍ മൂവിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.’ അനൂപ് ഉമ്മന്‍ പറഞ്ഞു.
Recent Comments