ആ നിശ്ചല ദൃശ്യത്തിലേയ്ക്ക് എത്രതവണ നോക്കിയിരുന്നിട്ടും അതിന്റെ കൗതുകം വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഇപ്പോഴൊക്കെ അങ്ങനെയൊരു ചിത്രം എടുക്കാനാകുമോ എന്നുപോലും സംശയമുണ്ട്. സിനിമയും സിനിമാക്കാരുമെല്ലാം ഏറെ മാറിയിരിക്കുന്ന കാലമാണല്ലോ.
1989 ലാണ്. എ.കെ. ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന മഹായാനത്തിന്റെ ഷൂട്ടിംഗ് ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. നാനയ്ക്കുവേണ്ടി ഷൂട്ടിംഗ് കവര്‍ ചെയ്യാന്‍ എത്തിയതായിരുന്നു ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍. ഗുരുവായൂരിലെ എലൈറ്റ് ഹോട്ടലിലാണ് പ്രധാന താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും താമസിച്ചിരുന്നത്. ഷൂട്ടിംഗ് തുടങ്ങിയ നാളുകളായിരുന്നു. അതുകൊണ്ടുതന്നെ ഫാമിലിയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ സായാഹ്നത്തിലാണ് ആ കുടുംബാംഗങ്ങളെ മുഴുവന്‍ മോഹന്‍ തന്റെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുവന്നത്. സംവിധായകന് ജോഷി, അദ്ദേഹത്തിന്റെ ഭാര്യ സിന്ധു, മക്കളായ അഭിലാഷ്, ഐശ്വര്യ, നായകന് മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മക്കളായ സുറുമി, ദുല്‍ഖര്‍ സല്മാന്, ക്യാമറാമാന് ജയാനന്‍ വില്‍സന്റ്, ഭാര്യ ഷീബ, ഏക മകന് ജോണ്‍ വിന്‍സന്റ്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മോഹന്‍ ഒരു ഫോട്ടോയ്ക്ക് ക്ലിക്ക് ചെയ്തു. കാലം മറക്കാത്ത ഒരു ചിത്രമായി അത് മാറി.
വര്‍ഷങ്ങള്‍ക്കിപ്പുറവും ജോഷിയും മമ്മൂട്ടിയും സിനിമയുടെ ലൈംലൈറ്റിലുണ്ട്. തിരക്കുകളില്‍നിന്ന് മാറി ഹൈദരാബാദില്‍ സ്വൈര ജീവിതം നയിക്കുകയാണ് ജയാനന്‍ വിന്‍സന്റും ഭാര്യ ഷീബയും. മകന് ജോണ്‍ കാനഡയിലാണ്. സുറുമി വിവാഹിതയായി. ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു. അഭിലാഷ് ജോഷി താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. ഐശ്വര്യ മാത്രം ഇന്ന് നമ്മോടൊപ്പമില്ല. ചെന്നൈയില്‍വച്ച് നടന്ന ഒരു ആക്സിഡന്റില്‍ അവര്‍ എന്നന്നേയ്ക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു. ഒരിറ്റ് കണ്ണീര് വാര്‍ക്കാതെ ഐശ്വര്യയെ ഓര്‍ക്കാനും കഴിയില്ല.
പക്ഷേ കൗതുകം ഇതൊന്നുമല്ല. ഫോട്ടോയില്‍ ദുല്‍ഖര്‍ ആരെയാണോ നോക്കി നില്‍ക്കുന്നത് ആ പയ്യന് മോഹന്റെ ക്യാമറയിലേയ്ക്ക് തന്നെ കണ്ണുംനട്ട് നില്‍ക്കുകയാണ്. ആ പയ്യന് വളര്‍ന്നപ്പോഴും ക്യാമറയോടുള്ള പാഷന് വിട്ടില്ല. വിദേശത്ത് പോയി വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. തിരിച്ചെത്തിയതിന് പിന്നാലെ സംവിധായകനുമായി. അയാളാണ് കിംഗ് ഓഫ് കൊത്തയുടെ സംവിധായകന് അഭിലാഷ് ജോഷി. അദ്ദേഹം കിംഗ് ഓഫ് കൊത്തയിലെ നായകനാക്കിയത് ഫോട്ടോയില്‍ തന്നെ നോക്കി നിന്നിരുന്ന ദുല്‍ക്കറിനെയും. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
മോഹന്‍ ഈ കുടുംബചിത്രം പകര്‍ത്തുമ്പോള്‍ കാലം ഇങ്ങനെയൊക്കെയുള്ള കൗതുകങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുമെന്ന് അദ്ദേഹംപോലും അറിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിലും അങ്ങനെയാണ്. ഓരോ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാരുടെയും ക്ലിക്കുകള്‍ നാളത്തെ ചരിത്രങ്ങളാണ്. അതിന് പിന്നീട് പറയാന്‍ നിരവധി കഥകളുമുണ്ടാകും.
Recent Comments