മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പെൺമക്കളുടെ ഹർജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു.
മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെ ചോദ്യം ചെയ്ത് ലോറന്‍സിന്റെ പെണ്മക്കളായ ആശ ലോറന്‍സ്, സുജാത ബോബന് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ലോറൻസിന്റെ മൃതശരീരം പഠനാവശ്യത്തിന് കൈമാറരുതെന്നും പള്ളിയിൽ അടക്കം ചെയ്യണമെന്നുമാണ് പെൺമക്കളുടെ ആവശ്യം. എന്നാൽ, മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്നതാണ് എം.എം.ലോറന്‍സ് പ്രകടിപ്പിച്ച ആഗ്രഹമെന്ന് മകന് എം.എല്‍. സജീവന് ഹൈക്കോടതിയെ അറിയിച്ചു. അനാട്ടമി നിയമപ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചാണ് മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റെടുത്തതെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.
ലോറൻസിന്റെ ഭൗതീകശരീരം മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ് സമർപ്പിച്ച ഹർജി തീർപ്പാക്കും വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു ഹൈക്കോടതി നിർദേശം നൽകിയത്. കോടതി നിർദേശത്തെ തുടർന്ന് ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഫോര്‍മാലിനില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം ഈ വിഷയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. മക്കളും കോടതിയും തീരുമാനിക്കട്ടെയെന്നാണ് പാർട്ടി നിലപാട്. പെണ്മക്കള് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Recent Comments