ബാഹുബലി, മഗാധീര, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ, തിരുടാ തിരുടി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വ്വഹിച്ച ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. 72 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഈ മാസം ആദ്യം മുതല്‍ ഹൈദ്രബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
മാസ്റ്ററിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി, ഡയറക്ടര്‍ എസ്എസ് രാജമൗലി, നടന് സോനു സൂദ്, പ്രഭുദേവ, ഖുശ്ബു സുന്ദര്‍ അടക്കം പ്രമുഖര്‍ രംഗത്ത് എത്തി.
‘പ്രശസ്ത കൊറിയോഗ്രാഫര്‍ ശങ്കര്‍ മാസ്റ്റര്‍ വിടവാങ്ങി എന്ന് അറിഞ്ഞതില്‍ വളരെ ദുഃഖം തോന്നുന്നു. മഗാധീരയില് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തത് അവിസ്മരണീയമായ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു’. രാജമൗലി കുറിച്ചു.
എണ്ണൂറോളം സിനിമകള്‍ക്ക് അദ്ദേഹം നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്. സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം, തെലുങ്ക് പടമായ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സാമ്പത്തികബാധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം നടന്മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.
‘ഹൃദയഭേദകം ശിവശങ്കര്‍ മാസ്റ്റര്‍ജിയുടെ വിയോഗം. അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്താന്‍ ഞങ്ങള്‍ പലതും ശ്രമിച്ചു. പക്ഷേ ദൈവത്തിന് മറ്റു പദ്ധതികള്‍ ഉണ്ടായിരുന്നു. അങ്ങയുടെ കുടുംബത്തിന് ഈ വിയോഗം താങ്ങാന്‍ കരുത്ത് ഉണ്ടാകട്ടെ. സിനിമ അങ്ങയെ മിസ്സ് ചെയ്യും സര്’ സോനു സൂദ് ട്വിറ്ററില്‍ കുറിച്ചു.
Recent Comments