കേരളത്തില്‍ സൗദി എന്ന പേരില്‍ ഒരു സ്ഥലമുള്ള കാര്യം ഞങ്ങള്‍ക്കറിയില്ലായിരുന്നു. തരുണ്‍ മൂര്‍ത്തി അത് പറഞ്ഞ് തരുന്നതുവരെയും.
ഓപ്പറേഷന് ജാവ എന്ന സിനിമയുടെ സംവിധായകനാണ് തരുണ്‍ മുര്‍ത്തി. ഓപ്പറേഷന് ജാവയുടെ സ്വപ്നതുല്യമായ വിജയത്തിനുശേഷം അദ്ദേഹം ഒരുക്കുന്ന പുതിയ ചിത്രമാണ് സൗദി വെള്ളയ്ക്ക. ടൈറ്റില്‍ കേട്ടപ്പോള്‍ തോന്നിയത് സൗദി അറേബ്യയിലെ വെള്ളയ്ക്കയായിരിക്കുമെന്നാണ്. അതാണ് തരുണ്‍മൂര്‍ത്തി തിരുത്തിയത്.
‘കൊച്ചിയില്‍ ചെല്ലാനത്തിനടുത്ത് സൗദി എന്ന പേരില്‍ ഒരു സ്ഥലമുണ്ട്. അവിടുത്തെ വെള്ളയ്ക്കയുടെ പേരിലുണ്ടാകുന്ന പ്രശ്നമാണ് സിനിമ. യഥാര്‍ത്ഥത്തില്‍ ഇതൊരു നടന്ന സംഭവമാണ്. തിരുവനന്തപുരത്താണെന്നുമാത്രം. തിരുവനന്തപുരത്തുനിന്ന് കഥയെ മറ്റൊരിടത്തേയ്ക്ക് പറിച്ചുനടാനുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് സൗദിയിലേയ്ക്ക് എത്തിച്ചേരുന്നത്.’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
എം.ടെക് പൂര്‍ത്തിയാക്കിയശേഷം, നല്ലൊരു കോളേജിലെ അദ്ധ്യാപകവൃത്തിയും ഉപേക്ഷിച്ചാണ് തരുണ്‍മൂര്‍ത്തി സിനിമയിലേയ്ക്കുള്ള ഭാഗ്യം തേടിയിറങ്ങിയത്. ആരുടെയും കീഴില്‍നിന്ന് സിനിമ പഠിച്ചിട്ടുമില്ല. സിനിമയെ അത്രകണ്ട് പ്രണയിച്ചതുകൊണ്ടാവാം ആദ്യ ചലച്ചിത്രസൃഷ്ടി തന്നെ തരുണ്‍ മുര്ത്തിയെയും ചേര്‍ത്തുനിര്‍ത്തിയത്.
‘ഒന്നുമില്ലായ്മയില്‍നിന്ന് തുടങ്ങിയ ഒരു ചിത്രമെന്ന നിലയില്‍ ഓപ്പറേഷന് ജാവയോട് ഇന്നും പ്രത്യേകമായൊരു വാത്സല്യമുണ്ട്. സത്യം പറഞ്ഞാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്ക്കുകള്ക്കുശേഷമാണ് ആ സിനിമ ഒന്ന് ജീവന്‍വച്ച് തുടങ്ങിയതുപോലും. എന്നാല്‍ സൗദി വെള്ളയ്ക്കയുടെ കാര്യം അങ്ങനെയല്ല. എഴുതിത്തുടങ്ങുന്നതുമുതല് എന്തോ ഒരു അനുഗ്രഹം ചൊരിഞ്ഞുനില്ക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. ഓപ്പറേഷന് ജാവ പോലെ ഒരു ത്രില്ലറല്ല സൗദി വെള്ളയ്ക്ക. ഒരു കൂട്ടം മനുഷ്യരുടെ നിത്യജീവിതത്തിലെ അനുഭവങ്ങളും ആകാംക്ഷകളുമൊക്കെ ചേര്‍ന്നു നില്ക്കുന്ന സിനിമയാണത്. അതുകൊണ്ടുതന്നെ സ്റ്റാര്‍ഡം ഉള്ള താരങ്ങളെയായിരുന്നില്ല സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഇമേജുകളില്ലാത്ത അഭിനേതാക്കളെയായിരുന്നു. അതുകൊണ്ടാണ് ലുക്ക്മാന്‍ അവറാനും സുജിത്ത് ശങ്കറും ഗോകുലനും ബിനു പപ്പുവും സിദ്ധാര്‍ത്ഥ് ശിവയും പോലെയുള്ളവര്‍ ഈ സിനിമയിലെ താരനിരയില്‍ ഇടംപിടിച്ചത്.’ തരുണ്‍മൂര്‍ത്തി പറഞ്ഞു.
ഉര്‍വ്വശി തീയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് സന്ദീപ്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം സന്ദീപ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ഇത്. ഹരീന്ദ്രനാണ് സഹനിര്‍മ്മാതാവ്. സംഗീത് സേനന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ശരണ്‍ വേലായുധന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.
Recent Comments