ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത് ഒരു അഭിമുഖത്തില്‍ ഡോ. ബിജുവിന് എതിരായി നടത്തിയ പ്രസ്താവനയും മറുപടിയുമായി സിനിമ ലോകം ചൂടുപിടിക്കുകയാണ്. രഞ്ജിത്തിന്റെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി എന്ന് പറയുകയാണ് ഡോ. ബിജു ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍. ചെയര്‍മാനായി ഇരിക്കാന്‍ രഞ്ജിത്തിന് എന്ത് യോഗ്യതയാണുള്ളതെന്നും ഡോ. ബിജു കൂട്ടി ചേര്‍ത്തു.
‘ഡോ. ബിജു ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ (അദൃശ്യ ജാലകങ്ങള്‍) ഇപ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തു. അതിനു തിയറ്ററില്‍ ആളുകള്‍ കയറിയില്ല. അതേ സമയം മറ്റൊരു സംവിധായകന്റെ സിനിമ തിയറ്ററില്‍ വന്നു. അതിന് നല്ല ആള് തിരക്ക് ആയിരുന്നു. ആ സിനിമയ്ക്ക് തിയേറ്ററില്‍ ആള് വന്നു. ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു. ഇനി അടുത്ത സംസ്ഥാന അവാര്‍ഡില്‍ ചിലപ്പോള്‍ ആ സിനിമയ്ക്ക് അവാര്‍ഡുകളും കിട്ടും. അപ്പോള്‍ തിയേറ്ററില്‍ ആള് വരികയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു. ഇവിടെയാണ് ഡോ. ബിജു ഒക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടത്. തിയേറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ബിജുവിനെല്ലാം എന്ത് റെലവന്‍സ് ആണുള്ളത്’ എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.
രഞ്ജിത്തിന്റെ ഈ വാക്കുകള്‍ തീര്‍ത്തും അപലപനീയമാണ്. കേരളത്തിലെ മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതും ഒരു ചലച്ചിത്ര അക്കാഡമി ചെയര്‍മാന്റെ കടമയില്‍ പെടുന്നതാണ്. അതിന് പകരം അന്താരാഷ്ട്ര പ്രശസ്തി കിട്ടിയ ഒരു സിനിമയെ താഴ്ത്തി കെട്ടുന്നത് ശരിയല്ല. ആളുകള്‍ കയറിയാലെ സിനിമ നന്നാകു എന്നത് മറ്റൊരു ഭോഷത്തം. ആളുകള്‍ കൈയടിക്കുന്ന സിനിമയ്ക്ക് ഒപ്പമിരുന്ന് കൈയടിക്കാനാണ് ഒരു അക്കാഡമി എങ്കില്‍ അതിന് ഒരു പ്രസക്തിയും ഉണ്ടാകില്ല. ഡോ. ബിജുവിന്റെ പ്രസക്തിയും റെലവന്‍സും അളക്കുന്നതിനിടയില്‍ രഞ്ജിത് നിയമിച്ച ആളുകള്‍ക്ക് മിനിമം യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
‘അപ്പോള്‍ ആ സിനിമ ഓടുകയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്യുന്ന ചിത്രമായി മാറും’ എന്ന വാക്കുകള്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടതാണ്. അതില്‍ പ്രവചനാത്മകതയ്ക്ക് അപ്പുറം കിട്ടും എന്ന ധ്വനി ഒളിഞ്ഞിരിക്കുന്നു. സംസ്ഥാന അവാര്‍ഡുകള്‍ തീരുമാനിക്കുന്നത് ഞാനാണ്, ഞാന്‍ ആ സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കും എന്നെല്ലാം ആ വാക്കുകളിലെ ധാര്‍ഷ്ട്യത്തില്‍നിന്ന് വായിച്ചെടുക്കാം. നാര്സിസിസ്റ്റിക്കായ ഒരു മേലധികാരിയുടെ ആശയങ്ങളാണ് രഞ്ജിത്തിന്റെ ധാര്ഷ്ട്യത്തില് പ്രതിധ്വനിക്കുന്നത്. പണ്ടൊരു അഭിമുഖത്തില്‍ രഞ്ജിത് തന്നെ പറഞ്ഞത് പോലെ ഈ അവസ്ഥ ഒരു കലാകാരന്റെ അധഃപതനമായി വിലയിരുത്താം.
താലിന് ചലച്ചിത്ര മേളയുടെ സവിശേഷതയെ കുറിച്ച് നമ്മുടെ നാട്ടിലെ ആളുകള്‍ ബോധവാന്മാരല്ല. അതുകൊണ്ടാണ് താലിനില്‍ അദൃശ്യ ജാലകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടും ജനങ്ങള്‍ അത് ഏറ്റെടുക്കാത്തത്. എന്നാല്‍ ഒരു ചലച്ചിത്ര അക്കാഡമി ചെയര്മാന് എന്ന നിലയ്ക്ക് രഞ്ജിത്തിന്റെ ഉത്തരവാദിത്വമാണ് ഇത്തരം ചിത്രങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കേണ്ടത്. അതേ സമയം രഞ്ജിത് ഇവിടെ ആ സിനിമയെ നിന്ദിക്കുകയാണ് ചെയ്തത്. മറ്റൊരു സിനിമയെ വെച്ച് ഒരു സിനിമയെ വിലയിരുത്തുന്നതിലെ നിലവാരമില്ലായ്മ രഞ്ജിത് തിരിച്ചറിയണം. രഞ്ജിത് ഇവയൊന്നും അറിയാത്ത ആളാണെന്ന് കരുതുന്നില്ല. ഡോ. ബിജുവിനെയും ബിജുവിന്റെ സിനിമയെയും താഴ്ത്തി കെട്ടാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനിടയില്‍ സംഭവിക്കുന്നതാണ് ഇത്തരം പ്രസ്താവന. തനിക്ക് എതിരിടുന്ന ആളുകളെ എന്ത് വില കൊടുത്തും തോല്പിക്കണം എന്ന ഏകാധിപതിയുടെ വാക്കുകളായാണ് ഇവയെല്ലാം പൊതു സമൂഹം നോക്കി കാണുന്നത്.
Recent Comments