മമ്മൂക്കയുമായുള്ള അടുപ്പം തുടങ്ങുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ആ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത് പിന്നീട് അദ്ദേഹത്തോടുള്ള ആരാധനയായി പടര്‍ന്നിറങ്ങി. പത്രത്താളുകളിലും ചലച്ചിത്രപ്രസിദ്ധീകരണങ്ങളിലും വന്നിരുന്ന മമ്മൂക്കയുടെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് നോട്ടുബുക്കുകളിലും മുറിയുടെ ചുമരിലും ഒട്ടിച്ചിരുന്ന ഒരു കൗമാരക്കാലവും എനിക്കുണ്ടായിരുന്നു.
ഒരു വെള്ളിയാഴ്ച റിലീസാവുന്ന അനവധി നായകചിത്രങ്ങളില്നിന്ന് ഞാന്‍ തെരഞ്ഞെടുത്ത് കണ്ടിരുന്നത് മമ്മൂക്കയുടെ സിനിമകളായിരുന്നു. അങ്ങനെ ആദ്യമായി തീയേറ്ററില്‍ പോയി കണ്ട സിനിമ സൈന്യമാണ്. അതൊരു അനുഭവമായിരുന്നു. ആവേശവും. അതിനുമുമ്പുവരെയും ടെലിവിഷനിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നത്.
സത്യത്തില്‍ മമ്മൂക്കയാണ് സിനിമയോടുള്ള എന്റെ ഇഷ്ടം വളര്‍ത്തിയത്. എന്റെ ജീവിതംതന്നെ സിനിമയാണെന്നുള്ള തിരിച്ചറിവ് നല്‍കിയത്.
പിന്നെ എങ്ങനെയും സിനിമയില്‍ എത്തിപ്പെടാനുള്ള തത്രപ്പാടുകളായിരുന്നു. ഒടുവില്‍ ആ ശ്രമം വിജയംകണ്ടു. ഷാഫി സാറിന്റെ സംവിധാന സഹായിയായി അരങ്ങേറ്റം കുറിച്ചു. കല്യാണരാമനായിരുന്നു ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രം തൊമ്മനും മക്കളും. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചാണ് ഞാനാദ്യമായി മമ്മൂക്കയെ കാണുന്നത്. അദ്ദേഹം കാറില്‍ വന്നിറങ്ങിയ ആ ദിവസം ഇന്നുമെന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.
ആ ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ചാണ് മമ്മൂക്ക അദ്ദേഹം കൊണ്ടുവന്ന ഹാന്റിക്കാം എന്നെ ഏല്‍പ്പിച്ചിട്ട് അതില്‍ അഭിനയിച്ചുകൊണ്ടിരുന്നവരുടെ എല്ലാം അനുഭവങ്ങള്‍ പകര്‍ത്താന്‍ പറഞ്ഞത്. പത്ത് സിനിമ ചെയ്യുന്നതിനേക്കാളും സന്തോഷമായിരുന്നു ആ ദൗത്യം അദ്ദേഹം എന്നെ ഏല്‍പ്പിച്ചപ്പോള്‍ തോന്നിയത്. തൊമ്മനും മക്കളിനുശേഷം മമ്മൂക്കയുടെ നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറാകാനുള്ള ഭാഗ്യം എനിക്കുണ്ടായി.
ഒരു അസിസ്റ്റന്റ് ഡയറക്ടറെ സംബന്ധിച്ചിടത്തോളം അയാളുടെ അടുത്ത കടമ്പ സ്വന്തമായൊരു സിനിമയാണ്. ഈ ആഗ്രഹം തുറന്നു പറയുമ്പോള്‍ തിരക്കഥാകൃത്തായ ഉദയേട്ടന് എന്നോട് ചോദിച്ചത് ‘മമ്മൂക്കയുടെ ചിത്രമാണോടാ’ എന്നായിരുന്നു. സത്യത്തില്‍ അതുതന്നെയായിരുന്നു എന്റെ സ്വപ്നവും ആഗ്രഹവും. സിബി-ഉദയന്മാര് എഴുതിത്തരാമെന്ന് ഏറ്റു. ഈയൊരു ആവശ്യവുമായി മമ്മൂക്കയെ കാണാന്‍ ചെന്നു. ‘തിരക്കഥ നിന്റെയാണോടാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. സിബി-ഉദയന്മാരുടെതാണെന്ന് അറിഞ്ഞപ്പോള്‍ എഴുതിക്കൊള്ളാന്‍ പറഞ്ഞു. ഒരു തുടക്കക്കാരനെന്ന നിലയില്‍ അതും എനിക്ക് കിട്ടിയ സൗഭാഗ്യങ്ങളിലൊന്നായിരുന്നു.
രാജാധിരാജയ്ക്ക് മുമ്പ് രണ്ട് കഥകള്‍ കൂടി മമ്മൂക്കയോട് പറഞ്ഞിരുന്നു. രണ്ടും അദ്ദേഹത്തിന് ഇഷ്ടമായി. വലിയ സ്റ്റാര്‍ കാസ്റ്റിംഗും അത്രതന്നെ ബഡ്ജറ്റും വേണ്ട സിനിമകളാണ്. അതുകൊണ്ട് രണ്ട് ചിത്രങ്ങളും ഒഴിവാക്കേണ്ടി വന്നു. ഒടുവില്‍ രാജാധിരാജയിലേയ്ക്ക് എത്തിച്ചേര്‍ന്നു.
ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം തന്നെ മമ്മൂക്കയെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി എങ്ങനെ ആക്ഷനും കട്ടും പറയും എന്ന ഭയപ്പാടിലായിരുന്നു ഞാന്‍. അതുകൊണ്ട് മറ്റ് നടന്മാരെവച്ച് തുടങ്ങാനായിരുന്നു എന്റെ പ്ലാന്‍. എന്നാല്‍ ആദ്യദിവസംതന്നെ മമ്മൂക്ക എത്തിക്കോളാമെന്ന് പറഞ്ഞപ്പോള്‍ ശരിക്കും പെട്ടത് ഞാനാണ്. പറഞ്ഞാല്‍ വിശ്വസിക്കില്ല, ഷൂട്ടിംഗിന് തലേന്ന് ഞാന്‍ ഒരുപോള കണ്ണടച്ചില്ല. മമ്മൂട്ടി എന്ന മഹാനടനെ വച്ച് എങ്ങനെ ഷൂട്ട് ചെയ്യും എന്ന ഭയപ്പാടോടെയാണ് ആ രാത്രി മുഴുവനും കഴിച്ചുകൂട്ടിയത്.
പക്ഷേ ഭയന്നതുപോലെ സംഭവിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹം തന്ന പിന്തുണ എനിക്ക് കരുത്തായി. ആ കരുത്തില്‍ ഒന്നല്ല പിന്നീട് മൂന്ന് ചിത്രങ്ങള്‍ ചെയ്തു. ഇനിയും അനവധി ചിത്രങ്ങള്‍ ചെയ്യാന്‍ കൊതിക്കുന്നു.
ഇതിനിടെ എന്നെ ശകാരിച്ചിട്ടുള്ള സന്ദര്‍ഭങ്ങളുമുണ്ട്. അതെന്നെ തിരുത്താനാണെന്ന് വിശ്വസിക്കുന്നു, എന്നോടുള്ള സ്നേഹംകൂടുതല് കൊണ്ടാണെന്നും.
ഇന്നും മമ്മൂക്കയുടെ വീട്ടില്‍ പോകണമെന്നുണ്ടെങ്കില്‍ ആവേശത്തോടെ ഇറങ്ങി പുറപ്പെടും. പക്ഷേ ആ വീടിനടുത്തെത്തുമ്പോഴേക്കും എന്റെ ചങ്ക് പിടയ്ക്കാന്‍ തുടങ്ങും. എന്തോ ആ ഭയം ഇന്നും എന്നെ വിട്ടുമാറിയിട്ടില്ല…
Recent Comments