റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണ നിയമവിരുദ്ധമായി ഒരു കോടിയോളം രൂപയുടെ പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻ പുരക്കൽ. ഫേസ് ബുക്കിലൂടെയും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയുമാണ് ഈ ആരോപണം ഉന്നയിച്ചത്. ഒരു മാസത്തിനു മുമ്പ് വലിയൊരു സംഭവം പുറത്ത് വിടുമെന്ന് ജോമോൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു ജോമോന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ജോമോൻ പുത്തൻ പുരക്കലിന്റെ വെളിപ്പെടുത്തൽ ഇങ്ങനെയാണ്.
“കൊലക്കേസിൽ പ്രതിയായ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയെ ജീവപര്യന്തം കഠിന തടവിന് എറണാകുളം സി.ബി.ഐ കോടതി 2010 ഒക്ടോബർ 28 ന് ശിക്ഷിച്ചിരുന്നു.
അന്നുമുതൽ ഇതുവരെ പതിനാലു വർഷമായി ഒരു മാസം പോലും മുടങ്ങാതെ 90,42,600 ലക്ഷം രൂപ (1 കോടിയോളം) പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവരാവകാശ നിയമപ്രകാരം എനിക്ക് രേഖകൾ ലഭിച്ചു. കെ. ലക്ഷ്മണ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ എല്ലാ മാസവും മുടങ്ങാതെ പെൻഷൻ വാങ്ങിക്കുന്നുണ്ടായിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
1994 ൽ ജൂൺ മാസം മുതലാണ് ലക്ഷ്മണ പെൻഷൻ വാങ്ങിക്കുവാൻ തുടങ്ങിയത്. 2010 ഒക്ടോബർ 28 നാണ് സി.ബി.ഐ കോടതി ലക്ഷ്മണയെ കഠിനതടവിന് ശിക്ഷിച്ചത്. 2011 ജൂൺ 14 ന് ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയും ജീവപര്യന്തം ശിക്ഷ ശരിവച്ചിരുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി കെ. ലക്ഷ്മണ കഴിഞ്ഞ 14 വർഷമായി പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്.
ലക്ഷ്മണയുടെ ഒരു മാസത്തെ പെൻഷൻ 53,825 രൂപയാണ്. ലക്ഷ്മണ തിരുവനന്തപുരത്ത് കവടിയാർ ശ്രീവിലാസ് ലൈനിലെ വീട്ടിലാണ് താമസിച്ചുവരുന്നത്. ഇവിടെ വർഷങ്ങളായിട്ട് രണ്ട് പോലീസുകാർ സംരക്ഷണം നൽകിവരികയാണ്. ലക്ഷ്മണയുടെ വീട്ടു ജോലികളെല്ലാം ചെയ്യുന്നത് പോലീസുകാരാണ്. റിട്ടയേർഡ് ഡി.ജി.പി. ക്കു പോലും ഒരു പോലീസുകാരൻ സംരക്ഷണം ഇല്ലാത്തിടത്ത് കോടതി ശിക്ഷിച്ച ലക്ഷ്മണയ്ക്ക് നിയമവിരുദ്ധമായി പോലീസുകാരെ സഹായത്തിന് വച്ചിരിക്കുകയാണ്. ”
സിസ്റ്റർ അഭയ കൊലകേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചതിനെ തുടർന്ന് ഫാ. കോട്ടൂർ കോളേജ് പ്രൊഫസർ എന്ന നിലയിൽ പെൻഷൻ വാങ്ങിക്കുന്നത് സംസ്ഥാന ധനകാര്യവകുപ്പ് (പെൻഷൻ-ബി) തടഞ്ഞിരുന്നു. എന്നിട്ടും റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് ഇതു ബാധകമല്ലേ എന്നാണ് ആക്ഷേപം ഉയരുന്നതെന്നാണ് ജോമോൻ ചൂണ്ടിക്കാട്ടുന്നത് .സുപ്രീം കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിട്ടും മൂന്നുവർഷമാണ് ജയിലിൽ കിടന്നതെന്നും ജോമോൻ പറഞ്ഞു .
ഇതുസംബന്ധിച്ച് ഉടനെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ജോമോൻ ക്യാൻ ചാനൽ മീഡിയയോട് വ്യക്തമാക്കി. അഭിഭാഷകയായ സംഗീത ലക്ഷ്മണൻ ഐ.ജി. കെ. ലക്ഷ്മണയുടെ മകളാണ്
Recent Comments