മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന് നേരിട്ട വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയെന്നതല്ല അവരുടെ അഭിരുചികളെ മാറ്റിമറിക്കാനും സംവിധായകന് കഴിയണമെന്ന് ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടു.
‘കുട്ടിക്കാലം മുതല്‍ സിനിമയില്‍ കണ്ട അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്ക്കരിക്കാനാണ് മലൈക്കോട്ടൈ വാലിബനില്‍ ശ്രമിച്ചത്. എന്റെ മനസ്സില്‍ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചന്സാറും രജനിസാറും സ്ക്രീനില്‍ നിറഞ്ഞാടിയ സിനിമകളില്ലേ… കയ്യടിച്ചും വിസിലടിച്ചും തിയേറ്ററില്‍ ആസ്വദിച്ച സിനിമകള്‍! മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റിമറിക്കുവാന്‍ സംവിധായകന് കഴിയണം. അവരുടെ ചലച്ചിത്രാസ്വാദനനിലവാരത്തെ ഉയര്‍ത്താന്‍ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാല്‍ സിനിമ നിര്‍മ്മിക്കുക എന്നതുമാത്രമല്ല. എന്തു കാരണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാകണം. അതും സംവിധാനത്തില്‍ പെടും.’ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
Recent Comments