കോൺഗ്രസിൽ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിൽ, കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റാൻ സാധ്യത. നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയെന്നാണ് സൂചന. നേതാക്കളുമായി ചർച്ച നടത്തിയ ശേഷം എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി ഹൈക്കമാന്‍ഡിന് മുന്നിൽ വയ്ക്കുന്ന ശുപാർശ പരിഗണിച്ചാവും തീരുമാനം.
സുധാകരൻ മാറി നിൽക്കണമെന്ന ആവശ്യം ചില നേതാക്കൾ ദീപ ദാസ്മുൻഷിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഏകോപനമില്ലാതെ മുന്നോട്ട് പോകുന്നുവെന്നും പരാതികളുണ്ട്. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയ നേതാക്കളുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ടെന്നാണ് വിവരം.
സാമുദായിക മാനദണ്ഡങ്ങളും പിന്തുണയും വിലയിരുത്തിയാകും ഹൈക്കമാന്‍ഡ് തീരുമാനത്തിലെത്തുക. എന്നാൽ, നേതൃമാറ്റമുണ്ടായാൽ, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടിവരുമെന്നും പല നേതാക്കളും ആശങ്ക ഉയർത്തുന്നുണ്ട്.
അതേസമയം, സുധാകരനുമായി ഭിന്നതയുണ്ടെന്ന വാദം വിഡി സതീശൻ തള്ളി. ‘കെപിസിസി പ്രസിഡന്റുമായി തർക്കമുണ്ടെന്ന വാർത്തകളിൽ അടിസ്ഥാനമില്ല. തമ്മിൽ യാതൊരു പ്രശ്നവുമില്ല. താൻ എന്തു പറഞ്ഞാലും സുധാകരൻ സമ്മതിക്കും, തിരിച്ചും അങ്ങനെ തന്നെയാണ്,’ സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു. സുധാകരനെ മാറ്റണമെന്ന് താൻ ഇതുവരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Recent Comments