അച്ഛനും മകളുമുള്ള അഭിമുഖങ്ങളില്‍ അവര്‍ പതിവായി അഭിമുഖീകരിക്കുന്ന ചോദ്യങ്ങളിലൊന്ന്, അച്ഛന്റെ തിരക്കഥയില്‍ ഇനി എപ്പോള്‍ മകള്‍ അഭിനയിക്കും എന്നായിരുന്നു. അതിന് ഉത്തരമുണ്ടായിരിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ അദ്ദേഹത്തിന്റെ മകള്‍ കൂടിയായ അന്നാ ബെന്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ പൂജ തൊട്ടുമുമ്പ് വല്ലാര്‍പാടം പള്ളിയില്‍ കഴിഞ്ഞു. ഇനി ഒരുപക്ഷേ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നുകൂടിയാണിത്. കാരണം ഇതാദ്യമായിട്ടാണ് അച്ഛന് തിരക്കഥയെഴുതുന്ന ഒരു ചിത്രത്തില്‍ മകള്‍ അഭിനയിക്കുന്നത്.
അഞ്ച് സെന്റും സെലീനയും എന്നാണ് ചിത്രത്തിന്റെ പേര്. അഞ്ച് സെന്റ് ഭൂമിയില്‍ ഒരു വീട് പണിയാന്‍ സെലീനയും അവളുടെ സഹോദരങ്ങളും നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണിത്. ജെക്സണ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സെക്കന്റ് ക്ലാസ് യാത്രയ്ക്ക് ശേഷം ജെക്സണ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് അഞ്ച് സെന്റും സെലീനയും.
‘ഞാന്‍ തിരക്കഥയെഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു ജെക്സണ് ആന്റണി. ആ നിലയ്ക്ക് എന്റെ ശിഷ്യന്‍കൂടിയാണ്. പിന്നീട് പല കഥകളുമായി ജെക്സണ് എന്നെയും അന്നയെയും സമീപിച്ചിട്ടുണ്ട്. അങ്ങനെയും അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ട്. ഒരു കഥയുണ്ടായപ്പോള് അത് ജെക്സനോട് പറയുകയായിരുന്നു. അതയാള്‍ക്കും ഇഷ്ടമായി. അങ്ങനെയാണ് അഞ്ച് സെന്റും സെലീനയും ഉണ്ടാകുന്നത്.’ ബെന്നി പി. നായരമ്പലം കാന്‍ ചാനലിനോട് പറഞ്ഞു. ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അന്നാ ബെന്നിനെ കൂടാതെ മാത്യു തോമസ്, സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്, ശാന്തികൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
E4 എന്റര്‍ടെയിന്‍മെന്റ്, AP ഇന്റര്‍നാഷണല്‍ എന്നീ ബാനറുകളില്‍ മുകേഷ് ആര് മേത്തയും സി.വി. സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രാഹകന്‍. കൈതപ്രം, ബി.കെ. ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകരുന്നു. എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാഫി ചെമ്മാട്, കലാസംവിധാനം ത്യാഗു തവന്നൂര്‍, മേക്കപ്പന് ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, ഡിസൈന്‍ കോളിന് ലിയോഫില്‍, സ്റ്റില്‍സ് ഗിരിശങ്കര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എബിന് എടവനക്കാട്, പി.ആര്.ഒ. എ.എസ്. ദിനേശ്.
Recent Comments