വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിയന്‍പിള്ള രാജുവും കൊച്ചിന് ഹനീഫയും സിനിമയില്‍ അവസരം തേടി നടക്കുന്ന സമയം. മദ്രാസിലെ സ്വാമീസ് ലോഡ്ജില്‍ ദാരിദ്ര്യത്തോടെ കഴിയുകയാണ് അവരടങ്ങുന്ന സംഘം. ഒരു ദിവസം വിശന്നു വലഞ്ഞ മണിയന്‍പിള്ള രാജുവിനെ കണ്ട കൊച്ചിന് ഹനീഫ ഖുറാനുള്ളില്‍ പൈസ സൂക്ഷിച്ചിരുന്ന അവശേഷിച്ച 10 രൂപ തപ്പിയെടുത്തു കൊടുത്തു. മണിയന്‍പിള്ള രാജു ഭക്ഷണം കഴിച്ചിട്ട് തിരിച്ചു വന്നു. അന്ന് രാത്രിയായിട്ടും കൊച്ചിന് ഹനീഫ ഭക്ഷണം കഴിക്കാന്‍ പോകാതിരുന്നപ്പോഴാണ് മണിയന്‍പിള്ള രാജു തിരിച്ചറിയുന്നത്, കൊച്ചിന് ഹനീഫ ഭക്ഷണം കഴിക്കാന്‍ വെച്ച അവസാന രൂപയായിരുന്നു അതെന്ന്.
കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞ അനുഭവമാണിത്. ഈ അനുഭവം മാത്രം മതി ഹനീഫ എന്ന മനുഷ്യസ്നേഹിയായ കലാകാരനെ അടയാളപ്പെടുത്താന്‍. മലയാളത്തിന്റെ സ്വന്തം കൊച്ചിന് ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് 14 വര്‍ഷങ്ങള്‍ തികയുന്നു. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന് ഹനീഫയ്ക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിയേകിയത്.
കലാജീവിതത്തിന്റെ തുടക്കം മിമിക്രിയില്‍ നിന്നായിരുന്നു. മഹാരാജാസില്‍ പഠിക്കുമ്പോള്‍ തന്നെ ശിവാജി ഗണേശനെയും സത്യനെയും ഉമ്മറിനെയും ഒക്കെ അനുകരിച്ച് കയ്യടി നേടിയിരുന്നു. കൊച്ചിന് കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെയാണ് ‘സലിം അഹമ്മദ് ഘോഷ്’ കൊച്ചിന് ഹനീഫയാകുന്നത്. പിന്നീട് ഹനീഫയുടെ നാടകങ്ങളിലെ അഭിനയം കണ്ട് ആരാധകനായി മാറിയ ഒരാളായിരുന്നു താനെന്ന് പഠിക്കുന്ന കാലത്തെ അനുസ്മരിച്ച് മമ്മൂട്ടി ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
1970 ല്‍ പുറത്തിറങ്ങിയ അഷ്ടവക്രന് എന്ന സിനിമയിലൂടെയാണ് അഭ്രപാളിയിലേക്കെത്തുന്നത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമയില്‍ അഭിനയം തുടങ്ങിയത്. ബലാല്‍സംഗവും കള്ളക്കടത്തും കോട്ടും സ്യൂട്ടും ഒക്കെ തന്നെയായിരുന്നു ഹനീഫയ്ക്കും ആദ്യമൊക്കെ കിട്ടിയത്. മാമാങ്കം, അന്വേഷണം, മൂര്‍ഖന്‍, രക്തം, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി.
കുറച്ചുകാലം തമിഴില്‍ സംവിധായകനും തിരക്കഥാകൃത്തുമായി.തമിഴില്‍ ഹനീഫ അറിയപ്പെട്ടിരുന്നത് ‘വി എം സി ഹനീഫ’ എന്നായിരുന്നു. മഹാനദി പോലെ ഏറെ ജനപ്രീതി നേടിയ ചിത്രത്തിലൂടെ മികച്ച കഥാപാത്രമായി തമിഴില്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തി. കമല്ഹാസന്, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ മാത്രമല്ല കരുണാനിധിയും ജയലളിതയും അടക്കമുള്ളവര്‍ കൊച്ചിന് ഹനീഫ എന്ന വ്യക്തിയുടെ സൗഹൃദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്ചിന് ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു. വലിയ തടി കാണിച്ച് പേടിപ്പെടുത്തുകയും ഉള്ളില്‍ ഭയവും നിഷ്കളങ്കതയുമാണെന്ന് ബോധ്യപ്പെടുത്തി തരുകയും ചെയ്ത വേഷങ്ങളായി അവയെല്ലാം .കിരീടത്തിലെ ഹൈദ്രോസ് ആയിരുന്നു അതില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. അതുപോലെ തന്നെ പഞ്ചാബി ഹൗസിലെ ബോട്ടു മുതലാളിയും, മാന്നാര്‍ മത്തായി സ്പീക്കിംഗിലെ എല്‍ദോയും പുലിവാല് കല്യാണത്തിലെ ടാക്സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും ഒക്കെ കൊച്ചിന് ഹനീഫയുടെ കയ്യൊപ്പുവീണ കഥാപാത്രങ്ങളാണ്.
ഒരു സന്ദേശം കൂടി എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തില്‍ ഹനീഫ അരങ്ങേറ്റം കുറിച്ചത്. രണ്ടാമത്തെ ചിത്രമായ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഹനീഫയുടെ സംവിധാന മികവ് തെളിയിച്ചത്. ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് ഹനീഫ സംവിധാനം ചെയ്തതില്‍ ഭൂരിഭാഗവും. ഒരു ഇടവേളയ്ക്കുശേഷം മമ്മൂട്ടിയെ നായകനാക്കി ഹനീഫ സംവിധാനം ചെയ്ത ചിത്രമാണ് വാത്സല്യം. ആ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഫാമിലി ഹിറ്റായി മാറി.
തടി കൊണ്ട് രൂപപ്പെട്ട ശൈലിയെ ഇത്തരത്തില്‍ മാത്രം ഉപയോഗപ്പെടുത്തിയില്ലായിരുന്നെങ്കില്‍ മറ്റൊരു ശൈലിയിലുള്ള ഹനീഫയെ നമുക്ക് കാണാമായിരുന്നു. അത്തരത്തിലുള്ള സൂത്രധാരന്‍, കണ്ണകി അടക്കമുള്ള ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകള്‍ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ 2001 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡിനു ഹനീഫ അര്‍ഹനായി.
പോലീസ്-ഗുണ്ടാ വേഷങ്ങളും അതിലെ മണ്ടത്തരങ്ങളും ടിപ്പിക്കല്‍ ബഫൂണ്‍ വേഷങ്ങളും എന്നുവേണ്ട തന്നെ തേടിവരുന്ന ഏത് വേഷത്തോടും ഒരു നടന്റെ സത്യസന്ധതയോടെ ഭംഗിയാക്കി വെച്ച് കൊച്ചിന് ഹനീഫ വിടവാങ്ങി. അരങ്ങൊഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആശാനേ എന്ന നീട്ടിയുള്ള വിളി പ്രേക്ഷകരുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു.
Recent Comments