ചരക്കേസ് നടന്നിരിക്കാന്‍ സാധ്യതയില്ല എന്ന് ആദ്യം തന്നെ എനിക്ക് തോന്നുവാന്‍ കാരണം, പോലീസുകാര്‍ കൊടുത്ത, മറിയം റഷീദയുടെയും ഫൗസിയഹസ്സന്റെയും പാസ്പോര്‍ട്ടുകളിലെ അഡ്രസ്സും പ്രകാരം മാലിയിലെത്തിയ നമ്മുടെ മാധ്യമക്കാര്‍ക്ക് അവരുടെ വീടുകണ്ടെത്തുവാനോ മാതാപിതാക്കളെ കണ്ടുപിടിക്കുവാനോ ഒന്നും ഒരു പ്രയാസവും ഉണ്ടായില്ല. അതായത് ആ മാലിക്കാരികള്‍ അവരുടെ യഥാര്‍ത്ഥ പാസ്പോര്‍ട്ടുമായിട്ടാണ് വന്നിരിക്കുന്നത്. ചാരപ്രവര്‍ത്തനമായിരുന്നു ഉദ്ദേശമെങ്കില്‍ ഒരിക്കലും യഥാര്‍ത്ഥ പാസ്പോര്‍ട്ടുമായി അവര്‍ വരില്ലായിരുന്നു എന്ന് ചിന്തിക്കുവാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ.
അതോടെ ചാരക്കേസ് വെറും കെട്ടുകഥയാണ് എന്ന് മനസിലായി. അതേതുടര്‍ന്നാണ് കേസില്‍ കുടുങ്ങിയ നമ്പിനാരായണനെയും ശശികുമാറിനെയും നേരില്‍കണ്ടു സംസാരിക്കാനായി തിരുവനന്തപുരത്ത് പോയത്.
അതൊരു ഞായറാഴ്ചയായിരുന്നു. ഉച്ചക്ക് 3 മണിയോടടുത്ത സമയം. വീടിനടുത്തുള്ള ചെറിയ ജംഗ്ഷനില്‍ സൊറപറഞ്ഞിരുന്നവരോട് നമ്പിനാരായണന്റെ വീട് തിരക്കിയപ്പോള്‍ കിട്ടിയ മറുപടിയില്‍ ആവശ്യത്തില്‍ കൂടുതല്‍ തെറിയുണ്ടായിരുന്നു. അതില്‍നിന്നുതന്നെ പോലീസിന്റെ കഥകള്‍ വിശ്വസിച്ച ജനം ആ മനുഷ്യനെ എത്രവെറുക്കുന്നു എന്ന് മനസിലായി. എങ്കിലും വീട് ചൂണ്ടിക്കാട്ടി തന്നു. അതിന്‍പ്രകാരം പൂശി തേപ്പു നടത്തിയിട്ടില്ലാത്ത അത്ര വലുതല്ലാത്ത വീട്ടില്‍ ചെന്നപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. ബെല്ലടിച്ചപ്പോള്‍ ഏറെനേരം കഴിഞ്ഞുമാത്രം കതകുതുറന്നു വന്ന സ്ത്രീ, കാര്യം പറഞ്ഞപ്പോള്‍, ഇരിക്കാന്‍ പറഞ്ഞിട്ട് അകത്തേക്ക് പോയി.
ഇരുന്നിട്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോള്‍ മുന്പിലെ ടീപോയിന്മേല് ത്രീ എക്സ് റമ്മിന്റെ ഒഴിഞ്ഞ പയിന്റ് കുപ്പി. വലിച്ചു തള്ളിയ സിഗരറ്റ് കുറ്റികളും മിക്സ്ച്ചറിന്റെയും മറ്റും അവശിഷ്ടങ്ങളും അവിടമാകെ കിടക്കുന്നു. ആകെക്കൂടി വല്ലാത്ത ഒരന്തരീക്ഷം. കുറച്ചുകഴിഞ്ഞപ്പോള്‍ നമ്പിനാരായണന് അവിടേക്കു കടന്നുവന്നു. നരച്ചുവെളുത്ത താടിയും മുടിയും. ജര്‍മന്‍ സായിപ്പിന്റെ നിറവും രൂപഭംഗിയും. ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കാന്‍ പോന്ന വ്യക്തിത്വം. ഞങ്ങള്‍ സ്വയം പരിചയപ്പെടുത്തി ചെന്ന കാര്യം പറഞ്ഞപ്പോള്‍, ചോദിച്ചോളൂ എന്താണറിയേണ്ടത് എന്ന് ചോദിച്ചു. തുടര്‍ന്നുള്ള ചോദ്യവും പറച്ചിലും, ചാരക്കേസ് കെട്ടുകഥയാണെന്നു ഒന്നുകൂടി അടിവരയിട്ട് വിശ്വസിപ്പിക്കാന്‍ പോന്നതായിരുന്നു.
അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം,
‘ചാരപ്രവൃത്തി നടത്തി ഞാന്‍ കോടികള്‍ നേടിയെങ്കില്‍ എവിടെയാണ് അത് വച്ചിരിക്കുന്നത്. ഈ വീട് കണ്ടില്ലേ. പണി പകുതിപോലും ആയിട്ടില്ല. പൈസ ഇല്ലാത്തതാണ് കാരണം. അതുപോലെ എന്റെ ഒരു ചേച്ചിക്ക് ചാല കമ്പോളത്തില്‍ ഒരു കടയുണ്ട്. ചട്ടിയും കലവുമൊക്കെ വില്‍ക്കുന്ന കട. അതിനോട് ചേര്‍ന്നുതന്നെയാണ് താമസം. രാത്രിയില്‍ ജോലികഴിഞ്ഞുവരുന്ന ഞാന്‍ നേരേ പോകുന്നത് അവിടേക്കാണ്. പുറത്തുവച്ചിട്ടുള്ള ചട്ടീം കലവുമൊക്കെ എടുത്ത് അകത്തുവച്ചു കൊടുക്കാന്‍. ചാരപ്പണം കിട്ടിയെങ്കില്‍ ഇത്തിരി അവര്‍ക്ക് കൊടുക്കു മായിരുന്നില്ലേ. പിന്നെ ഐഎസ്ആര്‍ഒയില്‍നിന്ന് വിവരങ്ങള്‍ ഫ്ളോപ്പിയിലാക്കി കടത്തി എന്നാണല്ലോ കണ്ടുപിടുത്തം. എന്നാല്‍ നിങ്ങള്‍ക്കറിയുമോ, ഇവരീപ്പറയുന്ന ടെക്നോളജിയുടെ ഫാദര്‍ ഓഫ് ദി വേള്‍ഡ് ആണ് ഞാന്‍. ആ സ്ഥിതിക്ക് ഞാനെന്തിന് ഫ്ളോപ്പിയിലാക്കി കടത്തണം. എന്റെ തലയിലല്ലേ വിവരങ്ങള്‍? അപ്പോള്‍ ഞാനങ്ങ് പോയാല്‍ പോരെ? ലോകത്ത് ഏതു രാജ്യത്ത് പോയി ഒരു പോളിടെക്നിക്കില്‍ പഠിപ്പിച്ചാല്‍ തന്നെ ഇവിടെ കിട്ടുന്നതിന്റെ ഇരട്ടിക്കുമേല്‍ ശമ്പളം കിട്ടും. പണമാണ് ലക്ഷ്യമെങ്കില്‍ അത് ചെയ്താല്‍ പോരെ.
ഇസ്രോയില്‍ നിന്ന് വിദേശത്ത് പോകുന്ന ടീമില്‍ ചിലരെങ്കിലും തിരികെ വരാറില്ല. കാരണം അവര്‍ക്കവിടെ വലിയ ആനുകൂല്യങ്ങള്‍ കിട്ടും. ഒരിക്കല്‍ ഞാന്‍ പോകാന്‍ നേരം വിക്രം സാരാഭായി എന്നോട് ചോദിച്ചു, നമ്പി നീ മടങ്ങിവരുമോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടി, ഇന്ത്യാ ഗവണ്മെന്റിന്റെ പണവും വാങ്ങിയാണ് പോകുന്നതെങ്കില്‍ മടങ്ങിവരും എന്നായിരുന്നു. അങ്ങനെയൊക്കെയുള്ള ഞാനാണ് പണത്തിനുവേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന് പറയുന്നത്. അങ്ങനെ എന്തെല്ലാം പറഞ്ഞു.’
പോലീസ് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടിവന്ന ക്രൂരവും മൃഗീയവുമായ മര്‍ദ്ദനത്തെക്കുറിച്ചും, നമ്പിനാരായണന്റെ ഭാര്യയാണെന്നറിഞ്ഞപ്പോള്‍ തന്റെ ഭാര്യയെ ഓട്ടോറിക്ഷയില്‍നിന്നും വഴിയിലിറക്കി വിട്ടതും, അയല്‍ക്കാര്‍ പോലും ഒറ്റപ്പെടുത്തിയതും, തന്നെ കാണുമ്പോള്‍ ജനം തെറിവിളിക്കുന്നതും ഒക്കെ ആ വലിയ മനുഷ്യന് നിറകണ്ണുകളോടെ, വിതുമ്പലടക്കിയാണ് പറഞ്ഞത്. ഒരു മാധ്യമ പ്രവര്‍ത്തകനോടുള്ള അദ്ദേഹത്തിന്റെ ആദ്യ തുറന്നുപറച്ചിലായിരുന്നു അത്. ആ മാധ്യമ പ്രവര്ത്തകന് ഞാനായതു ചെറിയകാര്യമല്ല.
ചാരക്കേസും, നമ്പിനാരായണന്റെ അറസ്റ്റും ജയില്‍വാസവും ഒക്കെക്കൂടി നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണങ്ങളെ ഏറ്റവും കുറഞ്ഞത് പത്തു വര്‍ഷത്തേക്കെങ്കിലും പിന്നോക്കം കൊണ്ടുപോയപ്പോള്‍ അതിനുപിറകില്‍ നിന്ന് നേട്ടം കൊയ്തവര്‍ പലരുണ്ട്. ഇസ്റോയിലെ ശാസ്ത്രജ്ഞര്‍, കെ കരുണാകാരന്റെ രക്തത്തിന് നാവുനുണഞ്ഞ യുഡിഎഫിലെ കരുണാകരവിരുദ്ധര്‍, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണകുതിപ്പില് ഭയന്നുപോയ വിദേശ ശക്തികള്‍. പലരുമുണ്ടായിരുന്നു കൂട്ടത്തില്‍. അവരൊക്കെയും വ്യത്യസ്ത താല്പര്യങ്ങളുമായി അവസരം കാത്തിരിക്കുമ്പോഴായിരുന്നല്ലോ മാലിക്കാരി മറിയം റഷീദ എന്ന മാദക തിടമ്പിനോട് സ്മാര്‍ട്ട് വിജയന് എന്ന പോലീസ് ഓഫീസര്‍ക്ക് ലൈംഗിക മോഹം തോന്നിയതും, അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍വച്ചു വിജയന് മറിയം റഷീദയെ കടന്നുപിടിച്ചതും, മറിയം വിജയനെ ആട്ടിയിറക്കിയതുമൊക്കെ.
(തുടരും)
അടുത്തതായി- മറിയം റഷീദയുടെ മകളെ അവരുടെ മുന്നിലിട്ട് ബാലത്സംഗം ചെയ്യുമെന്ന് പറഞ്ഞു
Recent Comments