സിബിഐയുടെ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് തീരാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കേ ഉയര്‍ന്നിരിക്കുന്ന പുതിയ വിവാദം ചിത്രത്തിന്റെ തീം മ്യൂസിക്കിന്റെ പിതൃത്വത്തെചൊല്ലിയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ എസ്.എന്‍. സ്വാമി പണ്ടെങ്ങോ നല്കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് ചിലര്‍ ബോധപൂര്‍വ്വം വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ആ വിവാദത്തിന്റെ ചുരുക്കം ഇതാണ്. സിബിഐയുടെ തീംമ്യൂസിക് ഒരുക്കിയത് സംഗീത സംവിധായകന് ശ്യാം അല്ല, എ.ആര്. റഹ്മാന് എന്ന പേരില്‍ പില്ക്കാലത്ത് പ്രശസ്തനായിത്തീര്‍ന്ന ദിലീപാണത്രെ. അഭിമുഖത്തില്‍ സ്വാമി അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് ഈ വിവാദങ്ങള്‍ ഉയര്‍ത്തിയവര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയാനാണ് സ്വാമിയെ നേരിട്ട് വിളിച്ചത്. വിവാദങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്തന്നെ സ്വാമി പറഞ്ഞു.
‘ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു. ഇത്തരം വിവാദങ്ങള്‍തന്നെ അനാവശ്യമാണ്. പണ്ട് ഞാന്‍ നല്കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് അവര്‍ ഇല്ലാക്കഥകള്‍ മെനയുന്നത്. ഞാനന്ന് പറഞ്ഞ വാക്കുകളില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു.’ സ്വാമി തുടര്‍ന്നു.
‘ഞാനും മമ്മൂട്ടിയും കൂടിയാണ് ശ്യാമിനെ ചെന്നൈയിലുള്ള സ്റ്റുഡിയോയില്‍ പോയി കണ്ടത്. അന്ന് അവിടെവച്ച് ശ്യാം പറഞ്ഞിട്ട്, തീം മ്യൂസിക് ഞങ്ങളെ വായിച്ച് കേള്‍പ്പിച്ചത് ദിലീപായിരുന്നു. ദിലീപ് അന്ന് അദ്ദേഹത്തിന്റെ കീബോര്‍ഡ് പ്ലെയററാണ്. അദ്ദേഹത്തിന്റെ കീബോര്‍ഡില്‍ തന്നെയായിരുന്നു ഞങ്ങളെ അത് വായിച്ചു കേള്‍പ്പിച്ചതും. അതിനര്‍ത്ഥം തീംമ്യൂസിക് സൃഷ്ടിച്ചത് ദിലീപാണെന്നാണോ? ഈ വിവാദങ്ങള്‍ അനാവശ്യമാണ്. അതിന് പിറകെ പോയി എന്തിന് വെറുതെ സമയം കളയണം. ഇന്ത്യന്‍സിനിമ കണ്ട എക്കാലത്തെയും മികച്ച സംഗീതപ്രതിഭകളിലൊരാളാണ് ശ്യാംജി. അദ്ദേഹത്തെ മോശപ്പെടുത്തുന്ന തരത്തിലുള്ള ഒരു ശ്രമങ്ങളും നല്ലതല്ല. അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും.’ സ്വാമി പറഞ്ഞുനിര്‍ത്തി.
Recent Comments