ഡെന്നീസ് ജോസഫിന്റെ വിയോഗവാര്‍ത്ത പല സിനിമാപ്രവര്‍ത്തകരും അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്. തൊട്ട് തലേന്നുവരെ ഫോണില്‍വിളിച്ച് സംസാരിച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയൊരാള്‍ തങ്ങളുടെ ഇടയില്‍നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായതിന്റെ ഞെട്ടലിലാണ് സിനിമാലോകം ഒന്നടങ്കം.
മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ളവര്‍ ഡെന്നീസിന്റെ വിയോഗത്തെ കുറിക്കാന്‍ വാക്കുകളില്ലെന്നാണ് എഴുതിയത്.
‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി വരികള്‍ കുറിക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നുവെന്നാണ്’ ലാല്‍ തന്റെ ഫേസ്ബുക്കില്‍ ഹൃദയഹാരിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
‘കാഴ്ചയുടെ നിറക്കൂട്ടുകള്‍ സമ്മാനിച്ച് ഡെന്നീസ് കടന്നുപോകുമ്പോള്‍ സങ്കടം മാത്രമേയുള്ളൂവെന്ന്’ മമ്മൂട്ടിയും കുറിച്ചു.
സംവിധായകന് ജോഷിയുടെ ഫോണ്‍ സ്വിച്ചോഫാണ്. ആത്മമിത്രത്തിന്റെ വിയോഗം മൗനംകൊണ്ട് അദ്ദേഹം അതിജീവിക്കുകയാവാം.
സിനിമാപ്രവര്‍ത്തകരെ അത്യധികം സങ്കടപ്പെടുത്തുന്നത് അന്ത്യസമയത്ത് ഡെന്നീസിന്റെ അടുക്കലേയ്ക്ക് ഓടിയെത്താന്‍ കഴിയുന്നില്ലെന്നതാണ്.
ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ആര്‍ക്കും ജില്ല വിട്ട് യാത്ര ചെയ്യാനാവില്ല. മരണച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇരുപതായി നിജപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയും തിരക്കിട്ട് പലരും പാസ്സിനുവേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. മരണകാരണം പറഞ്ഞതുകൊണ്ടുമാത്രം പാസ്സ് നിഷേധിക്കപ്പെടുകയാണ്.
ഡെന്നീസ് ജോസഫിന്റെ ആത്മമിത്രംകൂടിയായ ഗായത്രി അശോകനും ഈ ദുരവസ്ഥയാണ് നേരിടേണ്ടിവന്നത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകള്‍. ചെറുവണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലാണ് ശവസംസ്കാരം.
സിനിമയില്‍ സജീവമായിരുന്ന കാലത്ത് പനമ്പള്ളി നഗറിലാണ് ഡെന്നീസ് ജോസഫ് താമസിച്ചിരുന്നത്. തിരക്കൊഴിഞ്ഞപ്പോള്‍ ഏറ്റുമാനൂരിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. അത് അദ്ദേഹത്തിന്റെ അവസരം കുറയ്ക്കുമെന്ന് പറഞ്ഞ സുഹൃത്തുക്കളോട് ഡെന്നീസ് പറഞ്ഞത്, എന്നെ ആവശ്യമുള്ളവര്‍ എന്നെത്തേടിയെത്തുമെന്നാണ്.’ ശരിയാണ്, ഡെന്നീസുമായി ആത്മബന്ധമുള്ളവര്‍ അദ്ദേഹത്തെ തേടി ഏറ്റുമാനൂരുള്ള റോസ് ഹൗസിലെത്തുമായിരുന്നു. സിനിമാചര്ച്ചകളായിരുന്നില്ലെങ്കിലും ആ സൗഹൃദംപറ്റാത്ത സിനിമാസംഘങ്ങള്‍ കുറവായിരുന്നു.
സിനിമാക്കാര്‍ക്കിടയിലെ പച്ചയായ മനുഷ്യനായിരുന്നു ഡെന്നീസ് ജോസഫ്. സിനിമാക്കാരന്റെ നാട്യങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
പരന്ന വായനാശീലമുണ്ടായിരുന്നു ഡെന്നീസ് ജോസഫിന്. അതുകൊണ്ടാണ് കാലത്തിനുമുമ്പേ എഴുതപ്പെട്ട അനേകം രചനകള്‍ ഡെന്നീസില്നിന്ന് പിറന്നത്. ന്യൂഡല്‍ഹിയും രാജാവിന്റെ മകനുമൊക്കെ അതിലെ ചില ഉദാഹരണങ്ങള്‍ മാത്രം. വിഖ്യാതമായ ഇംഗ്ലീഷ് നോവലുകളെ കടംകൊണ്ട് എഴുതിയവയായിരുന്നു ഈ സിനിമകളെല്ലാം. ഇംഗ്ലീഷ് സാഹിത്യം സിനിമാക്കാര്ക്കിടയിലേയ്ക്ക് അത്രകണ്ട് ഇറങ്ങി ചെല്ലാതിരുന്ന കാലത്താണ് ലോകക്ലാസിക്കുകളൊക്കെ അദ്ദേഹം വായിച്ച് തീര്‍ത്തത്.
ലീനയാണ് ഡെന്നീസിന്റെ ഭാര്യ. മൂന്ന് മക്കളാണ്. എലിസബത്ത്, റോസി, ജോസ്. അടുത്തിടെ എലിസബത്തിന് ഓസ്ട്രേലിയയില്‍ ജോലി ലഭിച്ചിരുന്നു. റോസിയും ജോസും വിദ്യാര്‍ത്ഥികളാണ്.
Recent Comments