സിനിമ സംവിധായകന് ഉണ്ണി ആറന്മുള അന്തരിച്ചു. 77 വയസ്സായിരുന്നു. ചെങ്ങന്നൂര്‍ വെള്ളാവൂരിലെ ഒരു ലോഡ്ജില്‍ ഇന്നലെ വൈകിട്ട് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഉണ്ണിക്കൃഷ്ണന് നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പത്തനംതിട്ട ഇടയാറന്മുളയിലെ കൈപ്പള്ളില്‍ കുടുംബത്തിലാണ് ജനനം. എയര്‍ഫോഴ്സ് ഉദ്യോഗം രാജിവെച്ചാണ് സംവിധായകനായത്.
മമ്മൂട്ടി, രതീഷ്, ഉര്‍വശി, ജലജ, ബഹദൂര്‍, മാള എന്നിങ്ങനെ വലിയ താര നിരയെ അണിനിരത്തി ആദ്യ സിനിമയായ എതിര്‍പ്പുകള്‍ 1984 ല്‍ പ്രദര്‍ശനത്തിനെത്തിച്ചു. വേണ്ടത്ര സാമ്പത്തിക വിജയം നേടാന്‍ ചിത്രത്തിനായില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന വസ്തുക്കള്‍ വില്കേണ്ടിയും വന്നു.
1987 ല്‍ പുറത്തിറങ്ങിയ സ്വര്‍ഗമാണ് രണ്ടാമത്തെ ചിത്രം. ചിത്രം ബോക്സ് ഓഫീസില്‍ ഒരു സമ്പൂര്‍ണ്ണ പരാജയമായി മാറുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന് ജോലിയും നഷ്ടമായി. പിന്നീട് ബന്ധുക്കളില്‍ നിന്നും അകന്നു മാറി ലോഡ്ജിലും ഹോട്ടല്‍ മുറികളിലുമായിരുന്നു ജീവിതം. വാര്‍ധക്യവും അവശതയും രോഗവും അലട്ടിയപ്പോള്‍ കുറച്ചുകാലം കിടങ്ങന്നൂരിലെ കരുണാലയത്തിലാണ് കഴിഞ്ഞത്.
സംസ്കാരം നാളെ ഉച്ചയ്ക്ക് ഇടയാറന്മുള കോട്ടയ്ക്കകത്തുള്ള കൈപ്പള്ളി വീട്ടുവഴപ്പില് നടക്കും.
Recent Comments