എന്ന് നിന്റെ മൊയ്തീനും ചിത്രീകരണം തുടങ്ങിയ കര്‍ണ്ണനും ശേഷം ആര്.എസ്. വിമല്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ധര്‍മ്മരാജ്യമാണ്. പൂര്‍ണ്ണമായും ലണ്ടനിലാണ് ധര്‍മ്മരാജ്യം ഷൂട്ട് ചെയ്യുന്നത്. മെയ് ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. അതിനുമുമ്പ് മറ്റൊരു ചിത്രവുമായി വിമല്‍ എത്തുന്നു. അതിന്റെ നിര്‍മ്മാതാവ് മാത്രമല്ല, ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണ്. വിമലിന്റെ കീഴില്‍ സംവിധാന സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണ് അദ്ദേഹം നിര്‍മ്മാതാവിന്റെ വേഷം കൂടി അണിയുന്നത്. വിമലിന് ഒരു നിര്‍മ്മാണ പങ്കാളികൂടിയുണ്ട്, ഡോ. സുരേഷ്. യുണൈറ്റഡ് ഫിലിം കിംഗ്ഡം എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ആ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രംകൂടിയാണ് ചെത്തിമന്ദാരം തുളസി.
‘ചെത്തിമന്ദാരം തുളസി താല്‍ക്കാലികമായി ഇട്ട പേരാണ്. വൈകാതെ അത് മാറ്റും.’ വിമല്‍ പറയുന്നു.
‘രണ്ട് തലമുറകളുടെ പ്രണയം പറയുന്ന ചിത്രമാണ് ചെത്തിമന്ദാരം തുളസി. എന്ന് നിന്റെ മൊയ്തീനിലെ പ്രണയം ആര്ദ്രമായിരുന്നുവെങ്കില് ഇത് കുറച്ചുകൂടി രസാവഹമായ പ്രണയമാണ്. സണ്ണി വെയ്നും അപര്ണാദാസുമാണ് ഒരു പ്രണയജോഡികള്‍. വിജയ്ബാബുവും അനു സിത്താരയുമാണ് മറ്റൊരു പ്രണയജോഡികള്‍. ഇതില്‍ ആദ്യത്തെ പ്രണയജോഡികള്‍ രണ്ടാമത്തെ പ്രണയജോഡികളോട് അടുക്കുന്ന സമയം ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഞാന്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഡിസംബര്‍ 7 ന് തിരുവനന്തപുരത്ത് പൂജയോടുകൂടി ഷൂട്ടിംഗ് തുടങ്ങും. അതിന് മുന്നോടിയായി ഡിസംബര്‍ 3 ന് ഒരു വി.എഫ്.എക്സ് സ്റ്റുഡിയോയും ഞങ്ങള്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്നു. യു.എഫ്.കെ-വി.എഫ്.എക്സ് സ്റ്റുഡിയോ എന്നാണ് അതിന്റെ പേര്. കര്‍ണ്ണന്റെയും ധര്മ്മരാജ്യത്തിന്റെയുമടക്കം വി.എഫ്.എക്സ് ജോലികള്‍ ഇവിടെയാണ് നടക്കുന്നത്.’ വിമല്‍ പറഞ്ഞു.
അനില്‍നായര്‍ ഛായാഗ്രഹണവും ഗോകുല്‍ദാസ് കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരനാണ്. പ്രകാശ് അലക്സിനും റഫീക് അഹമ്മദിനുമാണ് സംഗീത വിഭാഗത്തിന്റെ ചുമതല.
Recent Comments