ഭാരതിയ സംഗീതത്തിന്റെ നാദമയൂഖം ഡോ. കെ.ജെ. യേശുദാസിന് ഇന്ന് 82 വയസ്സ്. അരനൂറ്റാണ്ടിലേറെയായി പല തലമുറമുകളുടെയും പ്രിയപ്പെട്ട സ്വരമായി നിലകൊള്ളുന്ന മഹാത്ഭുതം. ഒന്‍പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ ഇപ്പോഴും ശബ്ദസൗന്ദര്യത്തിന്റെ ഔന്നിത്യമായി സംഗീതാസ്വാദകര്‍ക്കിടയില്‍ സജീവമാണ്.
22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തത്. കെ.എസ്. ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തോടെ സിനിമാ സംഗീതലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചു. സംഗീതജ്ഞനായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട്കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ. യേശുദാസിന്റെ ജനനം.
മലയാളവും കടന്ന് ഒട്ടുമിക്ക ഭാരതീയ ഭാഷകളിലും പാടി. ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും അദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നു. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടുകയും കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പല ഭാഷകളിലായില് മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സര്‍ഗ്ഗസംഗീതം പടര്‍ന്നുപന്തലിച്ചു. അസാമീസ്, കാശ്മീരി, കൊങ്കണി എന്നീ ഭാഷകളില്‍ മാത്രമമേ അദ്ദേഹത്തിന്റെ ശബ്ദസാന്നിദ്ധ്യം എത്താതെ പോയിട്ടുള്ളു.
വയലാര്‍, പി ഭാസ്കരന്, ഒഎന്‍വി, ജി. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്, എം.എസ്. ബാബുരാജ്, ശ്രീകുമാരന്‍തമ്പി, എം.കെ. അര്ജ്ജുനന് എന്നീ മഹാപ്രതിഭകള്‍ക്കൊപ്പം കൈകോര്‍ത്തപ്പോള്‍, ആസ്വാദകര്‍ക്ക് ലഭിച്ചത് സംഗീതത്തിന്റെ നിത്യവസന്തം.
തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്.എല്‍.വി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാംസ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന് കര്‍ണ്ണാടകസംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ല്‍ ചെമ്പൈയുടെ മരണംവരെ ഇത് തുടര്‍ന്നു പോന്നു.
സംഗീതത്തിനായി അര്‍പ്പിച്ചൊരു ജീവിതം കൊണ്ട് അദ്ദേഹം തന്നിലെ ഗായകനെ മുഴുവനായും ലോകത്തിനു നല്കി. യേശുദാസ് എന്ന അനുഗ്രഹീത നാദം തലമുറകളെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും ആ ശബ്ദമാധുര്യം അനസ്യൂതം തുടരട്ടെ.
Recent Comments