മലയാള സിനിമാലോകത്ത് യുവതാരങ്ങള്‍ക്കിടയില്‍ സ്വന്തമായി ഒരു ഇടം ഉണ്ടാക്കിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്മാന്. കൂടാതെ തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിനുശേഷം മലയാള ചിത്രങ്ങളില്‍നിന്നും ഒരു ഇടവേളയിലാണ് താരം. അതേസമയം തെലുങ്കില്‍ ദുല്‍ഖര്‍ സജീവവുമാണ്. ഇപ്പോഴിതാ മലയാളത്തില്‍ തിരിച്ചുവരുന്നുവെന്നാണ് സൂചന.
2024 അവസാനത്തോടെ ദുല്‍ഖര്‍ സല്മാന് പുതിയ മലയാളം പ്രോജക്ടുമായി തിരിച്ചെത്തുന്നുവെന്നാണ് പുതിയ അപ്ഡേറ്റ്. കഴിഞ്ഞ വര്‍ഷം കേരള ബോക്സ് ഓഫീസിലെ വന്‍ വിജയമായ ആര്‍ഡിഎക്സ് സംവിധാനം ചെയ്ത നഹാസ് ഹിദായത്തുമായി ചേര്‍ന്നായിരിക്കും പുതി പ്രോജക്ട് എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് പറയുന്നത്. അപ്ഡേറ്റുകള് അനുസരിച്ച് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. ചിത്രത്തിന്റെ തിരക്കഥാ രചന ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും തിരക്കഥയില്‍ നിര്‍മ്മാതാവും നായകനും സന്തുഷ്ടരാണെന്നുമാണ് റിപ്പോര്‍ട്ട്. ഒരു ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയിന്‍മെന്റ് ആയിരിക്കും എന്നാണ് വിവരം. ഇപ്പോഴത്തെ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ 2024 നവംബര്‍ അവസാനമോ 2024 ഡിസംബര്‍ ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
ദുല്‍ഖറിന്റെ ഹോം ബാനറായ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുമെന്നാണ് വിവരം. നേരത്തെ കല്‍ക്കി 2898 എഡി ചിത്രം കേരളത്തില്‍ വിതരണം നടത്തിയത് വേഫെറര്‍ ഫിലിംസാണ്. ദുല്‍ഖറിന്റെ തന്നെ കിംഗ് ഓഫ് കൊത്തയാണ് ഇവര്‍ നിര്‍മ്മിച്ച അവസാന ചിത്രം.
Recent Comments