ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ജനറല്‍ ബോഡി. അതിന്റെ തലേന്ന് ഞാന്‍ ഡെന്നീസിനെ വിളിച്ചിരുന്നു. പങ്കെടുക്കാനുണ്ടാകുമോ എന്ന് അറിയാനാണ് വിളിച്ചത്. സുഖമില്ലെന്നും വരാനാവില്ലെന്നും അവന് പറഞ്ഞു. പിന്നെ ഞാനും നിര്‍ബ്ബന്ധിച്ചില്ല. ഇന്നലെ ഷിബു ചക്രവര്‍ത്തി വിളിക്കുമ്പോഴാണ് അവനെല്ലാവരോടുമായി യാത്ര പറഞ്ഞു പോയ വിവരമറിയുന്നത്. ആ വിടവാങ്ങല്‍ ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ട്.
ഞങ്ങള്‍ പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും സിനിമാക്കാരെന്ന നിലയിലല്ല. അതിനുമുമ്പേ ആ ബന്ധം തുടങ്ങിയിരുന്നു. ഗായത്രി അശോകന് വഴിയാണ് ഞാന്‍ ഡെന്നീസ് ജോസഫിലേയ്ക്ക് എത്തുന്നത്. പഴയ ലിബര്‍ട്ടി ഹോട്ടലിന് മുകളിലായി അന്ന് അശോകന് ഒരു ഓഫീസുണ്ടായിരുന്നു. ചായ്പ് പോലൊരു മുറി. അതായിരുന്നു ഞങ്ങളുടെയെല്ലാം താവളം. ഞാനും ഡെന്നീസും ജോണ്‍പോളും കലൂര്‍ ഡെന്നീസും ഷിബു ചക്രവര്‍ത്തിയും ജോര്‍ജ് കിത്തുവുമെല്ലാം ഒത്തുകൂടിയിരുന്നത് അവിടെയാണ്. അല്ലെങ്കില്‍ അതിനെതിരെയുള്ള ജോര്‍ജ് കിത്തുവിന്റെ ഓഫീസില്‍. അന്ന് ജോണ്‍പോള്‍ സിനിമയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. കാനറാബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു.
എല്ലാ വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ സംസാരിക്കാന്‍ കഴിവുള്ള ആളായിരുന്നു ഡെന്നീസ്. അതൊട്ടും മുഷിച്ചിലില്ലാതെ അവതരിപ്പിക്കാനും അവന് കഴിഞ്ഞിരുന്നു. അതുതന്നെയായിരുന്നു അവന്റെ സിനിമകളുടെ സവിശേഷതയും.
ഞാന്‍ ഫാമിലി സബ്ജറ്റുകളൊക്കെ എഴുതിക്കൊണ്ടിരുന്ന കാലം. അത്യാവശ്യം തിരക്കുമുണ്ട്. ആയിടെയാണ് ഡെന്നീസ് ജോസഫ് ഇടപെട്ട് എന്നെ കെ. മധുവിന്റെ പ്രൊജക്ടിലേയ്ക്ക് കൊണ്ടുവരുന്നത്. അന്ന് കെ. മധുവിന് ലാല്‍ ഓപ്പണ്‍ഡേറ്റ് നല്‍കിയിരുന്നു. ആ പ്രൊജക്ട് നടന്നില്ലെങ്കില്‍ പിന്നൊരു ഡേറ്റ് കിട്ടുക അസാധ്യമാണ്. മധു കഥയുടെ ആവശ്യവുമായി സമീപിച്ചത് ഡെന്നീസിനെയായിരുന്നു. ഒരു ജോഷി ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു ഡെന്നീസ്. ജോഷിയെ പിണക്കാന്‍ ഡെന്നീസിന് ഒരിക്കലും കഴിയുമായിരുന്നില്ല. അവന് എഴുതാന്‍ ഒട്ടും കഴിയാതെവന്ന സാഹചര്യത്തിലാണ് ആ ദൗത്യം എന്നെ നിര്‍ബ്ബന്ധിച്ച് ഏല്‍പ്പിക്കുന്നത്. എനിക്കാണെങ്കില്‍ അത്തരം സബ്ജക്ടുകള്‍ തീരെ വശമില്ലായിരുന്നു. ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷേ ഡെന്നീസ് വിട്ടില്ല. അവന് പല സജക്ഷനുകളും എനിക്ക് നല്കിക്കൊണ്ടിരുന്നു. പക്ഷേ എനിക്ക് അതൊന്നും തൃപ്തിയായില്ല. ഒരാഴ്ച സമയം തരാന്‍ പറഞ്ഞു. ആ ആലോചനകള്‍ എന്നെക്കൊണ്ടെത്തിച്ചത് സാഗര്‍ ഏലിയാസ് ജാക്കി എന്ന അധോലോക നായകനിലേക്കും ഇരുപതാംനൂറ്റാണ്ട് എന്ന ചിത്രത്തിലേക്കുമാണ്. അതില്പിന്നീടാണ് ആ ഗണത്തില്‍പ്പെട്ട സിനിമകള്‍ ഞാന്‍ എഴുതിത്തുടങ്ങിയത്. അതിന് കാരണക്കാരന്‍ ശരിക്കും ഡെന്നീസായിരുന്നു.
Recent Comments