കൂടത്തായി കൊലകേസ് എന്ന സീരിയലിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസംവരേയും ഞാന്‍. ഓരോ ദിവസവും ഓരോ ലൊക്കേഷനിലാണ് ഷൂട്ടിംഗ്. ഹോട്ടലില്‍നിന്ന് കിലോമീറ്ററോളം സഞ്ചരിച്ചുവേണം ലൊക്കേഷനില്‍ എത്താന്‍. ദൂരത്തേക്കാള്‍ മടുപ്പിച്ചത്, ട്രാഫിക്ക് ബ്ലോക്കായിരുന്നു. തൃപ്പൂണിത്തുറ വഴിയുള്ള യാത്രയില്‍ ഇത് പതിവാണ്. ബ്രേക്ക് കിട്ടിയപ്പോള്‍ എങ്ങനേയും തിരുവനന്തപുരത്തെ വീട്ടില്‍ എത്താനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍.
പൃഥ്വിരാജിന്റെ ജന്മദിനം ആയിരുന്നു അന്ന്. (ഒക്ടോബര്‍ 16, 1982 ലാണ് ജനനം. നക്ഷത്രം അത്തം). രാവിലെ വിളിച്ച് ആശംസകള്‍ നേര്‍ന്നു. വീട്ടിലേക്ക് വന്നിട്ട് പോയാല്‍ മതിയെന്ന് അവന് പറഞ്ഞു. ജന്മദിവസമായതിനാല് ഷൂട്ടിംഗിന് പോകുന്നില്ലെന്നും.
പൃഥ്വി ഇപ്പോള്‍ താമസിക്കുന്നത് തോപ്പുംപടിയിലുള്ള ചോയിസ് മറീന എന്ന ഫ്ളാറ്റിലാണ്. ആ ഫ്ളാറ്റിന്റെ ഒരു നില സ്വന്തമാക്കിയിരുന്നത് മോഹന്‍ലാലാണ്. വി.വി.ഐ.പികള്‍ വേറെയും ഉണ്ട്. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണങ്ങളാണ് അവിടെ ഉള്ളത്. കോവിഡ് കാലമായതിനാല്‍ പിന്നെ പറയേണ്ടതുമില്ലല്ലോ.
മാസ്ക്ക് ധരിച്ചാണ് ഞാന്‍ ചെന്നത്. ‘അച്ചാമ്മ വന്നല്ലോ’ എന്നു പറഞ്ഞുകൊണ്ട് അലംകൃത ഓടിയെത്തി. ഞാന്‍ മോളെ ചേര്‍ത്തുനിറുത്തി. നെറുകയില്‍ ഉമ്മ കൊടുത്തു. അപ്പോഴും മാസ്ക് ഊരിയിരുന്നില്ല. ‘വീട്ടിനകത്ത് മാസ്ക് വേണ്ടമ്മേ’ പൃഥ്വി പറഞ്ഞു. അപ്പോള്‍ മാത്രമാണ് മാസ്ക് ഊരിയത്. കൈയില്‍ കരുതിയിരുന്ന കേക്ക് സുപ്രിയയെ ഏല്പിച്ചു.
എന്നോട് വിശേഷങ്ങള്‍ പറയുന്ന തിരക്കിലായിരുന്നു അലംകൃത. യു.കെ.ജിയിലാണ് പഠിക്കുന്നത്. എന്നിട്ടും നന്നായി ഇംഗ്ലീഷ് പറയുന്നുണ്ട്. രാജഗിരി സ്കൂളിലാണ് പഠിക്കുന്നത്. അവിടെ ഇംഗ്ലീഷില്‍ തന്നെ സംസാരിക്കണമെന്നുള്ളത് നിര്‍ബ്ബന്ധമാണ്. ‘ഇംഗ്ലീഷ് മാത്രം പോരാ, മലയാളത്തിലും സംസാരിക്കണമെന്ന് ഞാന്‍ മോളോടു പറയും. അപ്പോള്‍മാത്രം അവര്‍ മലയാളത്തില്‍ സംസാരിക്കും, അത്രയൊന്നും അക്ഷരശുദ്ധിയില്ലാതെ.’
സാധാരണ ഇത്തരം വിശേഷാവസരങ്ങളില്‍ സുപ്രിയയുടെ അച്ഛനും, അമ്മയും അവിടെ ഉണ്ടാകേണ്ടതായിരുന്നു. അച്ഛന് ബാക്ക്പെയിനായതിനാല്, യാത്ര ചെയ്യാന്‍ പാടില്ല.
ഞാന്‍ എത്തുമെന്നറിഞ്ഞ് സുപ്രിയ സദ്യ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇലയിട്ട്, കറികളൊക്കെ വിളമ്പിയത് ഞാനാണ്. അവിയലും തോരനും കിച്ചടിയും ഇഞ്ചിക്കറിയുമെക്കെയുണ്ട്. മോനോടും കൊച്ചുമോളോടും മരുമകളോടുമൊപ്പമിരുന്ന് സദ്യ ഉണ്ടു. ഒടുവില്‍ പാല്‍പ്പായസം, നല്ല പാകം, അല്ല രുചി.
പിന്നീട് കേക്ക് മുറിക്കാനുള്ള തിരക്കും ബഹളവുമായിരുന്നു. അന്ന് നിറയെ കേക്കുകള്‍ പൃഥ്വിരാജിന് സമ്മാനമായി ലഭിച്ചിരുന്നു. പല ആകൃതിയിലും വലുപ്പത്തിലുമുള്ള മനോഹരമായ കേക്കുകള്‍. അവയില്‍നിന്ന് എന്റെ കേക്ക് എടുത്ത് മുറിക്കാന്‍ പറഞ്ഞത് സുപ്രിയയായിരുന്നു.
രാജു കേക്ക് മുറിച്ചു. ഒരു ചെറുകഷണം കേക്ക് അവന് എന്റെ വായിലേക്ക് വച്ചുതന്നു. ഞാനും കൊടുത്തു. പിന്നെ അച്ഛനും മകളും തമ്മിലുള്ള ബഹളമായിരുന്നു.
കുറേ നാളുകള്‍ക്കുശേഷമാണ് എന്റെ മക്കള്‍ക്കൊപ്പം നില്‍ക്കാനും അവരോടൊപ്പം ഇരുന്ന് ആഹാരം കഴിക്കാനുമൊക്കെ ഭാഗ്യം ഉണ്ടാകുന്നത്. രണ്ടു ദിവസം മുമ്പ് ഇന്ദ്രന്റെ (ഇന്ദ്രജിത്ത്) വീട്ടിലും പോയിരുന്നു. അവിടുന്നും, ഊണ് കഴിച്ചിട്ടാണ് മടങ്ങിയത്. മക്കള്‍ തിരക്കുകളില്‍ പെടുമ്പോള്‍ അവരെ മിസ് ചെയ്യുന്നത് ഏതൊരു അമ്മയ്ക്കും നേരിടേണ്ടിവരുന്ന കാര്യമാണ്. മക്കളുടെ വളര്‍ച്ചയില്‍ സന്തോഷിക്കാമെന്നല്ലാതെ പരാതിപ്പെട്ടിട്ട് കാര്യമില്ല. ഒന്നും മനഃപൂര്‍വ്വം അല്ലല്ലോ. അന്ന് പതിവില്ലാത്തവിധം ഞാന്‍ സന്തോഷത്തോടെ ഉറങ്ങി.
അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങി. മുഷിഞ്ഞ യാത്രയായിരുന്നു. എങ്കിലും വീടണയാമല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍.
മല്ലികാസുകുമാരന്‍ കാന്‍ ചാനലിനുവേണ്ടി എഴുതിയ കുറിപ്പ്
Recent Comments