‘അയാള്‍ ഞാനല്ല എന്ന ആദ്യ ചലച്ചിത്രത്തിനുശേഷം രണ്ടാമത്തെ സിനിമയുടെ തിരക്കഥാ രചനയിലായിരുന്നു ഞാന്‍. അത് ഏതാണ്ട് പൂര്‍ത്തിയായതുമാണ്. അപ്പോഴാണ് കോവിഡ് വ്യാപനം ശക്തമാകുന്നതും പ്രോജക്ട് നീണ്ടുപോകുന്നതും.’ ഡിയര്‍ ഫ്രണ്ടിന്റെ സംവിധായകന് വിനീത് കുമാര്‍ കാന്‍ ചാനലിനോട് പറഞ്ഞുതുടങ്ങി.
‘ആയിടയ്ക്കാണ് അര്ജുന് ലാല്‍ എന്നെ വിളിക്കുന്നത്. അര്‍ജുനനെ എനിക്ക് മുന്‍പരിചയമില്ല. ബ്ലെസ്സിസാറിന്റെ തന്മാത്ര എന്ന സിനിമയില്‍ കണ്ടിട്ടുള്ള പരിചയമേയുള്ളൂ. അതിലെ അയാളുടെ പ്രകടനവും ഗംഭീരവുമായിരുന്നു. എന്നോടൊരു കഥ കേള്‍ക്കാന്‍ സമയമുണ്ടാകുമോ എന്നാണ് അര്ജുന് തിരക്കിയത്. ഞാന്‍ വരാന്‍ പറഞ്ഞു. അര്ജുന് എന്നോട് വന്ന് ഒരു ത്രെഡ് പറഞ്ഞു. അതിലൊരു സിനിമയുണ്ടെന്ന് എനിക്ക് തോന്നി. തിരക്കഥ എഴുതാന്‍ ഷര്ഫുവിനേയും സുഹാസിനെയും സമീപിക്കുന്നു. ത്രെഡ് പറഞ്ഞപ്പോള്‍ അവര്‍ക്കും ഇഷ്ടമായി. അതിനുശേഷമാണ് എഴുത്ത് തുടങ്ങുന്നത്. സിനിമയുടെ ഡിഒപിയായി ഷൈജുഖാലിദ് വേണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഷൈജുവിനെ പോയി കണ്ടു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ സിനിമയുടെ നിര്‍മ്മാണ ചുമതലയും ഷൈജുവും സമീര്‍ താഹിറുംകൂടി ഏറ്റെടുത്തു. പിന്നീട് ആഷിഖ് ഉസ്മാനും ആ ചിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു.’ വിനീത് കുമാര്‍ തുടര്‍ന്നു.
‘സൗഹൃദങ്ങളുടെ കഥയാണ് ഡിയര്‍ ഫ്രണ്ട്സ് പറയുന്നത്. ബാംഗ്ലൂരിലുള്ള നാല് സുഹൃത്തുക്കള്‍. അവരുടെ ഇടയിലേയ്ക്കെത്തുന്ന അഞ്ചാമനാണ് ദര്‍ശന രാജേന്ദ്രന്റെ കഥാപാത്രം. ടൊവിനോ തോമസും ബേസില്‍ ജോസഫും അര്ജുന് ലാലും സഞ്ജന നടരാജനുമാണ് മറ്റ് നാല് സുഹൃത്തുക്കള്‍. അവരുടെ റിലേഷന്‍ഷിപ്പും അതിനിടെ ഉണ്ടാവുന്ന ചില ഡ്രാമയുമൊക്കെയാണ് ചിത്രം പറയുന്നത്. എ വെരി ഫീല്‍ ഗുഡ് മൂവി. ഈ സിനിമ കണ്ടുകഴിയുമ്പോള്‍ ഇതുപോലൊരു ഫ്രണ്ട് നിങ്ങള്ക്കുമുണ്ടായിരുന്നുവെന്ന് തീര്‍ച്ചയായും തോന്നും. ആ ഡിയര്‍ ഫ്രണ്ടിനെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്. ടൊവിനോയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നുതന്നെയായിരിക്കും ഇത്. ഞാന്‍ അതിന്റെ എഡിറ്റിംഗും ഡബ്ബിംഗും കണ്ടുകഴിഞ്ഞതാണ്. ഗംഭീര പ്രകടനമാണ് ടൊവിയുടേത്. ടൊവിനോ തന്നെയാണ് ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യന്‍. സിനിമയുടെ മിക്സിംഗാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജൂണ്‍ 10 ന് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണിതും. ഡിയര്‍ ഫ്രണ്ട്സിന്റെ ജോലികള്‍ പൂര്ത്തിയാക്കിയിട്ടുവേണം നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടിലേയ്ക്ക് കടക്കാന്‍.’ വിനീത് പറഞ്ഞു നിര്‍ത്തി.
Recent Comments