തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്നറിയപ്പെടുന്ന സിനിമാ നിരൂപകന് ബ്ലൂഷര്‍ട്ട് സി. ഇളമാരന്‍. തന്റെ യുട്യൂബ് ചാനലിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കെതിരെ തമിഴ് സിനിമാ ലോകം ഒന്നടങ്കം മാരനെതിരെ പ്രതിഷേധിക്കയും പ്രതികരിക്കയും ചെയ്തിട്ടുണ്ട്. എങ്കിലും മാരന് തന്റെ നയം മാറ്റിയിട്ടില്ല. സിനിമയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതേ സമയം നല്ല സിനിമകളെ പ്രശംസിക്കാനും മടിക്കാറില്ല. ഇളമാരന്റെ വിമര്‍ശനങ്ങളില്‍ പൊറുതിമുട്ടിയ സിനിമാലോകം അദ്ദേഹത്തെ വെല്ലു വിളിച്ചത്, ‘കഴിയുമെങ്കില്‍ ഒരു സിനിമ എടുത്ത് കാണിക്കൂ’ എന്ന് പറഞ്ഞുകൊണ്ടാണ്. ബ്ലൂ സട്ടൈ ആ വെല്ലുവിളി സ്വീകരിച്ചു. അതിന്റെ ഫലമായി പിറവി കൊണ്ട സിനിമയാണ് മാരന്റെ ‘ആന്റി ഇന്ത്യന്‍’.
മാരന് തന്നെയാണ് ചിത്രത്തിലെ ബാഷാ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമകാലീന രാഷ്ട്രീയത്തേയും സിനിമയേയും ഒരു പോലെ ആക്ഷേപിക്കുന്ന ‘ആന്റി ഇന്ത്യന്‍’ തുടക്കം മുതലേ വിവാദങ്ങളുടെ കയത്തിലാണ്. ചിത്രത്തിന്റെ പരസ്യം തന്നെ സെന്‍സേഷനായിരുന്നു. മാരന്റെ ചിത്രം വെച്ച് ‘ആദരാഞ്ജലി’ എന്ന തലക്കെട്ടോടെയാണ് ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. അതിനുപിന്നാലെ പുറത്തിറക്കിയ ടീസറും, ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചു. കൊല ചെയ്യപ്പെട്ട ഒരു മൃതദേഹത്തിന് അവകാശം ഉന്നയിച്ച് കൊണ്ട് മത-രാഷ്ട്രീയ സംഘടനകള്‍ നടത്തുന്ന വടംവലിയാണ് സിനിമയുടെ പശ്ചാത്തലം. മൃതദേഹം തന്നെ കഥാപാത്രമാകുന്ന സിനിമ.സൂപ്പര്‍ താരം മുതല്‍ ദേശീയ-പ്രാദേശിക രാഷ്ട്രീയത്തെ വരെ നിശിതമായി വിമര്‍ശിച്ച് കൊണ്ടുള്ള സറ്റയറാണ് ചിത്രം എന്ന് ട്രെയിലര്‍ സൂചന നല്കുന്നു. രാധാ രവി, ആടുകളം നരേന്, സുരേഷ് ചക്രവര്‍ത്തി, ‘വഴക്ക് എണ്’ മുത്തു രാമന് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആദം ബാവയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വാര്‍ത്താപ്രചരണം സി.കെ. അജയ് കുമാര്‍.
Recent Comments