ജീവിതത്തിന്റെയും വളര്‍ച്ചയുടെയും സമാനതകള്‍, സാന്ദര്‍ഭികവശാല്‍ അവര്‍ പിറന്നാള്‍ ആഘോഷിക്കുന്നതും ഒരേ ദിനം. പ്രായംകൊണ്ടും സമകാലീനര്‍. പറഞ്ഞുവരുന്നത് മലയാളികളുടെ പ്രിയ താരമായ ദുല്‍ഖറിനെക്കുറിച്ചും തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ധനുഷിനെക്കുറിച്ചുമാണ്. ഒരുകാലത്ത് സ്വന്തമായി ഐഡന്റിറ്റിയില്ലാത്തവനെന്നായിരുന്നു ദുല്‍ഖര്‍ നേരിട്ട അധിക്ഷേപം. രൂപത്തിന്റെ പ്രത്യേകതകള്ക്കൊണ്ടാണ് ധനുഷ് അധിക്ഷേപിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന കേന്ദ്ര ബിന്ദുക്കളായി അവര്‍ മാറി. അവരുടെ ജീവിതം ഇങ്ങനെ.
കൂക്കി വിളിയില്‍ നിന്നും ക്രൗഡ് പുള്ളര്‍
വര്‍ഷം 2012, ആദ്യ സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞ് കോഴിക്കോട് ദേവഗിരി കോളേജില്‍ മലയാള മനോരമയുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ അവിടെ എത്തുമ്പോള്‍ മമ്മൂട്ടി എന്ന താരപുത്രന്റെ മകന് ഉദ്ഘാടനത്തിനെത്തുന്നു എന്ന പ്രതീതി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മമ്മൂട്ടി-ലാലേട്ടന് ആരാധകരുടെ മുദ്രാവാക്യം വിളികളാല്‍ മുഖരിതമായിരുന്നു അവിടം. എന്നാല്‍ ദുല്‍ഖറിന്റെ മുഖത്തെ ചിരി മാഞ്ഞില്ല. പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു- ‘മനോരമയുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലിന്റെ ഉദ്ഘാടനം ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. മമ്മൂക്ക-ലാലേട്ടന് മുദ്രാവാക്യം വിളി മത്സരം എനിക്ക് ഇഷ്ടപ്പെട്ടു. എന്നെ ക്ഷണിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.’ ഇത് പഴങ്കത.
ഇത് വര്‍ഷം 2023, ‘ദുല്‍ഖറിന്റെ കിങ് ഓഫ് കോത്ത’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി കോടിക്കണക്കിനു വരുന്ന ആരാധകര്‍ കാത്തിരിക്കുകയാണ്. മമ്മൂട്ടി എന്ന താരത്തിന്റെ മകന് എന്ന ലേബല്‍ മാത്രമായിരുന്നു 2012ലെ സംഭവത്തിനു കാരണമെങ്കില്‍ 11 വര്‍ഷം പിന്നിടുമ്പോള്‍ ദുല്‍ഖര്‍ ഇതുവരെ അഭിനയിച്ചത് 34 സിനിമകളിലാണ്. താരപുത്രന് എന്ന പ്രിവിലേജ് ഉപയോ?ഗിച്ചായിരുന്നില്ല ദുല്‍ഖറുടെ വളര്‍ച്ച. ഇത്രയും കാലത്തിനിടെ നാല് ഇന്ത്യന്‍ ഭാഷകളില്‍ ദുല്‍ഖറിന് കാലുറപ്പിക്കാനായി.
പ്രമുഖരായ സംവിധായകരുടെ ചിത്രങ്ങളില്‍ അനന്തമായ സാധ്യതകളുണ്ടായിട്ടും ‘സെക്കന്റ് ഷോ’ എന്ന ഒരു സാധാരണ സിനിമയിലൂടെയാണ് ദുല്‍ഖറുടെ വരവ്. മലയാള സിനിമ കാര്യമായ പരിവര്‍ത്തനത്തിലൂടെ കടന്നു പോകുന്ന കാലത്താണ് ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്‍ഡ് ഷോ (2012) പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെ ക്രിമിനല്‍ സംഘങ്ങളുടെ കഥ പറയുന്ന പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.. മണല്ക്കടത്തുകാരന്റേതായിരുന്നു ദുല്‍ഖറുടെ വേഷം. ദുല്‍ഖറിനൊപ്പം സണ്ണിവെയ്ന്, ഗൗതമി നായര്‍ എന്നിവരെക്കൂടി ചിത്രം പരിചയപ്പെടുത്തി. ഇതേ വര്‍ഷം അന്‍വര്‍ റഷീദിന്റെ ‘ഉസ്താദ് ഹോട്ടലി’ലൂടെയും രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത തീവ്രത്തിലൂടെയും ദുല്‍ഖര്‍ കൂടുതല്‍ പ്രിയങ്കരനായി മാറുന്നതാണ് കണ്ടത്.
പിന്നാലെ എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, ഒ കാതല്‍ കണ്മണി, കമ്മട്ടിപ്പാടം, അങ്ങനെ ദുല്‍ഖറിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ച എത്രയെത്ര ചിത്രങ്ങള്‍.
വലിയ പ്രൊമോഷനുകളൊന്നും ഇല്ലാതെയാണ് ദുല്‍ഖര്‍ ഇവിടെ വരെ എത്തിയത് എന്നു കാണാം. ‘കുറുപ്പ്’ ഒഴികെ ദുല്‍ഖര്‍ നായകനായെത്തിയ മറ്റെല്ലാ സിനിമകളും ബിഗ് ബജറ്റ് മൂവികളെന്ന് പറയാനൊക്കില്ല. സ്ക്രീനിലും പുറത്തും ജനങ്ങളോട് സംവദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുകൊണ്ടു മാത്രമാണ് ദുല്‍ഖര്‍ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായി മാറുന്നത്.
ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകനായതുകൊണ്ട് സിനിമയിലേക്കുള്ള കടന്നുവരവില്‍ നെപ്പോട്ടിസം ആരോപിച്ചാല്‍ മറുത്തു പറയാനാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകളിലൊന്നും പിതാവിന്റെ സ്വാധീനം കാണാനാവില്ല. 2012ല്‍ അപമാനം നേരിടേണ്ടി വന്നെങ്കില്‍ 2023 ആയപ്പോഴേക്കും ക്രൗഡ് പുള്ളറായും പാന്‍ ഇന്ത്യന്‍ താരമായും ദുല്‍ഖര്‍ വളര്‍ന്നു. ഇന്ന് സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയും വിതരണ കമ്പനിയും ദുല്‍ഖറിന് സ്വന്തമായുണ്ട്.
കനല്‍വഴി താണ്ടിയ ധനുഷ്
അഭിനയത്തില്‍ താല്പര്യം ഇല്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത്. അന്ന് വര്‍ഷം 2002. 16-ാം വയസിലായിരുന്നു ഇത്. കസ്തൂരി രാജ സംവിധാനം ചെയ്ത ‘തുള്ളുവതോ ഇളമൈ’ ആയിരുന്നു ആദ്യ ചിത്രം. സിനിമ വിജയം കണ്ടെങ്കിലും ധനുഷിന് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നു. സിനിമാ മാസികകള്‍ അടക്കം അദ്ദേഹത്തെ പരിഹസിച്ചു. പിന്നീട് ‘പുതുപ്പേട്ടൈ’, ‘പൊല്ലാതവന്’, ‘യാരടി നീ മോഹിനി’ അങ്ങനെ ഹിറ്റുകളുടെ തുടര്‍ച്ച.
പുതുപ്പേട്ടൈ എന്ന ചിത്രത്തിലെ ധനുഷിന്റെ പ്രകടനം വിസ്മരിക്കാനാകുന്നതല്ല. കളിയാക്കലുകള്‍ക്ക് ഇട നല്കിയ അതേ ശരീരംകൊണ്ടായിരുന്നു ധനുഷിന്റെ പ്രകടനം. കൊക്കി കുമാര്‍ എന്ന കഥാപാത്രത്തെ സിനിമാസ്വാദകര്‍ ഒരിക്കലും മറക്കാനിടയില്ല.
2011-ല്‍ പുറത്തിറങ്ങിയ ‘ആടുകളം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം തേടിയെത്തി. മികച്ച നടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടന് എന്ന ഖ്യാതിയാണ് ധനുഷിന് ഇതോടെ സ്വന്തമായത്. 2013-ല്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തി. ‘രാഞ്ജാന’ എന്ന ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ സൗന്ദര്യത്തെ ചൊല്ലിയുള്ള കളിയാക്കലുകള്‍ ധനുഷ് നേരിട്ടു. ആക്ഷന്‍ സിനിമകളും അല്ലാത്ത സിനിമകളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കരുത്തുള്ള നടനാണ് ധനുഷ്. 2019-ല്‍ പുറത്തിറങ്ങിയ ‘അസുരനിലെ’ വേഷം ശ്രദ്ധേയമായി. ‘അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറും’ ‘എന്ഡ്ഗെയിമും’ സംവിധാനം ചെയ്ത ‘ദ ഗ്രേമാനി’ലൂടെ ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം നടത്തി. സ്വപ്രയത്നംകൊണ്ടു മാത്രമാണ് ധനുഷിന് ഈ അവസരങ്ങളൊക്കെയും ലഭിച്ചത്.
നടന് എന്നതിലുപരി പാട്ടുകാരനായും ധനുഷ് തിളങ്ങിയിട്ടുണ്ട്. ‘ത്രീ’ എന്ന സിനിമയ്ക്കു വേണ്ടി പാടിയ ‘വൈ ദിസ് കൊലവെറി’ യൂട്യൂബില്‍ 100 ദശലക്ഷം കാഴ്ചക്കാരെ നേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമായി മാറി. ഇന്ന് വണ്ടര്‍ബാര്‍ ഫിലിംസ് എന്ന പേരില്‍ നടന് ഫിലിം പ്രൊഡക്ഷന്‍ കമ്പനികൂടിയുണ്ട്. ശരീരത്തിന്റെ പ്രത്യേകതകൊണ്ട് ഇനി സിനിമകളുണ്ടാകില്ലെന്ന തോന്നലിനെ അവഗണിച്ച് അതിജീവിച്ച നടന് കൂടിയാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ‘ബ്രൂസ് ലീ’ ധനുഷ്. അതുകൊണ്ടുതന്നെ ഇന്ന് ലോകം അറിയപ്പെടുന്ന രീതിയിലേക്ക് ധനുഷ് എന്ന വെങ്കിടേഷ് പ്രഭു വളര്‍ന്നു നില്ക്കുന്നു.
Recent Comments