നിവിന്‍ പോളി നായകനായി എത്തിയ ‘സാറ്റര്‍ഡേ നൈറ്റി’ന് ശേഷം ബോളിവുഡ് ചിത്രവുമായി റോഷന് ആന്‍ഡ്രൂസ്. സംവിധായകരായ പ്രിയദര്ശന്, ജീത്തു ജോസഫ് തുടങ്ങിയവര്‍ക്ക് ശേഷം ബോളിവുഡില്‍ എത്തുന്ന സംവിധായകന് എന്ന ബഹുമതി ഇതിലൂടെ റോഷന് ആന്‍ഡ്രൂസ് സ്വന്തമാക്കിയിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെയാണ് റോഷന് ആന്‍ഡ്രൂസ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് സിദ്ധാര്‍ഥ് റോയ് കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. നോട്ട്ബുക്ക്, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര് യു തുടങ്ങി റോഷന് ആന്‍ഡ്രൂസിന്റെ ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ ഒരുക്കിയ ബോബി, സഞ്ജയ്ക്കൊപ്പം പ്രമുഖ ബോളിവുഡ് നടനും എഴുത്തുകാരനുമായ ഹുസൈന് ദലാലുമായും ചേര്‍ന്നാണ് റോഷന് ആന്‍ഡ്രൂസ് പുതിയ ചിത്രം ഒരുക്കുന്നത്. അടുത്തിടെ ഇറങ്ങിയ ബ്രഹ്മാസ്ത്രയുടെ തിരക്കഥാകൃത്തും ഹുസൈന് ദലാലാണ്.
ഹിറ്റുകളും ഫ്ളോപ്പുകളും കരിയറിന്റെ ഭാഗമാണെന്നാണ് റോഷന് തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. വിജയങ്ങള്‍ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങള്‍ അംഗീകരിക്കാനും തയ്യാറാകണമെന്നും റോഷന് വ്യക്തമാക്കുന്നു. റോഷന് ആന്‍ഡ്രൂസിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ:
‘കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ ചിത്രങ്ങളെയും പിന്തുണയ്ക്കുന്നതിന് നന്ദി. ഹിറ്റുകളും ഫ്ളോപ്പുകളുമെല്ലാം ഈ കളിയുടെ ഭാഗമാണ്… വിജയങ്ങള്‍ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങള്‍ അംഗീകരിക്കുന്നതും നല്ലതാണ്. ഞാന്‍ തിരിച്ചുവരും! എഴുത്തുകാരായ ബോബി, സഞ്ജയ്, ഹുസൈന് ദലാല്‍ എന്നിവരുമായി ചേര്‍ന്ന് മാര്‍ച്ചില്‍ ആരംഭിക്കുന്ന എന്റെ അടുത്ത ചിത്രം നിര്‍മിക്കുന്നത് സിദ്ധാര്‍ഥ് റോയ് കപൂര്‍ ആണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില് ഒരാളായ നടന് ഷാഹിദ് കപൂറിനൊപ്പം എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരായ ബോബിയും സഞ്ജയും എനിക്കായി തിരക്കഥയും ഹുസൈന് ദലാല്‍ സംഭാഷണങ്ങളും എഴുതുന്നു. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ തന്റെ ആര്‍കെഎഫിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍ 16 മുതല്‍ ആരംഭിക്കും’.
ബദ്മാഷ് കമ്പനി, കമീനെ, ജാബ് വി മെറ്റ്, ഹൈദര്‍, ഉഡ്താ പഞ്ചാബ്, കബീര്‍ സിംഗ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിലെ നായകനാണ് ഷഹീദ് കപൂര്‍.
Recent Comments