‘തൊട്ടു മുന്നിലുണ്ടായിരുന്നു രണ്ട് ഗന്ധര്വ്വന്മാരും. അവരെ ഒരുമിച്ച് കണ്ടുവെന്നുമാത്രമല്ല, നൈര്‍മല്യം പുരണ്ട അവരുടെ സൗഹൃദം അനുഭവിക്കാനും കഴിഞ്ഞു. ഇതെനിക്ക് കൈവന്നുചേര്‍ന്ന മഹാഭാഗ്യമാണ്.’
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെയും നടന് മോഹന്‍ലാലിന്റെയും സൗഹൃദം പറയുന്ന ഗന്ധര്വ്വന് എന്ന ഡോക്യുമെന്ററിയുടെ സംവിധായകന് കൂടിയായ അഖില്‍ സത്യന് കാന്‍ ചാനലിനോട് പറഞ്ഞു.
മനോരമയിലെ ഉണ്ണിയേട്ടന് (ഉണ്ണി വാര്യര്‍) വിളിച്ചാണ് ഇക്കാര്യം ആദ്യം എന്നോട് പറയുന്നത്.
‘മോഹന്‍ലാല്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ കാണാന്‍ വരുന്നുണ്ട്. തീര്‍ത്തും സ്വകാര്യസന്ദര്ശനമാണ്. ലാലിനുവേണ്ടി നമ്പൂതിരി വരച്ച ഗന്ധര്‍വ്വന്റെ ചിത്രവും ഈ കൂടിക്കാഴ്ചയില്‍ കൈമാറും. നീ വരണം. ഈ അപൂര്‍വ്വ നിമിഷം പകര്‍ത്തണം. ലാലിന്റെ സ്വകാര്യ ആവശ്യത്തിലേക്കാണ്. മറ്റാരേയും കൂട്ടേണ്ട.’
ഫഹദ്, പരിക്ക് പറ്റി വിശ്രമത്തിലായതോടെ ഞങ്ങളുടെ ചിത്രമായ പാച്ചുവും അത്ഭുതവിളക്കും അല്‍പ്പമൊന്ന് നീട്ടിവച്ച സന്ദര്‍ഭത്തിലായിരുന്നു ഈ വിളി. അതുകൊണ്ട് എനിക്ക് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. ആ കൂടിക്കാഴ്ചയെ സ്വപ്നം കണ്ടിരുന്നു. മൊബൈലില്‍ പകര്‍ത്താനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. അക്കാര്യത്തില്‍ മാത്രം ഞാന്‍ നിര്‍ബ്ബന്ധം പിടിച്ചു. രണ്ട് ക്യാമറ വേണം. എന്റെ ആവശ്യം അംഗീകരിച്ചതോടെ ക്യാമറാമാന് ശരണ്‍ വേലായുധനെ കൂട്ടി ഞാന്‍ പുറപ്പെട്ടു.
പത്ത് ദിവസം മുമ്പാണ് ഷൂട്ട് നടക്കുന്നത്. പറഞ്ഞപ്രകാരം രാവിലെ 6.45 ന് തന്നെ ലാലേട്ടന് ഉണ്ണിയേട്ടന്റെ വീട്ടിലെത്തി. അവിടുന്ന് ഒരുമിച്ചായിരുന്നു എടപ്പാളിലേക്കുള്ള ഞങ്ങളുടെ യാത്ര. യാത്രയ്ക്കിടെ ലാലേട്ടന്റെയും ഉണ്ണിയേട്ടന്റെയും സംഭാഷണങ്ങള്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദ്യമായി കണ്ടതും അദ്ദേഹത്തോട് പടം വരച്ചുതരാന്‍ ആവശ്യപ്പെട്ടതുമായി കഥകളാണ് ലാലേട്ടന് പറഞ്ഞുകൊണ്ടിരുന്നത്.
എടപ്പാളിലെ നമ്പൂതിരിയുടെ വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ അവരുടെ സൗഹൃദത്തിന്റെ ആഴമറിഞ്ഞത്. കാല്‍തൊട്ട് വണങ്ങിയും കരം കവര്‍ന്നും തമാശകള്‍ പറഞ്ഞു രസിച്ചും കൊച്ചുകുട്ടികളെപ്പോലെ അവര്‍ ഒഴുകിനടക്കുകയായിരുന്നു. ആ കാഴ്ചകള്‍ പകര്‍ത്തുമ്പോള്‍ ഞാനതിന്റെ വിഷ്വല്‍ ബ്യൂട്ടി ശ്രദ്ധിച്ചതേയില്ല. ഒത്തുചേരലിന്റെ പ്രസാദശുദ്ധിയായിരുന്നു മനസ്സ് നിറയെയും. ആ വിശുദ്ധിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.
പിന്നീട് ആ വിഷ്വല്‍സ് എല്ലാം കണ്ടുകഴിഞ്ഞപ്പോഴാണ് അതിലൊരു സിനിമാറ്റിക് എലമെന്റ് ഉണ്ടെന്ന് തോന്നിയത്. അതിനെ ഡോക്യുമെന്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. തൊണ്ണൂറ്റാറ് വയസ് തികഞ്ഞ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് നല്കാവുന്ന ട്രിബ്യൂട്ട് കൂടിയാണത്. അങ്ങനെയാണ് ഗന്ധര്വ്വന് എന്ന ടൈറ്റില്‍ നല്കി ഞാനതിനെ ഡോക്യുമെന്റ് ചെയ്തത്. നാളത്തെ തലമുറ ഈ മഹാത്ഭുതങ്ങളെ കണ്ട് പഠിക്കട്ടെ. അവരുടെ ജീവിതം മാതൃകയാക്കട്ടെ.
Recent Comments