പ്രശസ്ത സംവിധായകന് കെ.എസ്. സേതുമാധവന് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. 90 വയസ്സുണ്ടായിരുന്നു.
കെ. രാമനാഥന്റെയും എല്‍.വി. പ്രസാദിന്റെയും എ.എസ്.എ. സ്വാമിയുടെയും കീഴില്‍ സംവിധാനസഹായിയായി തുടങ്ങിയ സേതുമാധവന് ആദ്യമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ടി.ഇ. വാസുദേവന്‍ നിര്‍മ്മിച്ച ജ്ഞാനസുന്ദരിയായിരുന്നു. പിന്നീട് മലയാളത്തിലെ എണ്ണംപറഞ്ഞ സിനിമകള്‍ സേതുമാധവനിലൂടെ പുറത്തു വന്നു. അതിലേറെയും മലയാളത്തിലെ മികച്ച സാഹിത്യസൃഷ്ടികളെ അധീകരിച്ച് ചെയ്ത സിനിമകളായിരുന്നു. ഓടയില്‍നിന്ന്, യക്ഷി, അരനാഴിക നേരം, ഓപ്പോള്, ചട്ടക്കാരി, പണി തീരാത്ത വീട് തുടങ്ങിയവ അതില്‍ ചിലത് മാത്രം.
സത്യന് എന്ന അഭിനയപ്രതിഭയെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍കൂടിയാണ് കെ.എസ്. സേതുമാധവന്.
മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നാല് തവണ അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമായി അച്ഛനും ബാപ്പയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ മികച്ച പ്രാദേശിക ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും പലതവണ അദ്ദേഹം സ്വന്തമാക്കി.
മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി 2009 ല്‍ സംസ്ഥാനസര്‍ക്കാര്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Recent Comments