ചുരുങ്ങിയ സിനിമകള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടന് കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസ്സായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കൊല്ലം കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.
പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 10,000ത്തിലധികം വേദികളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ അപൂര്‍വ്വം നാടകനടന്മാരില് ഒരാളാണ് തങ്കരാജ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലും ജോലി ചെയ്തിരുന്ന തങ്കരാജ്, തീവ്രമായ അഭിനയ മോഹം കാരണം ജോലി ഉപേക്ഷിച്ചായിരുന്നു കലാരംഗത്തേക്ക് കടന്നുവന്നത്.
പ്രേംനസീര്‍ നായകനായി എത്തിയ ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്, എന്നീ ചിത്രങ്ങള്‍ക്ക് പുറമെ, അണ്ണന് തമ്പി, ഈ മ യൗ, ആമേന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ ‘ഹോം’ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Recent Comments