തമിഴകത്തിന്റെ ദളപതി വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് തെലുങ്കിലെ മുന്‍നിര സംവിധായകനായ വംശി പൈഡപ്പള്ളിയുടെ വാരിശിലാണ്. വിജയ് ചിത്രങ്ങള്‍ തുടക്കം മുതലേ വാര്‍ത്താപ്രാധാന്യം നേടിയെടുക്കുന്നത് പതിവാണ്. വാരിശും അതില്‍നിന്നും വിഭിന്നമല്ല.
സാധാരണ ഒരു ചിത്രം പൂര്‍ത്തിയായാല്‍ മാത്രമേ അടുത്ത ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വിജയ് ചെയ്യാറുള്ളൂ. പക്ഷേ ഇതില്‍നിന്നും വ്യത്യസ്തമായി വാരിശിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍തന്നെ ദളപതി 67 (താല്‍ക്കാലിക പേര്) എന്ന ലോകേഷ് കനകരാജിന്റെ ചിത്രവും പ്രഖ്യാപിച്ചു.
വിക്രമിനുശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമായതുകൊണ്ടുതന്നെ ഇന്നുവരെ ഒരു ചലച്ചിത്രത്തിനും നേടാന്‍ കഴിയാത്ത പ്രീപബ്ലിസിറ്റിയാണ് ദളപതി 67 നേടിയെടുത്തത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയപ്പെടുന്നത് പ്രതിനായകന്മാരായി ആറ് പേര് അഭിനയിക്കുന്നുവെന്നാണ് ലോകേഷിന്റെ അടുത്ത വൃത്തങ്ങളില്‍നിന്നും അറിയാന്‍ കഴിഞ്ഞത്. ബോളിവുഡ് താരമായ സഞ്ജയ് ദത്ത്, അര്ജുന്, പൃഥ്വിരാജ്, മന്‍സൂര്‍ അലിഖാന്, കൂടാതെ സംവിധായകരായ ഗൗതം വാസുദേവമേനോനും മിഷ്ക്കിനും.
എന്നാല്‍ ഡേറ്റ്ക്ലാഷ് കാരണം പൃഥ്വി ഈ പ്രോജക്ടില്നിന്നും പിന്മാറിയിരുന്നു. പകരം നിവിന്‍പോളി വിജയ്യുടെ വില്ലനാകുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഏറ്റവും പുതിയ വാര്‍ത്ത വന്നിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലനാകുന്നത് വിശാലാണെന്നാണ് സൂചന. അര്‍ജുനിന് പകരക്കാരനായിട്ടായിരിക്കും വിശാല്‍ എത്തുക.
Read Also
തമിഴകെത്ത ഒന്നാംനിര നായകനായ വിശാല്‍ വിജയ്ക്കൊപ്പം അതും പ്രതിനാക വേഷത്തിലെത്തുന്നത് പലര്‍ക്കും അത്ഭുതമാണ്. പക്ഷേ വിശാല്‍ ഈ തീരുമാനം എടുത്തതിന് പിന്നില്‍ വേറെ ചില കാരണങ്ങള്‍കൂടിയുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി വിശാല്‍ അഭിനയിച്ച സിനിമകളൊക്കെയും പരാജയങ്ങളായിരുന്നു. സ്വന്തം നിര്‍മ്മാണക്കമ്പനിയായ വിശാല്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രവും പരാജയത്തിന്റെ കൈപ്പ് അറിഞ്ഞു. അതിലൂടെ ഏറെ കടബാധ്യതകളും വിശാലിനുണ്ടായി. മാത്രമല്ല വിശാലിന്റെ അച്ഛന് നടത്തിവരുന്ന ഗ്രാനൈറ്റ് ഫാക്ടറിയും തകര്‍ച്ചയുടെ വക്കിലാണ്. ഈ കടബാധ്യതകളൊക്കെയും മാറ്റിയെടുക്കാനും തന്റെ കരിയര്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടത് വിശാലിന് സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് സഹപ്രവര്‍ത്തകനായ വിജയ്യെ നേരിട്ട് കണ്ട് ലോകേഷ് ചിത്രത്തിലേയ്ക്ക് അവസരം ചോദിച്ചത്. വിജയ്യ്ക്കും ലോകേഷിനും ഈ കാര്യത്തില്‍ ഒറ്റ തീരുമാനമായിരുന്നു. വന്‍ പ്രതിഫലമാണ് വിശാലിന് ഈ ചിത്രത്തിലൂടെ ലഭിക്കുക.
എല്ലാം ഒത്തുവരികയാണെങ്കില്‍ വിശാല്‍ വിജയ്യുടെ പ്രതിനായകനായേക്കും. പ്രേക്ഷകര്‍ക്ക് വാനോളം പ്രതീക്ഷയേറുകയാണ് ദളപതി 67 ലൂടെ.
Recent Comments