ചിയാന്‍ വിക്രത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് തങ്കലാന്. റിലീസിന് മുന്നോടിയായുള്ള ചിത്രത്തിന്റെ പ്രചാരണ പരിപാടികളിലാണ് നടന് വിക്രം. അടുത്തിടെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിനിടെ തന്റെ കോളേജ് പഠനകാലത്ത് തനിക്ക് സംഭവിച്ച അകടത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
‘കോളേജ് പഠനകാലമായിരുന്നു, വളരെ ചെറുപ്പമാണ്. സിനിമയെക്കുറിച്ച് സ്വപ്നം കണ്ടുതുടങ്ങിയിരുന്ന സമയം. കോളേജില്‍ ഒരു നാടകത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ത്രില്ലടിച്ച് നില്‍ക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കാലിന്റെ മുട്ടു മുതല്‍ കണങ്കാല്‍വരെ തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കാല് മുറിച്ചുമാറ്റാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പിന്നീട് 23 ശസ്ത്രക്രിയകളാണ് കാലിന് നടത്തിയത്’ വിക്രം തുടര്‍ന്നു.
‘എങ്കിലും കൃത്യമായ ഇടവേളകളില്‍ കാലില്‍ അണുബാധയുണ്ടാകുമായിരുന്നു. അതൊന്നും തന്റെ ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കുന്നതില്‍ തടസ്സമായില്ല. നടനാവാനായിരുന്നു ആഗ്രഹം. അതെത്ര ചെറി റോളാണെങ്കിലും ചെയ്യും. ആരോഗ്യം നന്നാക്കാനായി കഠിനാധ്വാനം ചെയ്തു. തേടിവരുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിച്ചു.’ ഇത്രയും നാള് തന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആരാധകരോട് നന്ദി പറയാനും വിക്രം മറന്നില്ല.
നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിനുശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്. കോലാര്‍ സ്വര്‍ണ്ണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്. സ്വര്‍ണ്ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. സംവിധായകനും തമിഴ് പ്രഭുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
ആഗസ്റ്റ് 15 ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന് തിയേറ്ററുകളിലെത്തും. പാര്‍വ്വതി, മാളവിക മോഹനന്, പശുപതി, ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രഹണം എ. കിഷോര്‍ കുമാര്‍, കലാസംവിധാനം എസ്.എസ്. മൂര്‍ത്തി, സംഗീതം ജിവി പ്രകാശ് കുമാര്‍, ഗാനരചന കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments