കാന്‍ ചാനലിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ ഉദ്ഘാടനം മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ കാക്കനാടുള്ള ലൊക്കേഷനില്‍വച്ചാണ് അനുഗ്രഹീതമായ തന്‍റെ കരങ്ങള്‍കൊണ്ട് കാനിനെ അദ്ദേഹം തൊട്ടനുഗ്രഹിച്ചത്.
ചടങ്ങിന് സാക്ഷികളായി സംവിധായകന്‍ ജീത്തു ജോസഫും ക്യാമറാമാന്‍ സതീഷ് കുറുപ്പും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കലുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു.
കമ്പ്യൂട്ടറിന്‍റെ ഓപ്പണ്‍പേജില്‍ മോഹന്‍ലാല്‍ വിരലുകള്‍ അമര്‍ത്തുമ്പോള്‍ ആദ്യം തെളിഞ്ഞത് ദൃശ്യത്തില്‍ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററായിരുന്നു. ആ പേജില്‍ അദ്ദേഹം വീണ്ടും ക്ലിക്ക് ചെയ്തതോടെ ദൃശ്യം 2 ന്‍റെ അണിയറവിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയവരുടെ നീണ്ടനിരയായിരുന്നു.
സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, സിദ്ധിക്ക്, മുരളി ഗോപി, ഗണേഷ്‌കുമാര്‍, ആശാശരത്ത്, ക്യാമറാമാന്‍ സതീഷ്‌കുറുപ്പ് എന്നിവരുടെ അഭിമുഖങ്ങളും അണിയറപ്രവര്‍ത്തകരുടെ ചിത്രങ്ങളും സമ്പന്നമാക്കി.
ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തിന്‍റെ കാരക്ടര്‍ പോസ്റ്റര്‍ വെബ്‌സൈറ്റിലൂടെ പുറത്ത് വരുന്നത്. പിന്നീട് കാന്‍ ചാനലിന്‍റെ വെബ്‌സൈറ്റ് പേജ് (www.canchannels.com) ലാലിന്‍റെ ഫേയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.
സിനിമയും ജ്യോതിഷവുമാണ് കാന്‍ ചാനല്‍ കൈകാര്യം ചെയ്യുന്ന മുഖ്യ വിഷയങ്ങളെങ്കിലും ആരോഗ്യം, സാങ്കേതികവിദ്യ, ആട്ടോമൊബൈല്‍, സംഗീതം, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളും ചാനല്‍ അപ്പപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.
താങ്കള്‍ ചെയ്ത സിനിമകളില്‍ രണ്ടാംഭാഗം ഉണ്ടാകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച ചിത്രം ഏതാണ്?
നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് മൂന്ന് ഭാഗങ്ങള്‍വരെയുണ്ടായി. അതിലെ കഥാപാത്രങ്ങള്‍ക്ക് ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നു. കിരീടത്തിന്‍റെ രണ്ടാംഭാഗമായ ചെങ്കോലാകട്ടെ കുറേക്കൂടി കോംപ്ലിക്കേറ്റഡായിരുന്നു. വളരെ ഇമോഷണലായ ചിത്രവും. ദൃശ്യത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെ രണ്ടാംഭാഗം എന്താണെന്നറിയാനുള്ള ആഗ്രഹം അത് കണ്ട എല്ലാ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് രണ്ടാംഭാഗത്തിന് ഏറ്റവും സാധ്യതയുള്ള ചിത്രം ദൃശ്യമെന്നാണ്.
ചുമ്മാതൊരു സിനിമ ചെയ്യുകയല്ലല്ലോ. എല്ലാ സാധ്യതകളും പരിശോധിച്ചിട്ടാണ് അതിലേയ്ക്ക് എത്തുന്നത്. ദൃശ്യം ചൈനീസ് ഭാഷയിലേയ്ക്ക് റീമേക്ക് ചെയ്തപ്പോള്‍ അവിടെയും റിക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ അതിന് റീമേക്കുകളുണ്ടായി. അതിന് കാരണം ആ സബ്ജക്ടിന്‍റെ യൂണിവേഴ്‌സാലിറ്റിയാണ്. പിന്നെയും സാധ്യതകള്‍ തുറന്നുകിടക്കുന്നുവെന്ന് കണ്ടപ്പോഴാണ് രണ്ടാംഭാഗത്തിലേയ്ക്ക് എത്തുന്നത്.
ഒരു ക്രൈം നടന്നു. കേസന്വേഷിക്കുന്നത് കേരള പോലീസാണ്. അവരത് വെറുതെ വിടുകയില്ല. ഇനി എത്ര കാലം കഴിഞ്ഞാലും. ഇരുപത് വര്‍ഷത്തിനുശേഷവും കേസുകള്‍ തെളിയിച്ച ചരിത്രമുണ്ട് നമ്മുടെ സേനയ്ക്ക്. ദൃശ്യത്തിലേയ്ക്ക് വന്നാല്‍ കൊലപാതകം ചെയ്യപ്പെട്ട ആളുടെ ബോഡി ഇനിയും കണ്ടെത്തിയിട്ടില്ല. അത് കണ്ടെത്താതെ പോലീസ് പിന്തിരിയുമോ? ജോര്‍ജ്ജുകുട്ടിയും കുടുംബവും എങ്ങനെയായിരിക്കും അതിനെ അഭിമുഖീകരിക്കുക? ഇത്തരം സാധ്യതകളിലൂടെയാണ് ദൃശ്യം 2 കടന്നുപോകുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് തീയേറ്ററുകളിലേയ്ക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ പറ്റിയ ചിത്രവും ദൃശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.
താങ്കളുടെ എണ്ണമറ്റ കഥാപാത്രങ്ങളില്‍നിന്ന് ജോര്‍ജ്ജുകുട്ടി ഏറ്റവും പ്രിയങ്കരനാകുന്നത് എങ്ങനെയൊക്കെയാണ്?
ഞാനല്ല, പ്രേക്ഷകരാണ് കഥാപാത്രങ്ങളോട് ഇഷ്ടം കൂടുന്നത്.
മാനസികമായി ഇഴയടുപ്പം ജോര്‍ജ്ജുകുട്ടിയോടുണ്ടോ എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കിയത്?
ഒരു സിനിമ ചെയ്യുമ്പോള്‍ അതിലെ എല്ലാ കഥാപാത്രങ്ങളോടും അറ്റാച്ച്‌മെന്റ് ഉണ്ടാകും. പാക്ക്അപ്പ് പറഞ്ഞുകഴിഞ്ഞാല്‍ എല്ലാ അടുപ്പങ്ങളും അതോടെ അവസാനിക്കും.
പിന്‍കുറുപ്പ്: നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ. മൂന്ന് ഭാഗങ്ങളുണ്ടായ ലാല്‍ചിത്രം ഇതാണ്. കിരീടം, ദേവാസുരം, ഇരുപതാംനൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് യഥാക്രമമുണ്ടായ രണ്ടാം ഭാഗങ്ങളാണ് ചെങ്കോലും രാവണപ്രഭുവും സാഗര്‍ എലിയാസ് ജാക്കി റീലോഡഡും. ദൃശ്യത്തിന്‍റെ രണ്ടാംഭാഗത്തിന്‍റെ ഷൂട്ടിംഗ് ദൃശ്യം 2 എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇനി വരാനിരിക്കുന്നത് ലൂസിഫറിന്‍റെ രണ്ടാംഭാഗമായ എമ്പുരാനാണ്. രണ്ടാംഭാഗം അല്ലെങ്കിലും ചില കഥാപാത്രങ്ങളുടെ പേരിലും സിനിമകളുടെ തുടര്‍ച്ചയുണ്ടായിട്ടുണ്ട്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ് എന്നീ ചിത്രങ്ങളില്‍ ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര് മേജര്‍ മഹാദേവനെന്നായിരുന്നു. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ജോസഫ് പിന്നീട് അതേ പേരില്‍ പ്രത്യക്ഷപ്പെട്ടത് പ്രിയന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലായിരുന്നു.
ജീത്തുവിന്‍റെ സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നത് ഇതാദ്യമാണ്. അത് സംഭവിക്കാന്‍ കാരണമെന്തായിരുന്നു? ആരാണ് പ്രചോദനമായത്?
ദൃശ്യം ഇറങ്ങി കഴിഞ്ഞപ്പോള്‍തന്നെ പലരും എന്നോട് ചോദിച്ചിരുന്നു, ഇതിനൊരു രണ്ടാംഭാഗം ഉണ്ടാകുമോയെന്ന്. ഇല്ലെന്നായിരുന്നു മറുപടി. കാരണം രണ്ടാംഭാഗത്തിനുള്ള സാധ്യത ഞാനതില്‍ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. പിന്നീട് ദൃശ്യം പല ഭാഷകളിലേയ്ക്കും റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയില്‍ ആ സിനിമ നിര്‍മ്മിച്ചത് വയാകോം എന്ന കമ്പനിയാണ്. ഞാനാദ്യമായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ദ ബോഡിയുടെ നിര്‍മ്മാതാക്കളും വയാകോമായിരുന്നു. രണ്ടാം പതിപ്പിന്‍റെ സാധ്യതകളെക്കുറിച്ച് അവരാണ് എന്നോട് ആദ്യമായി പറയുന്നത്. അതിന് കാരണവുമുണ്ട്. അവരോട് ആരൊക്കെയോ ദൃശ്യം 2-ാം ഭാഗത്തിന്‍റെ കഥയെക്കുറിച്ച് സംസാരിച്ചത്രെ. പിന്നീട് ആന്‍റണി പെരുമ്പാവൂരും ഇതേ ആവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. അടുത്തിടെ മാധ്യമങ്ങളും അത് ചര്‍ച്ച ചെയ്തിരുന്നു. അതിനുശേഷമാണ് അതിന്‍റെ സാധ്യതകള്‍ ഞാന്‍ അന്വേഷിച്ച് തുടങ്ങിയത്. ദൃശ്യത്തിന് പിന്നാലെ സഞ്ചരിച്ചപ്പോള്‍ ഒരു ത്രെഡും കിട്ടി.
റാമിന്‍റെ (മോഹന്‍ലാലിനെ വച്ച് ജീത്തു ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം) കഥ പറയാന്‍ പോയപ്പോള്‍ ലാല്‍സാറിനോടും ആന്‍റണിയോടും ഈ തോട്ട് കൂടി പറഞ്ഞു. രണ്ടുപേര്‍ക്കും ഇഷ്ടമായി. അപ്പോഴും അവരോട് പറഞ്ഞത്, ഞാനൊന്ന് എഴുതിനോക്കട്ടെ. വ്യക്തമായ ഒരു ഡ്രാഫ്റ്റ് ഉണ്ടായിട്ടില്ലെങ്കില്‍ ഉപേക്ഷിക്കുമെന്നുതന്നെയാണ്. അങ്ങനെ റാമിന്‍റെ വര്‍ക്കുകളിലേയ്ക്ക് കടക്കുന്നു. റാമിന്‍റെ തിരക്കഥ എഴുതി കഴിഞ്ഞതിനു പിന്നാലെ എനിക്ക് കുറച്ചുകൂടി സമയം കിട്ടി. വീണ്ടും ദൃശ്യത്തിനു പിറകെ പോയി. ആ സമയത്താണ് കുറേ നല്ല സീക്വന്‍സുകളും കഥയ്ക്ക് സംഭവിക്കാവുന്ന ചില വഴിത്തിരിവുകളുമൊക്കെ ഉണ്ടാകുന്നത്. അതും ഞാന്‍ ലാല്‍സാറിനോട് പറഞ്ഞു. കൂടുതല്‍ നന്നായിട്ടുണ്ട്, എഴുതിക്കൊള്ളാനാണ് ലാല്‍സാര്‍ പറഞ്ഞത്. റാം പൂര്‍ത്തിയാക്കിയശേഷം ദൃശ്യം 2 എഴുതാമെന്നാണ് വിചാരിച്ചിരുന്നത്. അപ്പോഴാണ് ലോക്ഡൗണിന്‍റെ കടന്നുവരവ്. ആ സമയത്ത് ദൃശ്യത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കി. അത് ലാല്‍സാറിന് വായിക്കാന്‍ കൊടുക്കുന്നതിനുമുമ്പ് ഞാന്‍ പതിവായി അഭിപ്രായങ്ങള്‍ തേടുന്ന ചിലരുണ്ട്. അവരോട് പറഞ്ഞു. ഒരു നല്ല കഥയും സിനിമയും ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് അവരാണ്. അങ്ങനെയാണ് ദൃശ്യം 2 ലേക്ക് ഞാന്‍ എത്തുന്നത്.
ദൃശ്യത്തിന്‍റെ ആദ്യഭാഗത്തുനിന്ന് രണ്ടാംഭാഗം വ്യത്യാസപ്പെടുന്നത് ഏതൊക്കെ തരത്തിലാണ്?
കഥാപരമായി ദൃശ്യത്തിന്‍റെ തുടര്‍ച്ച തന്നെയാണ് അതിന്‍റെ രണ്ടാംഭാഗവും. ദൃശ്യത്തിന്‍റെ ആദ്യഭാഗത്ത് ഒരു ക്രൈം നടക്കുന്നുണ്ട്. രണ്ടാംഭാഗത്ത് ക്രൈം ഒന്നുമില്ല. ദൃശ്യത്തിന്‍റെ ടെയില്‍എന്‍ഡില്‍ ആളുകള്‍ സിനിമ കണ്ടിട്ട് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ഭയങ്കരമായ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. അത്തരം ട്വിസ്റ്റുകളും രണ്ടാംഭാഗത്ത് ഇല്ല. പകരം ആറ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും അവസ്ഥയും അവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളും ആ നാടിന്‍റെ പശ്ചാത്തലവുമൊക്കെ ചേര്‍ത്തുവച്ചാണ് ദൃശ്യം 2 ഒരുങ്ങുന്നത്.
Posted by Canchannelmedia on Sunday, September 27, 2020
തിരക്കഥയെഴുതാന്‍ കൂടുതല്‍ സമയമെടുത്തത് ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിനോ രണ്ടാംഭാഗത്തിനോ?
ഒറ്റയടിക്ക് എഴുതുന്ന ശീലം എനിക്കില്ല. അക്കാര്യത്തില്‍ മടിയുള്ള ഒരാളാണ്. ഏതാണ്ട് ഒന്നര മാസത്തോളം എടുത്താണ് രണ്ട് തിരക്കഥകളും പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ദൃശ്യത്തിന്‍റെ കഥയുടെ തോട്ട് വര്‍ഷങ്ങള്‍ക്കുമുമ്പേ എന്‍റെ മനസ്സിലുള്ളതാണ്. ഞാന്‍ സിനിമയില്‍ എത്തുന്നതിനുംമുമ്പേ. 2007 ലാണ് ഞാന്‍ ആദ്യം സിനിമ ചെയ്യുന്നത്. ദൃശ്യത്തിന്‍റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കുന്നത് 2010 ലും. അതുപോലെയാണ് ദൃശ്യം 2 ന്‍റെ കാര്യത്തിലും സംഭവിച്ചത്. വയാകോം കമ്പനി ദൃശ്യത്തിനൊരു രണ്ടാംഭാഗം എഴുതണമെന്ന് പറയുന്നത് 2015 ലാണ്. എന്നാല്‍ അത് എഴുതി പൂര്‍ത്തിയാക്കിയത് 2020 ലും.
ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ഏറ്റവും മികച്ച മൂന്ന് സിനിമകളില്‍ ഒന്നായിരിക്കുമോ ദൃശ്യം?
അതില്‍ സംശയമെന്തിരിക്കുന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജ്കുട്ടി എന്ന കഥാപാത്രമോ?
ലാല്‍സാര്‍ ചെയ്തുവച്ച അനവധി മികച്ച കഥാപാത്രങ്ങള്‍ എന്‍റെ മനസ്സിലുണ്ട്. എനിക്ക് ഏറെ ഇഷ്ടവും ആദരവുമുള്ള കഥാപാത്രങ്ങള്‍. അവയില്‍ ഒന്നുതന്നെയാണ് ജോര്‍ജ്ജുകുട്ടിയും.
ദൃശ്യത്തിന്‍റെ ആദ്യഭാഗം ആരംഭിക്കുന്നത് ആന്‍റണി പെരുമ്പാവൂര്‍ എന്ന നടനില്‍നിന്നാണ്. രണ്ടാംഭാഗത്തും താങ്കള്‍ ഉണ്ടാകുമോ?
ഇത്തവണ എന്‍റെ ഭാഗം കൂടുതല്‍ ഉണ്ടാകുമെന്നും അത് ചെയ്യാമോ എന്നും ജീത്തു അന്വേഷിച്ചിരുന്നു. കഴിയില്ലെന്നായിരുന്നു എന്‍റെ മറുപടി. എപ്പോഴത്തേയുംപോലെ വന്നുപോകാനാണ് എനിക്കിഷ്ടം. പിന്നീട് ആ രീതിയില്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവാം. അതെന്താണെന്ന് ഇപ്പോഴും അറിയില്ല.
അങ്ങനെയൊരു കഥാപാത്രം വേണ്ടെന്നുവച്ചത് എന്തുകൊണ്ടാണ്?
അതെന്‍റെ പ്രൊഫഷനല്ലല്ലോ. പലപ്പോഴും ലാല്‍സാറിന്‍റെ ഇഷ്ടവും ഞാന്‍ അഭിനയിക്കുന്നതിന് കാരണമായിരുന്നിട്ടുണ്ട്. വെറുതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ലാല്‍സാര്‍ പറയും ‘ആന്‍റണി ഈ സിനിമയില്‍ അഭിനയിക്കുന്നില്ലേ?’ ചെയ്യാം സാര്‍ അതായിരിക്കും എന്‍റെ മറുപടി. അങ്ങനെ മുഖം കാണിക്കേണ്ടിവന്നിട്ടുള്ള സിനിമകളും എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
ആന്‍റണി പെരുമ്പാവൂരിനോളം മറ്റൊരു ഹാര്‍ഡ്‌കോര്‍ ലാല്‍ഫാന്‍ ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ്, ദൃശ്യത്തില്‍ കലാഭവന്‍ ഷാജോണ്‍ (കോണ്‍സ്റ്റബിള്‍ സഹദേവന്‍) മോഹന്‍ലാലിനെ മര്‍ദ്ദിക്കുന്ന ഒരു രംഗമുണ്ട്. അങ്ങനെ ഒരു രംഗത്തെക്കുറിച്ച് താങ്കള്‍ക്ക് എതിരഭിപ്രായം ഉണ്ടായിരുന്നോ?
കഥയും കഥാസന്ദര്‍ഭവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു സീന്‍ വന്നതില്‍ എനിക്ക് അനിഷ്ടങ്ങളൊന്നുമില്ല. പക്ഷേ ലാല്‍സാറെന്ന നടനെ അത്രയധികം സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്‍റെ ഹീറോ അങ്ങനെയായിരിക്കാന്‍ പാടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിയോജിപ്പ് കഥ പറയുന്ന സന്ദര്‍ഭത്തില്‍ ജീത്തുവിനോടും തുറന്നു പറഞ്ഞിരുന്നു. ഇനിയൊരുപക്ഷേ എന്‍റെ സമ്മര്‍ദ്ദമുണ്ടായതുകൊണ്ടാവാം ആ സീന്‍ അങ്ങനെയെങ്കിലും ആയിത്തീര്‍ന്നത്. അല്ലായിരുന്നുവെങ്കില്‍ ഇതിനേക്കാളും ഭീകരമായിരുന്നിരിക്കണം ആ സീക്വന്‍സുകള്‍.
ഇതിന് ഞാന്‍ പ്രതികാരം വീട്ടിയത് ഒപ്പം എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമയിലും സമാനമായ ഒരു രംഗമുണ്ടായപ്പോള്‍ ഞാന്‍ പ്രിയന്‍സാറിനോട് പറഞ്ഞു. ദൃശ്യത്തില്‍ ലാല്‍സാറിനെ ഒരുപാട് ഉപദ്രവിക്കുന്ന ആളല്ലേ ഷാജോണ്‍. ഇതിനകത്ത് ലാല്‍സാറിനെക്കൊണ്ട് തിരിച്ച് തല്ലിച്ചാലോ. എന്‍റെ നിര്‍ദ്ദേശത്തോട് പ്രിയന്‍സാറും യോജിച്ചു. അങ്ങനെയാണ് അന്ധനായ ജയരാമന്‍ പോലീസ് ഓഫീസറായ മധുവിനെ തല്ലുന്ന രംഗങ്ങള്‍ അതിലുണ്ടായത്. ദൃശ്യവുമായി അതിനെ റിലേറ്റ് ചെയ്യാന്‍ പ്രേക്ഷകര്‍ക്കും വേഗത്തില്‍ കഴിഞ്ഞു.
Posted by Canchannelmedia on Sunday, September 27, 2020