വാണി വിശ്വനാഥിനെ വിളിക്കുമ്പോള്‍ അവര്‍ ചെന്നൈയില്‍നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെടാനുള്ള തിരക്കുകളിലായിരുന്നു. മകന് അദ്രി ഇപ്പോള്‍ തൃശൂരിലെ വീട്ടിലാണുള്ളത്. അവനോടൊപ്പം ചില ക്ഷേത്രങ്ങളില്‍ പോകാമെന്ന് ഏറ്റിരുന്നു. ഷൂട്ടിംഗ് തിരക്കുകാരണം അതിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍നിന്ന് എത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. വന്നതിന് പിന്നാലെ സംഗീതസംവിധായകന് ഇമ്മന്റെ വിവാഹ റിസപ്ഷനിലും പങ്കുകൊണ്ടു. അതിനുശേഷം തൃശൂരിലേയ്ക്ക് യാത്ര പുറപ്പെടാനിറങ്ങുമ്പോഴാണ് ഞങ്ങളുടെ ഫോണ്‍കോള്‍ അവരെ തേടിയെത്തുന്നതും.
‘നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു തെലുങ്ക് ചിത്രത്തില്‍ നായികാപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുര്ഗ്ഗയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു സാധാരണ വീട്ടമ്മയായിരുന്നു ദുര്‍ഗ്ഗയും. പിന്നീട് തന്റെ നാട്ടില്‍ നടക്കുന്ന ഒരു വലിയ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായി ദുര്‍ഗ്ഗ മാറുകയാണ്. വളരെ കരുത്തുള്ള സ്ത്രീകഥാപാത്രമാണ്. ഇത് എന്റെ 56-ാമത്തെ തെലുങ്ക് ചിത്രമാണ്. ഭാനുശങ്കറാണ് സംവിധായകന്. എന്റെ ജോഡിയായി അഭിനയിക്കുന്നത് വിനോദ് ആല്‍വയാണ്. വേറെയും അനവധി മുന്‍നിര താരങ്ങളുണ്ട്. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല. ഈ സിനിമയ്ക്ക് തൊട്ടുമുമ്പ് ജയജാനകി നായക എന്നൊരു തെലുങ്ക് ചിത്രത്തിലും ഞാന്‍ അഭിനയിച്ചിരുന്നു. അതിലൊരു അതിഥിവേഷമായിരുന്നു.’ വാണി കാന്‍ ചാനലിനോട് പറഞ്ഞു.
ശിവാജി ഗണേശന്റെ കൊച്ചുമകളായി അഭിനയിച്ചുകൊണ്ടാണ് വാണി വിശ്വനാഥ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്കിലെയും മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍ താരങ്ങളുടെ നായികയായി. കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്താണ് നടന് ബാബുരാജുമായുള്ള വിവാഹം. അതിനുശേഷം കുറച്ചുകാലം സിനിമയില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. 2006 ല്‍ ബല്‍റാം V/s താരാദാസ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ചിന്താമണി കൊലക്കേസ്, ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ബാബുരാജിനോടൊപ്പമുള്ള ദി ക്രിമിനല്‍ ലോയറാണ് വാണി കമ്മിറ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ മലയാളചിത്രം. അതിന്റെ ഷൂട്ടിംഗ് അടുത്തമാസം തിരുവനന്തപുരത്ത് ആരംഭിക്കും.
ടി.വി. ചന്ദ്രന് സംവിധാനം ചെയ്ത സൂസന്ന എന്ന ചിത്രത്തിലെ പ്രകടനത്തെ മുന്‍നിര്‍ത്തി മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും വാണി വിശ്വനാഥിന് ലഭിച്ചിട്ടുണ്ട്.
Recent Comments