മാളികപ്പുറം ചിത്രത്തിലൂടെ ശ്രദ്ധനേടിയ ബാലതാരം ദേവനന്ദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗു. നവാഗതനായ മനു രാധാകൃഷ്ണനാണ് ഹൊറര്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് മനു രാധാകൃഷ്ണന്.
എങ്ങനെയാണ് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിലേക്ക് എത്തിപ്പെട്ടത്?
ഞാനും സാറും (മണിയന്‍പിള്ള രാജു) വേറൊരു പടത്തിന്റെ ഡിസ്കഷനിലായിരുന്നു. അപ്പോഴാണ് മാളികപ്പുറവും രോമാഞ്ചവും റിലീസാകുന്നത്. ആ സിനിമകളെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ദേവനന്ദയെവെച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജറ്റ് എന്റെ മനസ്സിലുണ്ടെന്ന് ഞാന്‍ സാറിനോട് പറയുകയായിരുന്നു. അങ്ങനെ സാറ് അത് കേള്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.
കുട്ടികളെ വെച്ചുള്ള ഹൊറര്‍ അധികം കണ്ടു വരാത്ത ജോണറാണല്ലോ?
ഹൊറര്‍ മാത്രമല്ല, ഫാന്റസികൂടിയുണ്ട് ചിത്രത്തില്‍. കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നിരഞ്ജ് എപ്പോഴാണ് ചിത്രത്തിലേക്ക് വന്നു ചേര്‍ന്നത്?
നിരഞ്ജാണ് ആദ്യം ഈ കഥ കേള്‍ക്കുന്നത്. സാറിനോട് (മണിയന്‍പിള്ള രാജു) ഈ ത്രെഡ് ഫോണിലൂടെ പറയുമ്പോള്‍ ഞാന്‍ കോഴിക്കോടും സാറ് തിരവനന്തപുരത്തുമായിരുന്നു. ആ സമയത്ത് നിരഞ്ജ് കോഴിക്കോട് ഉണ്ട്. അപ്പോള്‍ നിരഞ്ജ് എന്നെ വിളിച്ച് കഥയൊന്ന് കേള്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ആദ്യം കേള്‍ക്കുന്നത് നിരഞ്ജാണ്. കഥ കേട്ടപ്പോള്‍ മുതല്‍ നിരഞ്ജ് ചിത്രത്തിന്റെ ഭാഗമാണ്.
കുട്ടികളെ സംവിധാനം ചെയ്യുന്നത് പ്രയാസകരമായിരുന്നോ? അതും ഹൊറര്‍ സബ്ജറ്റ് കൂടിയാകുമ്പോള്‍?
പ്രയാസകരമായിരുന്നില്ല. ഞാന്‍ ആദ്യം കുറച്ച് ബുദ്ധിമുട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഒരു വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികളുടെ ആക്ടിങ് ഡിവിഷന്റെ ഹെഡായിരുന്ന ദേവേന്ദ്രനാഥ് ശങ്കരനാരായണനായിരുന്നു വര്‍ക്ക് ഷോപ്പ് നടത്തിയത്. അദ്ദേഹം ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. വര്‍ക്ക് ഷോപ്പിലൂടെ ഈ കുട്ടികളെല്ലാം ജെല്ലായി. ഷൂട്ട് ചെയ്യുമ്പോള്‍ നമ്മളെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്ലാനിങ്ങിലൂടെയാണ് കുട്ടികള്‍ ഓരോ സീനും ചെയ്ത് കൊണ്ടിരുന്നത്. ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത് പോലെ അവരും കൈയ്യില്‍ നിന്നൊക്കെയിട്ട് സീന്‍ മനോഹരമാക്കിയിട്ടുണ്ട്. ചിത്രത്തില്‍ സിംഗിള്‍ ടേക്ക് ഷോട്ട്സുകളുണ്ട്. അത് കുട്ടികളെ വെച്ച് സാധാരണ ഗതിയില്‍ ബുദ്ധിമുട്ടാണ്. പക്ഷേ അവരുടെ ടൈമിംഗ് നമ്മളെ അദ്ഭുതപ്പെടുത്തി, ആ രീതിയിലാണ് കുട്ടികള്‍ ചെയ്ത് വെച്ചിരിക്കുന്നത്.
സിനിമയുടെ പിന്നണി പ്രവര്‍ത്തകരെക്കുറിച്ച്?
ഛായാഗ്രാഹണം ചന്ദ്രകാന്ത് മാധവനാണ്. സന്തോഷ് ശിവന്റെയും രാജീവ് രവിയുടെയും അസോസിയേറ്റായിരുന്നു. സിനിമയ്ക്ക് ആവശ്യമായ പ്രത്യേക തരം റിഗ്ഗുകള്‍ തല്ലുമാല പോലുള്ള ചിത്രങ്ങളില്‍ ഡിസൈന്‍ ചെയ്ത് കൊടുത്തത് ചന്ദ്രകാന്താണ്.
മ്യൂസിക്ക് ഡയറക്ടറും പുതിയൊരാളാണ്. ജോനാഥന് ബ്രൂസ്. ചിത്രത്തിന് വളരെ വ്യത്യസ്തമായ സൗണ്ടിംങ്ങാണ് കൊടുത്തിരിക്കുന്നത്. ബിനോയ് കൃഷ്ണനാണ് ലിറിക്സ് എഴുതിയിരിക്കുന്നത്.
‘ദേവനന്ദ ഇന്‍ ഗു’ എന്നാണ് പോസ്റ്ററിലുള്ളത്. ഒരു ബാലതാരത്തെ പ്രധാന കഥാപാത്രമാക്കുമ്പോള്‍ ഭയമുണ്ടോ?
ഭയമില്ല. അതിന് കാരണം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് എന്നുള്ളതാണ്. കൂടാതെ ദേവനന്ദ ബാലതാരമാണെങ്കില് പോലും ഒരു സൂപ്പര്‍ സ്റ്റാറാണ്. അത് ബിസിനസ് കൊണ്ടാണെങ്കിലും ഫാന്‍ ഫോളോവിങ്ങാണെങ്കിലും ഒരു സൂപ്പര്‍ സ്റ്റാറിന് തുല്യമാണ് ദേവനന്ദ. പട്ടാമ്പിയിലായിരുന്നു ഷൂട്ട് നടന്നത്. അവിടെ ദേവനന്ദയെ കാണാന്‍ വേണ്ടി സ്കൂളില്‍പോലും പോകാതെ കുട്ടികള്‍ പട്ടാമ്പിയുടെ പല ഭാഗങ്ങളില്‍നിന്ന് വരുമായിരുന്നു. കുട്ടികളും അവരുടെ ഫാമിലിയുമാണ് നമ്മള് ലക്ഷ്യം വെക്കുന്ന പ്രേക്ഷകര്‍. ദേവനന്ദയെ കാണാന്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് അവര്‍ വന്നെങ്കില്‍ പടം കാണാനും വരുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ ഇങ്ങനെ ഒരു സിനിമ വരുന്നുണ്ടെന്ന് അവരെ അറിയിച്ചാല്‍ മാത്രം മതി. ഞങ്ങള്‍ക്ക് ഞങ്ങളുടെ കണ്ടന്റില്‍ നല്ല വിശ്വാസമുണ്ട്. അത് ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു മീഡിയമാണ് ദേവനന്ദ.
ദേവനന്ദയെ കൂടാതെ ആല്വിന് മുകുന്ദ്, പ്രയാന്‍ പ്രജേഷ്, ആദ്യാ അമിത് തുടങ്ങിയവരുടെ കുട്ടി പട്ടാളവും ചിത്രത്തില്‍ അണിനിരക്കുന്നു. സൈജു കുറുപ്പ്, അശ്വതി മനോഹരന്, നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍പിള്ള രാജു, നന്ദിനി ഗോപാലകൃഷ്ണന്, ലയാ സിംസണ്‍, ദേവേന്ദ്രനാഥ് ശങ്കരനാരായണന്, അഭിജിത് രഞ്ജിത്ത്, അനീന ആഞ്ചല, വിജയ നെല്ലിസ്, വിജയന് ചാത്തന്നൂര്‍, ഗോപിക റാണി, ഗൗരി ഉണ്ണിമായ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
Recent Comments