നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ഇരുളിന്റെ ഷൂട്ടിംഗ് കുറ്റിക്കാനത്ത് ആരംഭിച്ചു. ഫഹദ് ഫാസിലും സൗബിന് ഷാഹിറും ദര്‍ശനാരാജേന്ദ്രനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്.
35 ദിവസത്തോളം നീളുന്ന ഷൂട്ടിംഗിന്റെ പ്രധാന ലൊക്കേഷനും കുറ്റിക്കാനമാണ്.
ജന്മംകൊണ്ട് മലയാളിയാണ് നസീഫ് യൂസഫ് എങ്കിലും ഇപ്പോള്‍ മുംബയിലാണ് സ്ഥിരതാമസം. റെയ്സ്, ഹാപ്പി ന്യൂ ഇയര്‍, കൈ പോ ഛെ, ന്യൂട്ടണ്‍ തുടങ്ങിയ പ്രശസ്തമായ ബോളിവുഡ് ചിത്രങ്ങളുടെ അണിയറയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച പരിചയമുണ്ട് നസീഫ് യൂസഫ് ഇസുദ്ദീന്‍.
ക്യാമറാമാന് ജോമോന് ടി. ജോണുമായുള്ള സൗഹൃദമാണ് നസീഫിനെ മലയാളസിനിമയില്‍ എത്തിച്ചത്.
ഒരിക്കല്‍ ജോമോനോട് നസീഫ് ഒരു കഥ പറഞ്ഞു. വളരെ അസാധാരണത്വം നിറഞ്ഞ ആ കഥ ജോണിന് ഇഷ്ടമായി. പിന്നീട് അതിനുമേല്‍ നിരവധി ചര്‍ച്ചകളും തിരുത്തലുകളും നടന്നു. അതിനുശേഷമാണ് നസീഫ് കഥ പറയാന്‍ ഫഹദിന്റെ അടുക്കല്‍ എത്തുന്നത്. ഫഹദിന് പുറമേ സൗബിനും സമ്മതം മൂളിയതോടെ ഇരുള് യാഥാര്ത്ഥ്യമാവൂകയായിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് ഇരുള് നിര്‍മ്മിക്കുന്നത്.
ജോമോന് ടി. ജോണും എഡിറ്റര്‍ ഷമീര്‍ മുഹമ്മദുമാണ് പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ഉടമസ്ഥര്‍. അവര്‍ തന്നെയാണ് യഥാക്രമം ഇരുളിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നതും എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നതും.
ബാദുഷയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. റോണക്സ് മേക്കപ്പും മഷര്‍ ഹംസ വസ്ത്രാലങ്കാരവും അജയന് ചാലിശ്ശേരി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. തീയേറ്റര്‍ പ്രദര്‍ശനം മുന്നില്‍ കണ്ടുകൊണ്ടാണ് ഇരുള് അണിയറയില്‍ ഒരുങ്ങുന്നതും.
Recent Comments