കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണിത്. ശക്തമായ കാറ്റോടെ ഇടത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടി മിന്നലിന് സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ മെയ് 25 മുതല്‍ 27 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചുയെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നു. അതിനാല്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി (severe cyclonic storm) മാറി അര്‍ധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാള്‍-തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Recent Comments