പാലക്കാട് ജില്ലയിലെ നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ഒളിവിൽ തുടരുന്നു. പ്രതി ചെന്താമരയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 7 പേരടങ്ങുന്ന 4 ടീമുകളാണ് പ്രതിക്കായി പരിശോധന നടത്തുക. പ്രതിയെ കണ്ടെത്താനായി നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. പ്രതിയുടെ അയൽവാസികളായ സുധാകരൻ(58 ) അയാളുടെ അമ്മ ലക്ഷ്മി(76 ) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം .നേരത്തെ സുധാകരന്റെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന പ്രതി പരോളിലിറങ്ങിയാണ് ഇരട്ടക്കൊല നടത്തിയത് . തനിക്ക് ഭീഷണിയുണ്ടെന്ന് സുധാകരൻ പോലീസിൽ വിവരം അറിയിച്ചിട്ടും സുരക്ഷ നൽകിയില്ലെന്ന് ആക്ഷേപമുണ്ട്.
അതിനിടെ, പ്രതി വിഷം കഴിച്ചശേഷം വെള്ളത്തിൽ ചാടിയെന്ന സംശയവും പൊലീസിനുണ്ട്. അതിനാൽതന്നെ ഇന്ന് ജലാശയങ്ങളിൽ പരിശോധന നടത്താനാണ് നീക്കം. തിരച്ചിലിന് മുങ്ങൽ വിദഗ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. പ്രതിയുടെ വീട്ടിൽനിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് പ്രതി ആത്മഹത്യ ചെയ്തിരിക്കാമെന്ന പൊലീസ് സംശയത്തിന്റെ കാരണം.
2019 ഓഗസ്റ്റിലാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി വിയ്യൂർ ജയിലിൽനിന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനിടയിലാണ് ഇന്നലെ സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതി ചെന്താമര അന്ധവിശ്വാസിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ചെന്താമരയും ഭാര്യയും മക്കളും അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്മന്ത്രവാദത്തെ തുടർന്നെന്നാണ് ഇയാള് സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് നൽകിയ മൊഴി.
Recent Comments