മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകപ്രതിഭകളില് ഒരാളാണ് ഭരതന്. നല്ലൊരു ചിത്രകാരന് കൂടിയായിരുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും വേറിട്ടു നിന്നു. തന്റെ സിനിമയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും ആദ്ദേഹം തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച അഭിനേതാക്കള്‍വരെ ഭരതന്റെ റീടേക്കുകള്‍ക്ക് വിധേയമായിട്ടുണ്ട്.
1992 ല്‍ തകരയുടെ തമിഴ് റീമേക്കായ ആവാരംപൂ ഗംഭീര വിജയം നേടിയിരുന്നു. വിനീതും നാസറും നന്ദിനിയും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രംകൂടിയായിരുന്നു അത്. ആവാരംപൂവിന് മുമ്പ് ഒരു തമിഴ് ചിത്രം മാത്രമേ ഭരതന് സംവിധാനം ചെയ്തിട്ടുള്ളൂ. മേനക നായികയായി അഭിനയിച്ച സാവിത്രി. ഏറെ നിരൂപക പ്രശംസ നേടിയെടുത്തുവെങ്കിലും തീയേറ്ററില്‍ ചിത്രം വന്‍ പരാജയമായിരുന്നു. എന്നാല്‍ ആവാരംപൂവിന്റെ വിജയത്തിലൂടെ തമിഴ് സിനിമാലോകം ഭരതനിലേയ്ക്ക് തിരിയാന്‍ തുടങ്ങി.
ആ സമയത്താണ് കമല്ഹാസന് രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ പുതിയൊരു ചിത്രത്തിന് തുടക്കമിട്ടത്. മുക്ത ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകനായി ആദ്യം കരാര്‍ ചെയ്യപ്പെട്ടത്. പല കാരണങ്ങള്‍കൊണ്ടും പ്രോജക്ട് നീണ്ടുപോയപ്പോള്‍ മുക്ത ശ്രീനിവാസന് പിന്മാറി. പിന്നീട് അനന്തുവെന്ന അസോസിയേറ്റ് ഡയറക്ടറെ സംവിധാനച്ചുമതല ഏല്‍പ്പിക്കാനും ശ്രമം നടന്നു. അതും വിജയിക്കാതെ വന്നപ്പോഴാണ് കമല്‍ ഭരതനെ സമീപിക്കുന്നത്. അതിന് പ്രധാന കാരണം ആവാരംപൂവിന്റെ വിജയം തന്നെയായിരുന്നു.
ചിത്രത്തില്‍ അച്ഛനും മകനുമായി വേഷമിട്ടത് ശിവാജി ഗണേശനും കമല്‍ഹാസനുമായിരുന്നു. വലിയ തേവരാണ് ശിവാജിഗണേശന്റെ കഥാപാത്രം. ആ ഗ്രാമത്തിലെ ഏത് പ്രശ്നങ്ങള്‍ക്കും അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വലിയ തേവരാണ്. ചിത്രത്തിലെ അതിപ്രധാനമായ ഒരു രംഗം ചിത്രീകരിക്കുകയാണ് സംവിധായകന് ഭരതന്. ശിവാജിയും കമലുമാണ് ക്യാമറയ്ക്ക് മുന്നില്‍. രംഗം പൂര്ണ്ണമാകുന്നതിനുമുമ്പേ ഭരതന് കട്ട് പറഞ്ഞു. തന്റെ ഭാഗത്തെ പിഴവാണെന്ന് കരുതി കമല്‍ ഭരതന്റെ അടുക്കലെത്തി. തെറ്റിയ ഭാഗം പറഞ്ഞാല്‍ താന്‍ അത് ഒന്നുകൂടി ചെയ്യാം എന്നായി കമല്‍. പക്ഷേ ഭരതന്റെ മറുപടി മറ്റൊന്നായിരുന്നു. ‘നിങ്ങള്‍ നന്നായി, പക്ഷേ ശിവാജിസാര് ശരിയായില്ല. ഞാന്‍ വിചാരിച്ച രീതിയില്‍ അത് വന്നിട്ടില്ല.’ ഭരതന്റെ മറുപടി കമലിന് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു. ‘അയ്യയെ (ശിവാജി ഗണേശനെ കമല്ഹാസന് വിളിച്ചിരുന്നത് അങ്ങനെയാണ്)പോലൊരു അഭിനേതാവിനെ റീടേക്കിന് നിര്‍ബ്ബന്ധിക്കുന്നത് ശരിയല്ല.’ കമല്‍ പറഞ്ഞു. പക്ഷേ ഭരതന് തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു.
അവര്‍ തമ്മിലുള്ള തര്‍ക്കം ശ്രദ്ധിച്ചുനില്ക്കുകയായിരുന്നു ശിവാജി. ‘എന്റെ അഭിനയരീതിക്ക് ഏതെങ്കിലും കുഴപ്പമുണ്ടോ?’ ശിവാജി തിരക്കി. ‘അയ്യാ ഒന്നുമില്ല, ഞങ്ങള്‍ വേറെ കാര്യങ്ങള്‍ പറയുകയായിരുന്നു.’ കമല്‍ മറുപടി പറഞ്ഞു. എന്നാല്‍ ഭരതനാകട്ടെ പെട്ടെന്ന് ശിവാജിയെ നോക്കി പറഞ്ഞു. ‘താങ്കള്‍ ഇപ്പോള്‍ അഭിനയിച്ച രീതി ശരിയായില്ല, ആ കഥാപാത്രത്തെ താങ്കള്‍ വേണ്ടവിധം ഉള്‍ക്കൊണ്ടില്ല.’ പെട്ടെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് ശിവാജി പറഞ്ഞു. ‘ഡയറക്ടര്‍ സാര്‍, ഞാന്‍ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് പഠിപ്പിച്ചുതരൂ.’ അപ്പോള്‍ ഭരതന് പറഞ്ഞു. ‘താങ്കള്‍ ഈ നാടിന്റെ നേതാവാണ്, വലിയ തേവരാണ്. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ നടന്നുവന്നത് ഒരു സാധാരണക്കാരനെപ്പോലെയാണ്, ഒരു ചിന്ന തേവര്.’ ഭരതന്റെ അഭിപ്രായം ശ്രദ്ധിച്ചുകേട്ടശേഷം അദ്ദേഹം അടുത്ത ടേക്കിന് റെഡിയായി. തന്റെ ശരീരഭാഷയില്‍ മാറ്റങ്ങള്‍ വരുത്തി അഭിനയിച്ചു. അത് ഭരതന് ഇഷ്ടമായി. ഒറ്റ ടേക്കില്‍ അത് ഓക്കെയാവുകയും ചെയ്തു.
തേവര്‍മകന്റെ സെറ്റില്‍വച്ച് നടന്ന ഈ രസകരമായ സംഭവം അടുത്തിടെ പങ്കുവച്ചത് കമല്‍ഹാസനായിരുന്നു. ചരിത്രവിജയം കുറിച്ച തേവര് മകനെത്തേടി ഒന്നില്‍കൂടുതല്‍ ദേശീയ അവാര്‍ഡുകളെത്തി. മികച്ച തമിഴ് സിനിമയ്ക്കും മികച്ച സഹനടിക്കും പുറമെ ശിവാജിക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരവും ലഭിച്ചു. എന്നാല്‍ അത് അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്.
Recent Comments