റോക്കിംഗ് റോണിയും ജെന്യുഇന്‍ ജയദേവനും മലയാളി ഓഷോയും മനു സുധാകരന് സംവിധാനം ചെയ്യുന്ന ബൂമറാംഗിലെ കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് അതിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയത്.
റോക്കിംഗ് റോണിയെ അവതരിപ്പിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണ്. ജീവിതം ഒരു ആഘോഷമായി കൊണ്ടുനടക്കുന്ന ആളാണ് റോക്കിംഗ് റോണി. അതിനുവേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത ഒരാള്‍. നിലവില്‍ ഒരു കമ്പനി സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു. ഷൈന്‍ ടോം ചാക്കോയുടെ കൈയില്‍ തീര്‍ത്തും ഭദ്രമായ മറ്റൊരു കഥാപാത്രം.
ജെന്യുഇന്‍ ജയദേവന് ഒരു പോലീസ് ഓഫീസറാണ്. കുണ്ടനൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐയാണ് അദ്ദേഹം ഇപ്പോള്‍. ജീവിതത്തില്‍ ഇത്രയും സത്യസന്ധനായ ഒരു പോലീസ് ഓഫീസര്‍ സേനയുടെ ചരിത്രത്തില്‍പോലും ഉണ്ടായിട്ടുണ്ടാവില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് ജെന്യുഇന്‍ ജയദേവന് എന്ന പേരുപോലും ലഭിച്ചത്. ജയദേവനെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദാണ്.
എന്തിനും ഏതിനുമുള്ള മറുപടിയില്‍ കുര്യാക്കോസ് എപ്പോഴും ഉപയോഗിക്കുന്ന ഒരു പേരാണ് ഓഷോയുടേത്. ‘ഓഷോ അങ്ങനെ പറഞ്ഞില്ലേ, ഇങ്ങനെ ചെയ്തില്ലേ’ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ഈ അച്ചായന്റെ സംഭാഷണങ്ങള്‍ തുടങ്ങി അവസാനിക്കുന്നത്. അതുകൊണ്ടാണ് മലയാളി ഓഷോ എന്ന് അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നത്. ബൈജു സന്തോഷാണ് മലയാളി ഓഷോയായി അരങ്ങ് തകര്ക്കാനെത്തുന്നത്.
ഇനിയും അനവധി കഥാപാത്രങ്ങളുണ്ട് ബൂമറാംഗില്‍. വരുംദിവസങ്ങളില്‍ അവരെ ഓരോരുത്തരെയായി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സംവിധായകരും കൂട്ടരും. അജി മേടയിലും തൗഫിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബൂമറാംഗിന്റെ തിരക്കഥാകൃത്ത് കൃഷ്ണദാസ് പങ്കിയാണ്. വിഷ്ണു നാരായണനാണ് ഛായാഗ്രാഹകന്‍. ചിത്രം മേയില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments