ഇന്നലെ വളരെ വൈകിയാണ് സംവിധായകന് പ്രിയദര്ശന് ഒരു വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അമിതാഭ്ബച്ചന്റെ അപരന് ശശികാന്ത് പെധ്വാളിന്റെ വീഡിയോ. അവിശ്വസനീയമെന്നാണ് ആ വീഡിയോയെ പ്രിയന്‍തന്നെ വിശേഷിപ്പിച്ചത്. അപരന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ പ്രിയനുപോലും അഭിഷേക് ബച്ചനെ വിളിക്കേണ്ടിവന്നു. അമിതാഭ്ബച്ചനുമായി അത്രയേറെ സാദൃശ്യമുണ്ടായിരുന്നു അയാള്‍ക്ക്.
അതേദിവസം ഞങ്ങളും മറ്റൊരു അപരനെത്തേടി വിളിക്കുകയായിരുന്നു. നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കമല്ഹാസന് പകരക്കാരനായി സംവിധായകന് ശങ്കരന്‍നായര്‍ അവതരിപ്പിച്ച സ്വത്തിലെ നായകന് ജയദേവന് എന്ന പാട്രിക് ലാലിനെ. കമല്‍ഹാസന്റെ രൂപസാദൃശ്യമുള്ള നടനെന്ന നിലയിലാണ് പാട്രിക് ലാലിനെ ആദ്യകാലത്ത് സിനിമാക്കാരും തിരിച്ചറിഞ്ഞത്. സിനിമയിലേയ്ക്കുള്ള തന്റെ കടന്നുവരവിനെപ്പറ്റിയും പിന്നീടുള്ള അറിയാക്കഥകളെക്കുറിച്ചും പാട്രിക് ലാല്‍ ആദ്യമായി മനസ്സ് തുറക്കുന്നു.
ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം എറണാകുളത്താണ്. അച്ഛന് ഡി.എസ്.സി. ലാല്‍ (ഡിലര്‍ സിംഗ് ചന്തുലാല്‍) പഞ്ചാബിയായിരുന്നു. എയര്‍ഫോഴ്സിലെ ഫ്ളൈറ്റ് ലെഫ്റ്റനന്റും. അമ്മ യൂറിസ് ലാല്‍. ആംഗ്ലോഇന്ത്യനായിരുന്നു. വളരെ ചെറുപ്പത്തിലേ അച്ഛനെ ഞങ്ങള്‍ക്ക് നഷ്ടമായി. പിന്നെ ഞങ്ങള്‍ അഞ്ച് മക്കളെയും വളര്‍ത്തിയത് അമ്മയാണ്. ഞാനാണ് ഏറ്റവും ഇളയത്. മൂത്തത് ചേച്ചിയാണ്. ബാക്കിയുള്ളത് സഹോദരന്മാരും. അമ്മയെ നിങ്ങള്‍ അറിയും. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. (കേളി, ഉള്ളടക്കം, ആയുഷ്കാലം തുടങ്ങിയ സിനിമകളില്‍ യൂറിസ് അഭിനയിച്ചിട്ടുണ്ട്.)
ഇരുപത്തിയെട്ട് വര്‍ഷം മുമ്പ് എറണാകുളത്തുള്ള ഞങ്ങളുടെ സ്വത്തുവകകളെല്ലാം വിറ്റ് മദ്രാസിലേയ്ക്ക് കുടിയേറിയതാണ്. ചേച്ചിയും അളിയനും അവിടെയാണ് താമസിച്ചിരുന്നത്.
അളിയന് ചില സിനിമാബന്ധങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ വീട്ടിലെ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ശങ്കരന്‍നായര്‍ സാറും ഭാര്യ ഉഷചേച്ചിയും ഗാനരചയിതാവ് പൂവച്ചല്ഖാദറുമൊക്കെ വന്നിരുന്നു. പാര്‍ട്ടിക്കിടെ ഞാനൊരു ഇംഗ്ലീഷ് പാട്ടിന് ചുവടുവച്ചു. അത് കണ്ടിട്ടാവണം പാര്‍ട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ ‘മകന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ’ എന്ന് ശങ്കരന്‍നായര്‍ സാര്‍ അന്വേഷിച്ചത്.
ആ സമയം അദ്ദേഹം സ്വത്ത് എന്ന പേരില്‍ സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു. മദനോത്സവത്തിനുശേഷം കമല്‍ഹാസനെയും സെറീനാ വഹാബിനെയും നായകനും നായികയുമാക്കി സിനിമ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. പക്ഷേ കമല്‍ രണ്ട് ലക്ഷം രൂപ പ്രതിഫലം ചോദിച്ചു. അന്‍പതിനായിരം കൊടുക്കാമെന്ന് ശങ്കരന് നായര്‍ സാര്‍ പറഞ്ഞു. കമല്‍ സമ്മതിച്ചില്ല. അങ്ങനെ കമലിനെ ഒഴിവാക്കി പകരക്കാരനെ തേടിക്കൊണ്ടിരിക്കുന്ന സമയത്താണ് എന്നെ കാണുന്നതും അദ്ദേഹത്തിനിഷ്ടപ്പെടുന്നതും. കമലിന്റെ ഫിസിക്കല്‍ ഫീച്ചേഴ്സൊക്കെ എനിക്കുമുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹം എന്നെ സിനിമയിലേയ്ക്കെടുക്കുന്നത്.
എന്റെ യഥാര്‍ത്ഥ പേര് പാട്രിക് മാല്‍കം ആര്‍ഥര്‍ ലാല്‍ എന്നാണ്. വിളിപ്പേരാണ് പാട്രിക് ലാല്‍. ആ പേര് മാറ്റി ജയദേവന് എന്ന സ്ക്രീന്നെയിം തന്നത് ശങ്കരന്‍നായര്‍ സാറാണ്. സത്യന്, സോമന്, സുകുമാരന്‍, ജയന് തുടങ്ങിയ പേരുകളൊക്കെ ‘N’ ല്‍ അവസാനിക്കുന്നതാണ്. അതിന് രാശിയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ആ പേര് എനിക്കിട്ടത്.
രണ്ടാഴ്ച കഴിഞ്ഞ് ഊട്ടിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങി. അവിടെവച്ചാണ് ഞാന്‍ ആദ്യമായി സെറീനാ വഹാബിനെയും ജഗതി ശ്രീകുമാറിനെയും രവികുമാറിനെയുമൊക്കെ കാണുന്നതും പരിചയപ്പെടുന്നതും. ആദ്യമൊക്കെ പേടിച്ച് പേടിച്ചാണ് ക്യാമറയെ അഭിമുഖീകരിച്ചത്. പതിയെ പേടി വിട്ടകന്നു. കോണ്‍ഫിഡന്‍സോടുകൂടി അഭിനയിക്കാമെന്നായി.
സ്വത്ത് തീയേറ്ററുകളിലെത്തി. സിനിമാക്കാര്‍ക്കിടയില്‍ അത് ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും തീയേറ്ററുകളില്‍ പരാജയമായിരുന്നു.
ആയിടയ്ക്കാണ് ക്യാമറാമാന് നിവാസ് ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. സുമനും സുമലതയുമാണ് ഹീറോയും ഹീറോയിനും. അതിലെ സെക്കന്റ് ഹീറോയായി അദ്ദേഹം കണ്ടുവച്ചത് എന്നെയാണ്. എന്നെത്തേടി പലതവണ അദ്ദേഹം വീട്ടില്‍ വന്നു. അപ്പോഴൊന്നും ഞാനവിടെ ഉണ്ടായിരുന്നില്ല. ഫോണൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു. അങ്ങനെ ഒരു വലിയ അവസരം എനിക്ക് നഷ്ടമായി. ആ വേഷം പിന്നീട് ചെയ്തത് ഭാനുചന്ദറാണ് (ചിത്രം: എനക്കാകെ കാത്തിരുന്ത്).
തുടര്‍ന്നും സിനിമകള്‍ ചെയ്തു. ഒന്നും വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ല. കെ.എസ്. ഗോപാലകൃഷ്ണന്റെ തെന്നലെ നിന്നെയും തേടി എന്ന ചിത്രം പൂര്‍ത്തിയായെങ്കിലും റിലീസിനെത്തിയില്ല. നിയമം എന്തു ചെയ്യും എന്ന ചിത്രത്തില്‍ ശങ്കറിനോടൊപ്പം അഭിനയിച്ചു. അതില്‍ നായിക നളിനിയുടെ സഹോദരന്റെ വേഷമായിരുന്നു. പിന്നീട് നല്ലൊരു വേഷം കിട്ടിയത് സുഹാസിനി മണിരത്നത്തിന്റെ ഒരു ടി.വി. സീരീസിലാണ്. അതിലെ പെണ്- ഹേമാവുക്ക് കല്യാണം
എന്ന എപ്പിസോഡില്‍ രേവതിയുടെ ഭര്‍ത്താവായി അഭിനയിച്ചത് ഞാനാണ്.
സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവസരങ്ങള്‍ തേടി ആരുടേയും അടുക്കല്‍ പോയില്ല. ആയിടയ്ക്കാണ് ബോംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബാന്‍ ഡ്രില്ലിംഗ് കമ്പനിക്ക് കീഴിലുള്ള ഓയില്‍ റിഗ്ഗില്‍ ജോലി കിട്ടിയത്. ഫോര്‍മാനായിരുന്നു. കടലും കരയുമായി വര്‍ഷങ്ങള്‍ അനവധി കടന്നുപോയി. ഇതിനിടെ വിവാഹിതനായി. വിവാഹശേഷം റിഗ്ഗിലെ പണി ഉപേക്ഷിച്ചു. എം.ബി.എ ലോജിസ്റ്റിക്ക് കോഴ്സ് പൂര്‍ത്തിയായതിനു പിന്നാലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു. ആ തൊഴില്‍ തന്നെയാണ് ഞാനിപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. പ്രഭയെന്നാണ് ഭാര്യയുടെ പേര്. രണ്ട് മക്കള്‍. രോഹിത് ചന്തുലാലും സോണി മെറീന് ലാലും. രണ്ടുപേരും വിദ്യാര്‍ത്ഥികളാണ്.
സിനിമയിലുണ്ടായിരുന്ന കാലത്ത് ഫാസില്സാറുമായും സൗഹൃദമുണ്ടായിരുന്നു. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ എന്നെയും പരിഗണിച്ചിരുന്നതാണ്. അതേ സമയത്ത് തന്നെയായിരുന്നു സ്വത്തിന്റെയും ചിത്രീകരണം. അതുകൊണ്ട് ആ പടം നഷ്ടമായി. സിദ്ധിക്ക് ലാലും അക്കാലത്തെ എന്റെ സൗഹൃദക്കാരാണ്. ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്ന ഏക സിനിമാക്കാരന് ശങ്കറാണ്. ഉഷാറാണി ചേച്ചി ജീവിച്ചിരുന്നപ്പോള്‍ അവരിലൂടെയാണ് എല്ലാ സിനിമാവിശേഷങ്ങളും അറിഞ്ഞിരുന്നത്. അവരുടെ മരണത്തോടെ എല്ലാ സിനിമാബന്ധങ്ങളും അറ്റുപോയി. പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പഴയ അഭിനയമോഹം ഇപ്പോഴും ബാക്കിയാണ്. പക്ഷേ എങ്ങനെയെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. പാട്രിക് ലാല്‍ പറഞ്ഞുനിര്‍ത്തി.
Recent Comments