യുവതിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ എം മുകേഷിനു വിലക്ക് ഏർപ്പെടുത്താൻ സി പിഎം തീരുമാനിച്ചതായി സൂചന .മാർച്ച് ആറു മുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു പരിപാടികളിലും എം മുകേഷിനു പങ്കാളിത്തം നൽകില്ല.മുകേഷ് സിപിഎം സ്വതന്ത്രനായാണ് കൊല്ലത്ത് മത്സരിച്ചു വിജയിച്ചത് .ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ കൈവശമുള്ളപ്പോഴാണ് കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ ആർഎസ്പിയുടെ പ്രേമചന്ദ്രനെതിരെ മുകേഷിനെ സിപിഎം മത്സരിപ്പിച്ചത് .
ആലുവ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തുകയുണ്ടായി .തുടർന്ന് മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ചർച്ചകൾ വ്യാപകമായി .ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഗോവിന്ദൻ പറഞ്ഞത് കോടതി ശിക്ഷിച്ചിട്ടില്ലല്ലോ എന്നായിരുന്നു.കോടതി ശിക്ഷിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കാതെ തന്നെ നഷ്ടപ്പെടും .
സിപിഎം നേതാക്കളിൽ പലരും മുകേഷിന്റെ രാജിയെക്കുറിച്ച് പറഞ്ഞത് അക്കാര്യം മുകേഷ് തന്നെ തീരുമാനിക്കട്ടെ എന്നാണ് .അതേസമയം പെരുമ്പാവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു യുവതി പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഈ എംഎൽഎ ഒളിവിൽ പോവുകയും പിന്നീട് പോലീസിൽ കീഴടങ്ങുകയും അറസ്റ്റിലാവുകയും ജാമ്യം കിട്ടുകയും ചെയ്തപ്പോൾ എൽദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്ത രാഷ്ട്രീയ പാർട്ടിയാണ് സിപിഎം.മുകേഷിനെതിരെ യുവതിയുടെ പരാതിയിൽ തെളിവുണ്ടായിട്ടും രാജി ആവശ്യമില്ലെന്ന നിലപാടാണ് സിപിഎമ്മിന്റേത് .
Recent Comments