സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന് അന്തരിച്ചു. അല്‍പ്പം മുമ്പ് മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 65 വയസ്സുണ്ടായിരുന്നു. മൂത്രത്തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത പനി ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ രോഗം മൂര്‍ച്ചിക്കുകയും മരണത്തിന് കീഴ്പ്പെടുകയുമായിരുന്നു.
പ്രശസ്ത സംവിധായകന് ശിവന്റെ മൂത്ത മകനാണ് സംഗീത് ശിവന്. സന്തോഷ് ശിവനും സഞ്ജീവ് ശിവനും സഹോദരങ്ങളാണ്. രഘുവരനും സുകുമാരനും നായകകഥാപാത്രങ്ങളെ അവതരിപ്പിച്ച വ്യൂഹം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംഗീതിന്റെ അരങ്ങേറ്റം. സംഗീതിനെ പ്രശസ്തനാക്കിയത് യോദ്ധ എന്ന ചലച്ചിത്രമാണ്. മോഹന്‍ലാലും ജഗതി ശ്രീകുമാറും തകര്‍ത്താടിയ യോദ്ധയിലൂടെയാണ് എ.ആര്. റഹ്മാന് മലയാളത്തില്‍ ആദ്യമായി സംഗീതസംവിധായകനാകുന്നത്. അരവിന്ദ് സ്വാമിയെ മലയാളത്തില്‍ അവതരിപ്പിച്ചതും സംഗീത് ശിവനാണ്. ചിത്രം ഡാഡി. തുടര്‍ന്ന് ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയ ചലച്ചിത്രങ്ങളും എഴുതി സംവിധാനം ചെയ്തു. സണ്ണി ഡിയോളും സുസ്മിതാ സെന്നും ജോഡികളായി എത്തിയ സോര്‍ ആണ് സംഗീത് ശിവന് സംവിധാനം ചെയ്ത ആദ്യ ഹിന്ദി ചിത്രം. തുടര്‍ന്ന് ചുരാലിയാ ഹൈ തുംനേ, ക്യാ കൂല് ഹൈ ഹം, അപ്ന സപ്ന മണി മണി, ക്ലിക്ക് തുടങ്ങിയ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തു. നിലവില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നുകൊണ്ട് പോയത്.
നിലവില്‍ മറ്റൊരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മുംബയിലുള്ള സന്തോഷ് ശിവന് ആശുപത്രിയിലേയ്ക്ക് എത്തിച്ചേരും. അതിനുശേഷമേ ഭൗതികശരീരം നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനെ സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
ജയശ്രീയാണ് ഭാര്യ. സജന, ശന്തനു എന്നിവര്‍ മക്കളാണ്.
Recent Comments