തമിഴ്, തെലുങ്ക് സിനിമകളില്‍ നായികയായി തിളങ്ങിയ മലയാളി താരം ‘ദേവിക സതീഷ്’ ആദ്യമായി മലയാളത്തില്‍ നായികയാവുന്നു. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷിനെ നായകനാക്കി സംവിധായകന് വിന്‍സന്‍ സില്‍വ ഒരുക്കുന്ന ‘കുമ്മാട്ടിക്കളി’യിലൂടെയാണ് ദേവിക സതീഷ് മലയാളത്തിലേക്ക് എത്തുന്നത്. ദേവികയുടെ അഞ്ചാമത്തെ ചിത്രമാണ് കുമ്മാട്ടിക്കളി.
തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ മുന്‍ നിര താരങ്ങളായ സമുദ്രക്കനി, ശരത്കുമാര്, പവന്‍കല്ല്യണ്‍, തേജ്, രോഹിണി തുടങ്ങിയവര്‍ക്കൊപ്പം ദേവിക ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലൂടെയാണ് ദേവിക അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളില്‍ അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച ആക്രോബാറ്റിക്ക് വീഡിയോയിലൂടെ ഒരു കാറില്‍ കയറുന്ന സാഹസികമായ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് തമിഴ് സിനിമയില്‍ ആദ്യമായി ദേവികയ്ക്ക് അവസരം ലഭിച്ചത്.
‘വളരെ യാദൃശ്ചികമായിട്ടാണ് സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിലേക്കുള്ള ഓഫറുകളും ലഭിച്ചു. രാജ്യത്തെ ശ്രദ്ധേയരായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നു. പുതുമുഖമായിരുന്നിട്ടും ഇവരെല്ലാം തന്നെ വളരെ സ്നേഹവും കരുതലും പ്രകടിപ്പിക്കാറുണ്ട്. തമിഴ് ചിത്രമായ ‘ഇമോജി’യിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.’ ദേവിക പറഞ്ഞു.
പഠനത്തിന് ഏറെ പ്രാധാന്യം കൊടുക്കണമെന്നാണ് അച്ഛനും അമ്മയും പറയുന്നത്. എങ്കിലും എന്റെ കലാഭിരുചിയെ ഏറെ പ്രോത്സാഹിപ്പിക്കുന്നതും അച്ഛനും അമ്മയുമാണ്. ഏത് കല പഠിക്കുന്നതിനോടൊപ്പവും മികച്ച വിദ്യാഭ്യാസവും കരിയറിനെ സുരക്ഷിതമാക്കുന്ന ഒരു ജോലിയും അനിവാര്യമാണെന്നും താരം പറയുന്നു.
മലപ്പുറം സ്വദേശിനിയായ ദേവിക പഠനത്തിന്റെ ആവശ്യത്തിനായി ഇപ്പോള്‍ കൊച്ചിയിലാണ് താമസം. തേവര എസ് എച്ച് കോളേജില്‍ ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയാണ്. ബിസിനസ്കാരനായ സതീഷ് കുമാറാണ് അച്ഛന്. അമ്മ മഞ്ജുഷ. വിഷ്ണു സതീഷാണ് സഹോദരന്.
പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ദേവിക നായികയാവുന്ന കുമ്മാട്ടിക്കളി. കുമ്മാട്ടിക്കളിയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.
പി.ആര്.ഒ. പി.ആര്. സുമേരന്‍
Recent Comments