മോഹന്‍ലാലിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ബാലന് കെ. നായരാണ്. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ വുഡ്ലാന്റ് ഹോട്ടലില്‍ എത്തിയതായിരുന്നു ഞാന്‍. അന്നവിടെ ലാലും ഉണ്ടായിരുന്നു. ‘എന്റെ പ്രിയപ്പെട്ട കുട്ടന്’ എന്ന് പറഞ്ഞാണ് ലാലിനെ എനിക്കദ്ദേഹം പരിചയപ്പെടുത്തിത്തന്നത്. ഞാനുമായി ലാല്‍ പെട്ടെന്ന് സൗഹൃദത്തിലായി. അന്ന് ഞാന്‍ ഹരിഹരന്‍സാറിന്റെ സെക്കന്റ് അസിസ്റ്റന്റാണ്. ഒരു സിനിമ ചെയ്യാന്‍ വിദൂരസാദ്ധ്യതപോലും ഇല്ലാതിരുന്ന കാലം. എങ്കിലും ഞാനൊന്ന് മനസ്സില്‍ കുറിച്ചിട്ടു. എന്നെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതില്‍ ഈ ചെറുപ്പക്കാരനുമുണ്ടാകണം. ഞാന്‍ വാക്ക് പാലിച്ചു. ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ആദ്യ സിനിമയില്‍ ലാലിനായി ഞാനൊരു വേഷം മാറ്റിവച്ചു. വിനു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. നായകന്റെ (ശങ്കര്‍) സുഹൃത്തിന്റെ വേഷമാണ്.
മദ്രാസിലെ സവേര ഹോട്ടലിലായിരുന്നു സിനിമയുടെ പ്രീമിയര്‍ഷോ വച്ചിരുന്നത്. മുഖ്യ അതിഥിയായി ക്ഷണിച്ചിരുന്നത് എന്റെ ഗുരുനാഥന് ഹരിഹരന് സാറിനെയാണ്. ഷോയ്ക്ക് മുമ്പായി സിനിമയുടെ ക്ലൈമാക്സ് റീല്‍ മാത്രം വേളാങ്കണ്ണിയില്‍ കൊണ്ടുപോയി പൂജിക്കാന്‍ തീരുമാനിച്ചു.
രണ്ട് കാറുകളിലായിട്ടാണ് ഞങ്ങളുടെ യാത്ര. ലാലും ഞാനും എന്റെ സുഹൃത്തുമായിരുന്നു ഒരു കാറില്‍. നിര്‍മ്മാതാക്കളായ ബേബി പോളും ബാബുപോളുമായിരുന്നു മറ്റൊരു കാറില്‍. ലാലാണ് ഞങ്ങളുടെ കാര്‍ ഓടിച്ചിരുന്നത്.
വേളാങ്കണ്ണിയിലെത്തി. പ്രാര്‍ത്ഥനയിലും കുര്‍ബാനയിലും പങ്കുകൊണ്ടു. റീലും പൂജിച്ചുവാങ്ങി.
ഏഴു നൊയമ്പ് എടുത്തിരുന്ന നാളുകളായിരുന്നു. പൂജ കഴിച്ചുവന്നതിന് പിന്നാലെ അത് മുറിക്കാന്‍ തീരുമാനിച്ചു. ഒരു ബാര്‍ഹോട്ടലില്‍ കയറി ബിയര്‍ കുടിച്ചു. നെയ്ച്ചോറും ചിക്കനും കഴിച്ചു.
വൈകുന്നേരം മൂന്ന് മണിയാകുന്നു. ഷോ തീരുന്നതിനുമുമ്പേ സവേരയിലെത്തണം. അങ്ങോട്ടും വണ്ടി ഓടിച്ചിരുന്നത് ലാലാണ്. ലാല്‍ കാറിന്റെ വേഗത കൂട്ടാന്‍ തുടങ്ങി. 110 കിലോമീറ്റര്‍ വേഗതയിലായിരുന്നു ആ മേഴ്സിഡസ് ബന്‍സ് അപ്പോള്‍ ഓടിക്കൊണ്ടിരുന്നത്. ഞങ്ങളുടെ പിന്നാലെ എത്താന്‍ അംബാസഡര്‍ കാര്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
ബിയര്‍ കുടിച്ചതുകൊണ്ടാവാം ഞാനൊന്ന് മയങ്ങിപ്പോയി. ഞെട്ടി എഴുന്നേറ്റത് കാറിന്റെ ബാലന്‍സ് തെറ്റുന്നെന്ന് തോന്നിയപ്പോഴാണ്. കണ്ണ് തുറക്കുമ്പോള്‍, പൂഴിമണലിലൂടെ അതിവേഗം പാഞ്ഞുപോകുന്ന കാറ് ഒരു മരത്തെ ലക്ഷ്യമാക്കി നീങ്ങുന്നതാണ് കണ്ടത്. കാറ് വലത്തേയ്ക്ക് വെട്ടിച്ച് ലാല്‍ അപകടം ഒഴിവാക്കിയെങ്കിലും എതിരെ വന്ന ഒരു മിലിട്രി ട്രക്കിന്റെ മുന്നിലേക്കാണ് അത് കയറിച്ചെന്നത്. രണ്ട് വണ്ടികളും നേര്‍ക്കുനേര്‍. പരസ്പരം ഇടിച്ച് തകരുമെന്ന് തോന്നി. മരണത്തെ മുഖാമുഖം കണ്ട നിമിഷം. ഞാന്‍ കാറിലിരുന്ന് അലറി. ലാല്‍ മനസ്സാന്നിദ്ധ്യം വിട്ടിരുന്നില്ല. കാറ് വീണ്ടും വെട്ടിച്ചുമാറ്റി അപകടത്തെ തരണംചെയ്തു.
ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു. ഞാന്‍ ലാലിനിട്ട് അടി കൊടുത്തു. വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ലാല്‍ കേട്ടഭാവം കാണിച്ചില്ല. ഡ്രൈവിംഗ് തുടരുകയാണ്. ഒടുവില്‍ പലതുംപറഞ്ഞ് വണ്ടി നിര്‍ത്തിച്ചു. ഞങ്ങളുടെ പിറകെയുണ്ടായിരുന്ന വണ്ടിയും അവിടെയെത്തി. അവരും ഭയന്നുവിറച്ചിരിക്കുകയായിരുന്നു. ബേബി പോള്‍ ചാടിയിറങ്ങി എന്താണ് സംഭവിച്ചതെന്ന് ലാലിനോട് ചോദിച്ചു. ഒരു വണ്ടിക്ക് സൈഡ് കൊടുക്കാന്‍ ശ്രമിച്ചതാണെന്നായിരുന്നു ലാലിന്റെ ലാഘവത്തോടെയുള്ള മറുപടി. ഇനി താന്‍ വണ്ടി ഓടിച്ചോളാമെന്ന് പറഞ്ഞ് ബേബി ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി. ലാല്‍ സമ്മതിച്ചില്ല. മദ്രാസ് വരെ ലാല്‍തന്നെ വണ്ടി ഓടിച്ചു. പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. രാത്രി ഏഴ് മണിയോടെ ഞങ്ങള്‍ സവേരയിലെത്തി. അപ്പോഴും ഷോ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
മരണമുഖത്തുനിന്ന് കഷ്ടിച്ചുമാത്രം രക്ഷപ്പെട്ടുവന്ന ആദ്യ ദിവസത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെയുള്ളില്‍ ഒരു ഞെട്ടല്‍ ഉണ്ടാകാറുണ്ട്. ഈ സംഭവം ലാല്‍ ഓര്‍ക്കുന്നുകൂടി ഉണ്ടാവില്ല. ഒന്നിനെയും തലയിലേറ്റി നടക്കുന്ന ശീലം അദ്ദേഹത്തിനില്ലല്ലോ.
Recent Comments