ഇന്ദ്രജിത്തും അനു സിത്താരയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അനുരാധ ക്രൈം നമ്പര്‍ 59/2019 എന്ന ചിത്രം അടുത്ത മാസം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നതിനിടെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകന് ഷാന്‍ തുളസീധരന്‍. ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നു എന്നുമാത്രമല്ല, ഷൂട്ടിംഗും നാളെ തലശ്ശേരിയില്‍ തുടങ്ങുകയാണ്. ഡിയര്‍ വാപ്പി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നതും ഷാന്‍ തുളസീധരനാണ്.
ലാലും അനഘ നാരായണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലിവര് വാപ്പയും മകളുമായി അഭിനയിക്കുന്നു. ബഷീര്‍ എന്നും ആമിറ എന്നുമാണ് കഥാപാത്രങ്ങളുടെ പേര്.
‘തയ്യല്‍ക്കാരനാണ് ബഷീര്‍, അദ്ദേഹത്തിന് ചില സ്വപ്നങ്ങളുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാന്‍ വാപ്പയ്ക്കൊപ്പം മകളും ചേരുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.’ സംവിധായകന് ഷാന്‍ തുളസീധരന്‍ പറഞ്ഞു.
മണിയന്‍പിള്ള രാജു, നിരഞ്ജ് മണിയന്‍പിള്ള രാജു, ജഗദീഷ്, ശ്രീരേഖ, അപ്പുണ്ണി ശശി, നിര്‍മ്മല്‍ പാലാഴി, ഉണ്ണിരാജ, സുനില്‍ സുഗത, ചെമ്പില്‍ അശോകന്, സാവിത്രി ശ്രീധരന്, ബാലന് പനയ്ക്കല്‍, നീനാ കുറുപ്പ്, അഭിരാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ക്രൗണ്‍ ഫിലിംസാണ് ഡിയര്‍ വാപ്പി നിര്‍മ്മിക്കുന്നത്. ലതാ കന്തസ്വാമിയാണ് കോപ്രൊഡ്യൂസര്‍. അരുണ്‍ ശിവസുബ്രഹ്മണ്യനാണ് ലൈന്‍ പ്രൊഡ്യൂസര്‍. ഛായാഗ്രഹണം എസ്. പാണ്ടികുമാര്‍, കോസ്റ്റിയൂം ഡിസൈനര്‍ പ്രവീണ്‍ വര്‍മ്മ, കലാസംവിധാനം അജയന് മങ്ങാട്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്.
Recent Comments