പ്രശസ്ത സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖര്‍ സല്‍മാനാണ് നായകന്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡത്തിലുമായി നിര്‍മ്മിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം കാരക്കുടിയില്‍ പുരോഗമിക്കുന്നു.
രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ക്യാരക്ടറിന്റെ വേഷപ്രകൃതികള് കൊണ്ടുതന്നെ ദുല്‍ഖറിന്റെ വ്യത്യസ്തമായ കഥാപാത്രമാണെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചനകള്‍ നല്കുന്നു.
സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫാറര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത്. സീ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ആദ്യ മലയാളചിത്രംകൂടിയാണിത്.
‘വേഫാറര്‍ ഫിലിംസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ മലയാളത്തില്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ അവസരം ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനും അഭിലാഷ് ജോഷിക്കും അവരുടെ ടീമിനുമൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷവുമുണ്ട്.’ സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് മേധാവി അക്ഷയ് കെജരിവാള്‍ പറഞ്ഞു.
ദുല്‍ഖറിനെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. അവരെ ഓരോരുത്തരെയായി അവതരിപ്പിക്കാനാണ് അണിയറക്കാരുടെ നീക്കം. നിമീഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് അഭിലാഷ് എന്‍. ചന്ദ്രനാണ്. എഡിറ്റര്‍ ശ്യാം ശശിധരന്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്. ജേക്സ് ബിജോയും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സ്റ്റണ്ട് കോറിയോഗ്രാഫര്‍ രാജശേഖറാണ്. പി.ആര്.ഒ. പ്രതീഷ് ശേഖര്‍.
Recent Comments