ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കാണ് അള്‍ട്രാവയലറ്റ് ഏഫ് 77. അല്‍ട്രാവയലറ്റ് കമ്പനിയുടെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ സല്മാന്.
‘ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയിലെ ഗതാഗത സംവിധാനം. അതുകൊണ്ടുതന്നെ ആദ്യ ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഞാനും. തന്റെ ഇലക്ട്രിക് യാത്രയുടെ ആരംഭം തന്നെ അല്‍ട്രാവയലറ്റ് ഏഫ് 77 വാഹനത്തിലായിരുന്നു. ഇപ്പോള്‍ അതിന്റെ വരവിനായി കാത്തിരിക്കുകയാണ് ഞാനും.’ വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിലാണ് അല്‍ട്രാവയലറ്റ് കമ്പനിയുമായുള്ള തന്റെ ബന്ധം ദുല്‍ഖര്‍ വെളിപ്പെടുത്തിയത്.
‘സിനിമയില്‍ എത്തുന്നതിന് മുമ്പുതന്നെ താന്‍ ഒരു നിക്ഷേപകനായിരുന്നു. മെഡ്ടെക്, എഡ്യൂടെക് എന്നീ മേഖലയില്‍ നടത്തിയ നിക്ഷേപങ്ങള്‍ക്ക് പുറമെ, അത് ക്ലീന്‍ എനര്‍ജിയിലേക്കും സാങ്കേതികവിദ്യയിലേക്കും വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. കാറുകളോടും ബൈക്കുകളോടുമുള്ള എന്റെ ഇഷ്ടത്തിന്റെയും അഭിനിവേശത്തിന്റെയും ഭാഗമായി ഓട്ടോമൊബൈല്‍ മേഖലയില്‍ നിക്ഷേപിക്കുക എന്നതും എന്റെ ലക്ഷ്യമായിരുന്നു.’ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘2016-ലാണ് എന്റെ സുഹൃത്തുകളും കമ്പനിയുടെ ചുമതലക്കാരുമായ ആളുകള്‍ ഹൈ സ്പീഡ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ എന്ന ആശയം പങ്കുവെച്ചത്. നൂതനമായ ഡിസൈനും നവീനമായ സാങ്കേതികവിദ്യയുമാണ് എന്നെയും ഇതിലേക്ക് ആകര്‍ഷിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും ആവേശകരമായ ഓട്ടോമോട്ടീവ് കമ്പനിയുടെ നിക്ഷേപകനായതിന്റെ ആവേശത്തിലാണ് ഞാനും. തന്റെ ഗ്യാരേജില്‍ അള്‍ട്രാവയലറ്റ് ഏഫ്77-ന് ബൈക്കിനായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിരിക്കുകയാണ്.’ ദുല്‍ഖര്‍ പറയുന്നു.
ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്കാണ് എഫ്77 എത്തുന്നത്. 33.52 ബി.എച്ച്.പി. പവറും 90 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുക. 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്ററും 7.5 സെക്കന്റില്‍ 100 കിലോമീറ്ററും വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് കഴിയും. മണിക്കൂറില്‍ 147 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഒറ്റത്തവണ ചാര്‍ജിലൂടെ 307 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
Recent Comments