‘ചുറ്റിക വെച്ച് തലയോട്ടി അടിച്ചു തകര്‍ക്കുന്ന ഹീറോ അല്ല നമുക്ക് വേണ്ടത്. എത്ര പേരെ കൊന്നു എന്ന് കണക്കെടുക്കുന്ന, ആയിരകണക്കിന് ആള്‍ക്കാരെ കൊന്ന് വീഴ്ത്തിയതിന് ശേഷം അതിനിടയിലൂടെ നടന്ന് പോകുന്ന ഹീറോയെ അല്ല നമുക്ക് വേണ്ടതെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ചുറ്റിക ഉണ്ടാക്കുന്ന ഫാക്ടറി ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. എല്ലാത്തിലും പല തരത്തിലുള്ള ചുറ്റിക. ഇത്തരത്തില്‍ വിദ്വേഷം സ്പ്രെഡ് ചെയ്യുന്നത് എന്തിനാണെന്ന് ഒരു തരത്തിലും ആലോചിച്ചിട്ട് എനിക്ക് മനസിലാകുന്നില്ല.’
മലൈക്കോട്ടൈ വാലിബന്റെ റിലീസിന് ശേഷമുള്ള പ്രസ്സ് മീറ്റില്‍ സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണിത്. കൊറോണ കാലഘട്ടത്തിന് ശേഷം വന്ന സിനിമകളില്‍ വയലന്‍സിന്റെ അതിപ്രസരത്തെയാണ് ലിജോ ഇതിലൂടെ ധ്വനിപ്പിക്കുന്നത്. സിനിമാസമൂഹം ഇതുവരെയും ഇതിനെ കുറിച്ച് കാര്യമായി ചര്‍ച്ച നടത്താന്‍ മുന്നോട്ട് വന്നിട്ടില്ല. എന്നാല്‍ ലിജോയ്ക്ക് മുമ്പ് നടന് കുഞ്ചാക്കോ ബോബനും വിമര്‍ശനം എന്ന രീതിയില്‍ അല്ലാതെ ഇതേ കാര്യം ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.
ലിജോയുടെ വാക്കുകള്‍ വെറും ആരോപണം അല്ലെന്നും അതില്‍ സത്യമുണ്ടെന്നും ആര്‍ക്കും കണ്ടെത്താവുന്ന കാര്യമാണ്. എന്നാല്‍ സിനിമ പ്രേക്ഷകരിലെ സിംഹഭാഗമായ യുവാക്കള്‍ ഈ വിമര്‍ശനത്തെ തള്ളി കളയുകയാണ് ചെയ്യുന്നത്. പറയുന്നത് ലിജോ എന്ന പുതുതലമുറ സിനിമകള്‍ എടുക്കുന്ന സംവിധായകനായിട്ട് കൂടി. എന്നാല്‍ മദ്ധ്യവയസ്കരായ പ്രേക്ഷകരില്‍നിന്ന് നേരത്തെ തന്നെ ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നെ അവര്‍ അത്തരം സിനിമകളോട് ബോധപൂര്‍വം അകലം പാലിക്കുന്നത് കൊണ്ട് പൊതു ചര്‍ച്ചയായിട്ട് മാറിയില്ല എന്നുമാത്രം.
ഇന്നത്തെ മാസ് മസാല ഫോര്‍മുലകളില്‍ ഒരു ഘടകമായി വയലന്‍സും ഇടം പിടിച്ചിട്ടുണ്ട്. മലയാളത്തില്‍ അത്ര കാഠിന്യത്തില്‍ വന്നിട്ടില്ലെങ്കിലും മലയാളികള്‍ തിയറ്ററുകളില്‍ കൊട്ടിയാഘോഷിക്കപ്പെടുന്ന അന്യഭാഷാ ചിത്രങ്ങളില്‍ ലിജോ പറഞ്ഞ തരത്തിലുള്ള സീനുകള്‍ അനവധിയാണ്. പ്രേക്ഷകരുടെ മനസ്സുകളില്‍ വയലന്‍സിന് വേരുകള്‍ ഉണ്ടാക്കി കൊടുക്കുന്നതില്‍ സ്വയം പ്രഖ്യാപിത നിരൂപകന്മാരും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം സിനിമകളുടെ ഏറ്റവും മികച്ച ഘടകം എക്സ്ട്രീം വയലന്‍സാണെന്ന് ഇവര്‍ പറയാറുണ്ട്. വയലന്‍സ് എങ്ങനെയാണ് പോസീറ്റീവാകുന്നത് എന്ന് ഒരു തരത്തിലും മനസ്സിലാകുന്നില്ല. അത്തരം ഭാഗങ്ങള്‍ നന്നായി ചിത്രീകരിച്ചു എന്ന പറഞ്ഞാല്‍ മനസ്സിലാക്കാം പക്ഷേ വയലന്സുള്ളതാണ് ചിത്രത്തിന്റെ മേന്മ എന്നാണ് ഇവര്‍ പ്രസ്താവിക്കുന്നത്.
ഇത്തരം അപക്വമായ നിരീക്ഷണങ്ങള്‍ ഇവര്‍ നടത്തുമ്പോള്‍ കേള്‍ക്കുന്ന സിനിമാപ്രേമിയുടെ മനസ്സിലും ഈ ചിന്ത കടന്നു കൂടുന്നു. എന്നാല്‍ ഇതിനെക്കാള്‍ വലിയൊരു കാരണം കോവിഡ് കാലഘട്ടത്തിലെ കണ്ടന്റ് എക്സ്പ്ലോഷനാണ്. കൊറിയന്‍ സിനിമകളും ഡാര്‍ക്ക് വെബ് സീരിസും ലോക്ക്ഡൗണ്‍ സമയത്ത് യുവാക്കളെ ഹരം കയറ്റിയിരുന്നു. കൂടാതെ വീഡിയോ ഗെയിംസിന്റെ സ്വാധീനവും. സിനിമയില്‍ ബ്ലഡ് ഷെഡൊന്നും കാണാത്ത മലയാളികള്‍ അത്തരം കാഴ്ചകള്‍ കാണുമ്പോള്‍ ആകൃഷ്ടരാവുന്നത് സ്വഭാവികമാണ്. അതിന്റെ പരിണിത ഫലമായി യുവാക്കളെ പരിഗണിച്ച് തയാറാക്കുന്ന ചിത്രങ്ങളില്‍ ഇവ കടന്നു വരുന്നു. യുവാക്കള്‍ അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു. വയലന്‍സ് കാണിക്കുന്നത് ഉദാത്ത സിനിമയുടെ ലക്ഷണമാണെന്ന് ബോധപൂര്‍വമല്ലാതെ അവര്‍ വ്യാഖ്യാനിക്കുന്നു. പാശ്ചാത്യ രാജ്യത്തെ സിനിമയാണ് ഉത്കൃഷ്ഠം എന്ന ആഫ്രിക്കന്‍ പായല്‍ പോലെയുള്ള ചിന്താഗതിയും ഇതിന് ആക്കം കൂട്ടുന്നു.
സിനിമയില്‍ വയലന്‍സ് കാണിക്കുന്നത് തെറ്റാണെന്നല്ല സമര്‍ത്ഥിക്കുന്നത്. ലിജോയും അതാണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. അതിന്റെ ദുരുപയോഗം നടത്തുന്നുണ്ടോ എന്നാണ് സിനിമാസമൂഹം പരിശോധിക്കേണ്ടത്. വളരെ മികച്ച സിനിമാ അനുഭവം സമ്മാനിച്ച ചിത്രമാണ് ജയിലര്‍. കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു. എന്നാല്‍ അവര്‍ ആ ചിത്രത്തെ സ്വീകരിച്ചത് അതിലെ വയലന്‍സ് കണ്ടിട്ടല്ല. ആ സിനിമയുടെ മൊത്തത്തിലുള്ള ഏസ്തെറ്റിക്സിനെയാണ് അവര്‍ ഇഷ്ടപ്പെട്ടത്. ജയിലറിന്റെ സ്വീകാര്യത വയലന്‍സിനുള്ള സ്വീകാര്യതയായി വിലയിരുത്തപ്പെടേണ്ടതല്ല.
മലയാളത്തില്‍ പണ്ടും എക്സ്ട്രീം വയലന്‍സ് കടന്ന് വന്ന സിനിമകളുണ്ട്. അവയെല്ലാം A സര്‍ട്ടിഫിക്കറ്റായിരുന്നു എന്നതും വസ്തുതയാണ്. കഥാഗതിയില്‍ വയലന്‍സിനെ മികച്ച രീതിയില്‍ ഉപയോഗിച്ചതില്‍ എടുത്ത് പറയേണ്ട രണ്ട് ചിത്രങ്ങളാണ് ഷാജി കൈലാസിന്റെ മാഫിയയും അസുരവംശവും. മാഫിയയിലെ നാവ് വെട്ടി മാറ്റുന്ന സീനും അസുരവംശത്തില്‍ സിദ്ദിഖിന്റെ തല അറുത്ത് മാറ്റി കിടക്കുന്ന സീനുകളാണ് ഉദാഹരണം. രണ്ടും വില്ലന്റെ ഭീകരത ദൃശ്യമാക്കുന്ന സീനുകള്‍. ഇവ ഭീതി ജനിപ്പിക്കുവെങ്കിലും അറപ്പ് ഉളവാക്കുന്നില്ല. നായകന്റെ കിരീടത്തിലെ കോഴി തൂവലുകളായി വ്യാഖ്യാനിക്കപ്പെടുന്നുമില്ല. എന്നാല്‍ ഷാജി കൈലാസിന്റെ ഇവ രണ്ടുമൊഴിച്ച് ഒരു ചിത്രത്തിലും ഇത്തരം സീനുകള്‍ ഇല്ല. കാരണം ആ സിനിമകള്‍ അത് ആവശ്യപ്പെടുന്നില്ല.
യുവാക്കളുടെയും സിനിമ പ്രവര്‍ത്തകരുടെയും ഭാവനയും സര്‍ഗാത്മകതയും ചുറ്റിക കളത്തില്‍ തളച്ചിടുന്നതാണ് ഖേദം ഉളവാക്കുന്നത്. കഴിവുള്ള ആളുകളെ കൊണ്ട് സമ്പന്നമെങ്കിലും കഴിവ് പുറത്തെടുക്കുന്ന സിനിമകള്‍ കൊണ്ട് ദരിദ്രമാണ് എല്ലാ ഇന്‍ഡസ്ട്രിയും. ഇനിയുള്ള ചിത്രങ്ങളില്‍ എങ്കിലും വയലന്‍സിനെ ഒരു പരിതിയിലേക്ക് ഒതുക്കാന്‍ ശ്രമിക്കുന്നതിനൊപ്പം സര്‍ഗാത്മകതയ്ക്ക് ചോരയും നീരും വെക്കുന്ന സിനിമകള്‍ക്കായി കാത്തിരിക്കാം.
ദേവനാഥന്
Recent Comments