‘രാത്രി ഒന്‍പതേമുക്കാലോടെയാണ് കടവന്തറയിലുള്ള K7 സ്റ്റുഡിയോയിലേയ്ക്ക് ധ്യാന്‍ ശ്രീനിവാസന് എത്തിയത്. പത്ത് മണിക്ക് സോങ് റിക്കോര്‍ഡിംഗ് ആരംഭിച്ചു. പതിനൊന്ന് മണിയോടെ റിക്കോര്‍ഡിംഗ് പൂര്‍ത്തിയായി. കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രമാണ് ആ പാട്ട് പാടാന്‍ ധ്യാന്‍ എടുത്തത്.’ ചിത്രീകരണം പൂര്‍ത്തിയായ കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് പാടാന്‍ എത്തിയതായിരുന്നു ധ്യാന്‍ ശ്രീനിവാസന്. ആ അനുഭവങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയായ അഭയകുമാര്‍.
‘ഈ ഗാനം ധ്യാനിന്റെ ശബ്ദത്തില്‍ പാടിയാല്‍ മാത്രമേ അത് പൂര്‍ണ്ണമാകൂ. കാരണം ധ്യാനിന്റെ വളരെ കൗതുകകരമായ സാന്നിദ്ധ്യം ചിത്രത്തിലുണ്ട്. ധ്യാന്‍ അത്യാവശ്യം നന്നായി പാടുന്ന ഒരാളാണെന്ന് ഞങ്ങള്‍ക്കറിയാം. പാട്ടിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ താന്‍ പാടിയാല്‍ നന്നാകുമോ എന്നാണ് ധ്യാന്‍ ആദ്യം ചോദിച്ചത്. സാഹചര്യം ബോധ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഓക്കെ പറഞ്ഞു. ഒരു ഫണ്‍ ഗാനമായിരുന്നു അത്. ശ്രുതി ഒപ്പിച്ച് പാടാനൊക്കെ അദ്ദേഹം ആദ്യം ശ്രമം നടത്തിയിരുന്നു. ഞങ്ങള്‍ക്ക് അതായിരുന്നില്ല വേണ്ടിയിരുന്നത്. പിന്നീട് അതിന്റെ ശരിയായ താളത്തിലേയ്ക്ക് ധ്യാന്‍ വളരെവേഗം എത്തിച്ചേര്‍ന്നു. നിമിഷങ്ങള്‍കൊണ്ട് അത് മനോഹരമായി പാടിത്തീര്ക്കുകയും ചെയ്തു. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് രഞ്ജിന്രാജാണ്. ഇന്ദ്രജിത്തും ഇതിലൊരു ഗാനം ആലപിച്ചിട്ടുണ്ട്. മൊത്തം നാല് പാട്ടുകളാണ് ഉള്ളത്.’ അഭയകുമാര്‍ പറഞ്ഞു.
പുണ്യാളന് അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, ചതുര്‍മുഖം, പ്രിയന് ഓട്ടത്തിലാണ് എന്നീ ചിത്രങ്ങള്‍ക്കുശേഷം അഭയകുമാറും അനില്‍ കുര്യനും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ് എന്നിവരുടെ കീഴിൽ സംവിധാന സഹായിയായി പ്രവർത്തിച്ച സനൽ വി. ദേവൻ സ്വതന്ത്രനായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.
‘ഒരു ഫാന്റസി ഹ്യൂമര്‍ ചിത്രമാണ് ഇത്. ഫാന്റസി എലമന്റ് ഉള്ളതുകൊണ്ടുതന്നെ കംപ്യൂട്ടര്‍ ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുണ്ട്. CG വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അല്‍പ്പം കാലതാമസം വേണ്ടിവന്നു. ഇപ്പോള്‍ ചിത്രം തീയേറ്ററിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.’ അഭയകുമാര്‍ പറഞ്ഞു.
ഇന്ദ്രജിത്ത്, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സനല്‍ വി. ദേവനാണ് സംവിധായകന് WOW സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷിബു ജോബ് ലൈന്‍ പ്രൊഡ്യൂസറും അനീഷ് സി. സലില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
Recent Comments