ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്പനി. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നട പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വന്‍ തുക കമ്പനി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സുമാണ് ചിത്രം നിര്‍മ്മിച്ചത്. ഇരു നിര്‍മാണ കമ്പനികളുമായി സീ കരാറില്‍ ഒപ്പിട്ടു.
35 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തീയറ്റര്‍, ഒടിടി, ഡബ്ബിംഗ്, സാറ്റലൈറ്റ് റൈറ്റ്സ് ഉള്‍പ്പെടെയാണ് ചിത്രം വന്‍ തുക കളക്ട് ചെയ്തത്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് കുറുപ്പ്.
പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് കുറുപ്പ് ഒരുക്കിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് ചിത്രം നെറ്റ്ഫ്ളിക്സിലും സ്ട്രീം ചെയ്തിരുന്നു.
ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനവും ശ്രദ്ധനേടിയിരുന്നു.
Recent Comments